പകര്‍ച്ചവ്യാധി തടയാന്‍ കര്‍മപദ്ധതി

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ടുന്ന കര്‍മ്മ പദ്ധതികള്‍ക്ക് അന്തിമ രൂപമായി.ജില്ലാകലക്ടറുടെ ചാര്‍ജ്ജ് വഹിക്കുന്ന എ.ഡി.എം വി.ആര്‍. മോഹനന്‍പിള്ളയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം പദ്ധതിക്ക് അംഗീകാരം നല്‍കുകയും അടിയന്തിര നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ജനുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നീണ്ടു നില്‍ക്കുന്ന ഒന്നാം ഘട്ടത്തില്‍ കൊതുക് നിര്‍മ്മാര്‍ജ്ജനം, മാലിന്യ സംസ്‌കരണം തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മെയ് ഒന്ന് മുതല്‍ ജൂലൈ 30 വരെയുള്ള രണ്ടാം ഘട്ടത്തില്‍ ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ നിരീക്ഷണവും , നിയന്ത്രണവും, രോഗബാധിതര്‍ക്കുള്ള ചികിത്സ, കുടിവെള്ള സ്രോതസുകളുടെ ശുദ്ധീകരണവും ക്ലോറിനേഷനും നടപ്പാക്കുന്നതാണ്. സെപ്തംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള സമയത്ത് എലിപ്പനി പ്രതിരോധവും നിയന്ത്രണവും കൊതുക്ജന്യ രോഗങ്ങളുടെ നിയന്ത്രണവും നിരീക്ഷണവും കാര്യക്ഷമമാക്കും.മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യവകുപ്പിനോടൊപ്പം പഞ്ചായത്ത് വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷവും സഹകരണം ജനപ്രതിനിധികളിള്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ജെ അലോഷ്യസ് അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് തലവന്‍മാരുടെയും സംയുക്ത യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ബിജിമോള്‍ എം.എല്‍.എ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനില്‍ വി, ആയുര്‍വ്വേദ- ഹോമിയോ ഡി.എം.ഒമാര്‍, മുന്‍സിപ്പല്‍ ഹെല്‍ത്ത് അതോറിറ്റി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-1, ജില്ലാ മാസ് മീഡിയ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *