പണം വാരി ഭിക്ഷാടന മാഫിയ

ഷിന്റോ കണംങ്കൊമ്പില്‍
ചെറുതോണി : വേഷത്തില്‍ ദരിദ്രരെങ്കിലും വരുമാനത്തില്‍ സമ്പന്നരാണ്‌ ജില്ലയിലെ യാചകര്‍. ജില്ലയില്‍ 1000 യാചകരെങ്കിലും ഉണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. ഇതില്‍ 30 ശതമാനത്തോളം കുട്ടികളാണ്‌. എന്നാല്‍ ഇവര്‍ സമ്പാദിക്കുന്ന തുകയോ വളരെ വലുതാണ്‌. ഒരു കുട്ടിയാചകന്‍ 300 മുതല്‍ 500 രൂപവരെ ഒരു ദിവസം സമ്പാദിക്കും. മുതിര്‍ന്നവര്‍ 800 മുതല്‍ 1000 രൂപവരെയാണ്‌ സമ്പാദിക്കുക. ഒരുദിവസം ഇവരെല്ലാംകൂടി മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ സമ്പാദിക്കുമെന്നാണ്‌ പോലീസ്‌ കണക്കുകളില്‍ പറയുന്നത്‌. ഇവര്‍ക്ക്‌ പഴയ പിച്ചച്ചട്ടികളുമായുള്ള ഭിക്ഷാടനത്തിന്റെ കാലം പഴങ്കഥ മാത്രം. മുഷിഞ്ഞ വേഷവും വക്കുപൊട്ടിയ പാത്രവും കീറിയ തുണിക്കഷണങ്ങളും തോളിലെ ഭാണ്ഡക്കെട്ടുകളുടെ അകമ്പടിയുമെല്ലാം അഞ്ചെട്ട്‌ വര്‍ഷം മുമ്പുള്ള കഥ. ഇന്ന്‌ രീതി മാറി നല്ല വേഷവിധാനം, ഭിക്ഷാടനം കൈനീട്ടിയാണ്‌. നല്ല വരുമാനമാര്‍ഗമായതിനാല്‍ പലരും പാര്‍ട്ട്‌ ടൈം ജോലിയായി ഭിക്ഷാടനംകൊണ്ടു നടക്കുന്നുണ്ട്‌. രാവിലെ പത്തുമുതല്‍ വൈകിട്ട്‌ അഞ്ചുവരെയാണ്‌ ഇവര്‍ ഇതിനായി സമയം ചിലവഴിക്കുന്നത്‌. ഇവരെ നിയന്ത്രിക്കുന്നതിന്‌ ജില്ലയില്‍ വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ലോറികളിലും വലിയ വാഹനങ്ങളിലും ഇവരെ ഉത്സവപ്പറമ്പുകള്‍, പള്ളിപ്പെരുനാള്‍ സ്‌ഥലങ്ങള്‍, ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന ഇടങ്ങളില്‍ എത്തിക്കുകയാണ്‌ പതിവ്‌. രാവിലെ മുതല്‍ വൈകിട്ടുവരെ സമ്പാദിക്കുന്ന തുക ഇവരെ എത്തിക്കുന്ന മാഫിയ ശേഖരിക്കും. ഇവര്‍ക്ക്‌ വളരെ തുച്‌ഛായ തുക മാത്രമാണ്‌ നല്‍കുക. വൈകുന്നേരങ്ങളില്‍ ഒരു സ്‌ഥലത്ത്‌ ഒത്തുചേരുന്ന ഇവര്‍ അവിടെ തമ്പടിക്കും. കൂടുതലായും ബസ്‌റ്റാന്‍ഡുകള്‍, കടത്തിണ്ണകള്‍ എന്നവിടങ്ങളിലാണ്‌ ആശ്രയം. രാത്രിയായാല്‍ മദ്യപാനവും കഞ്ചാവും ഇവരുടെ പതിവാണ്‌. രണ്ടു മൂന്നു മാസത്തില്‍ കൂടുതല്‍ ഇവര്‍ ഒരു പ്രദേശത്ത്‌ തങ്ങുകയില്ല. തുടര്‍ന്ന്‌ ഇവര്‍ അടുത്ത സ്‌ഥലംതേടി പോകും. രാവിലെ ഒരു സ്‌ഥലത്ത്‌ ഒത്തുകൂടുമ്പോള്‍ ഏതൊക്കെ മേഖലയിലാണ്‌ ഇവര്‍ ഭിക്ഷാടനത്തിന്‌ പോകുന്നതെന്നും ആരൊക്കെ പോകുന്നുവെന്നും വ്യക്‌തമായ ധാരണയുണ്ടാക്കും. സാധാരണ ഗതിയില്‍ ഒരാളുടെ മേഖലയില്‍ മറ്റൊരാള്‍ കടന്നുചെല്ലുകയില്ല. വികലാംഗരായവര്‍, അന്ധര്‍, കൈയ്‌ക്കും കാലിനും സ്വാധീനക്കുറവുള്ളവര്‍, അംഗവൈകല്യം സംഭവിച്ചവര്‍, ശരീരത്തിലെ വൃണങ്ങളും മുറിവുകളുമുള്ളവര്‍ എന്നിങ്ങനെ പലതരത്തിലുള്ള ഗ്രൂപ്പുകളായിട്ടാണ്‌ ഇവര്‍ ഭിക്ഷാടനത്തിന്‌ ഇറങ്ങുന്നത്‌. ഇവരെ എത്തിക്കുന്ന മാഫിയ ഇവര്‍ക്ക്‌ വ്യക്‌തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കും. നിശ്‌ചയിക്കുന്ന തുക വൈകുന്നേരത്തോടെ യാചകര്‍ സമ്പാദിച്ചിരിക്കണം. ഇല്ലെങ്കില്‍ അടിമുതലുള്ള ശിക്ഷാ നടപടികള്‍ കൈകൊള്ളും. യാചകരില്‍ ക്രിമിനല്‍ പശ്‌ചാത്തലമുള്ളവര്‍, കുട്ടികളെ ദുരുപയോഗിക്കുന്നവര്‍,മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ തുടങ്ങി പലതരത്തിലുളള അടിപടി കേസുകളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ വരെയുണ്ട്‌. കൂടുതലായും ടൂറിസ്‌റ്റു കേന്ദ്രങ്ങള്‍ വഴിയാണ്‌ ഭിക്ഷാടനം നടക്കുന്നത്‌. വിനോദ സഞ്ചാരികളിലും മധുവിധു ആഘോഷിക്കാനെത്തുന്നവരിലും ഇവര്‍ കൂടുതലായും ശ്രദ്ധചെലുത്തും. ഒരാളെകാണുമ്പോള്‍ ഏതുതരത്തില്‍ സമീപിക്കണമെന്നും ഏതെല്ലാം ട്രിക്കുകള്‍ ഉപയോഗിക്കണമെന്നും ഇവര്‍ക്ക്‌ വ്യക്‌തമായി അറിയാം. കൂടുതലായും ഭക്ഷണത്തേക്കാള്‍ ഉപരി പണമായി വാങ്ങാനാണ്‌ ഇവര്‍ ഇഷ്‌ടപ്പെടുന്നത്‌. കുട്ടികളെ ഉപയോഗിച്ച്‌ എന്തെങ്കിലും തരത്തിലുള്ള ഭിക്ഷാടനം നടത്തിയാല്‍ അതിനെതിരെ ജില്ലയില്‍ സംവിധാനങ്ങളുണ്ട്‌. എന്നാല്‍ ഭിക്ഷാടന മാഫിയകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനങ്ങളില്ലായെന്നത്‌ വസ്‌തുതയാണ്‌. ജില്ലാ ഭരണകൂടത്തിന്‌ നേതൃത്വം നല്‍കുന്ന കലക്‌ടറാണ്‌ ഇതിനെതിരെ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്‌. 

Add a Comment

Your email address will not be published. Required fields are marked *