പദ്ധതി കരാര്‍ ചൊവ്വാഴ്ച ഒപ്പുവയ്ക്കും

തിരുവനന്തപുരം: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭകളും വികസന അതോറിറ്റികളും പാര്‍ട്ണര്‍ കേരള മിഷനുമായുണ്ടാക്കുന്ന കരാര്‍ മാര്‍ച്ച് 24 ന് ഒപ്പുവെയ്ക്കും. രാവിലെ പത്തിന് മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് നഗരസഭകളുടെ വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന സുപ്രധാനമായ കരാറുകള്‍ ഒപ്പുവെയ്ക്കുന്നത്. പദ്ധതികളുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസറായ കിറ്റ്‌കോയും പാര്‍ട്ണര്‍ കേരള മിഷനും തമ്മിലുള്ള കരാറും നാളെ ഒപ്പുവെയ്ക്കും. ഈ രണ്‍് കരാറുകളും യോഗ്യതാ നിര്‍ണ്ണയ അപേക്ഷയും (ആര്‍എഫ്ക്യു) സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്‍്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നഗരസഭകളില്‍ വികസന പദ്ധതികള്‍ കൊണ്ടുവരുന്നതിനായി നഗരകാര്യ വകുപ്പ് തയ്യാറാക്കിയ പദ്ധതി ഇതോടെ പ്രായോഗിക ഘട്ടത്തിലേക്ക് കടന്നു. 28 നഗരസഭകള്‍, കൊല്ലം, കോഴിക്കോട് വികസന അതോറിറ്റികള്‍, വിശാല കൊച്ചി വികസന അതോറിറ്റി എന്നിവയില്‍നിന്നായി 2000 കോടി രൂപയുടെ 41 പദ്ധതികള്‍ക്കാണ് സാധ്യതാ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.450 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന തൃശൂരിലെ ശക്തന്‍ നഗര്‍ വികസന പദ്ധതിയാണ് ഈ സംരംഭത്തിലെ ഏറ്റവും വലിയ പദ്ധതി. വിവിധ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഒട്ടേറെ സ്വകാര്യ സംരംഭകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്‍്. സംസ്ഥാനത്തെ നഗരങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് നഗരകാര്യ വകുപ്പ് രൂപരേഖ തയ്യാറാക്കിയത്. ഇതനുസരിച്ച് കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നിക്ഷേപസംഗമം നടത്തിയിരുന്നു. 3900 കോടി രൂപയുടെ പദ്ധതികള്‍ക്ക് അന്ന് സ്വകാര്യ സംരംഭകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോള്‍ 41പദ്ധതികള്‍ ആരംഭിക്കുന്നത്. ബസ് സ്റ്റാന്റുകള്‍, സ്ലോട്ടര്‍ ഹൗസുകള്‍, ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍, ഫ്‌ളൈ ഓവറുകള്‍,ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങള്‍, മാലിന്യ സംസ്‌കരണ പദ്ധതികള്‍ തുടങ്ങി പൊതുജനത്തിന് നേരിട്ട് ആവശ്യമായ പദ്ധതികളാണ് പാര്‍ട്ണര്‍ കേരളവഴി നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ രണ്ടുമാസത്തിനകം തുടങ്ങും. പിപിപി പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവെയ്ക്കുന്ന ചടങ്ങില്‍ നഗരകാര്യ, ന്യൂനപക്ഷ ക്ഷേമവകുപ്പുമന്ത്രി മഞ്ഞളാംകുഴി അലി ആധ്യക്ഷ്യം വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരും സംബന്ധിക്കും.

 

Add a Comment

Your email address will not be published. Required fields are marked *