പകര്‍ച്ചവ്യാധിക്കെതിരെ ശക്തമായ പ്രവര്‍ത്തനത്തിന്‌ നിര്‍ദേശം:പരിശോധനകള്‍ കര്‍ശനമാക്കും

കൊച്ചി: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‌ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഇതിന്‌ വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ജില്ല കളക്ടര്‍ എം ജി രാജമാണിക്യം നിര്‍ദേശം നല്‍കി. ഇതേക്കുറിച്ചാലോചിക്കാന്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എലിപ്പനി, ഡെങ്കിപനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിന്‌ മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. ചൂട്‌ കൂടിവരുന്ന അവസരത്തില്‍ തെരുവുകളില്‍ കുലുക്കി സര്‍ബത്ത്‌, കരിമ്പിന്‍ ജൂസ്‌ തുടങ്ങി പലവിധ ശീതളപാനീയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ തയാറാക്കി വില്‍ക്കുന്നുണ്ട്‌. ഇതിനുപയോഗിക്കുന്ന ഐസിന്റെ ഗുണമേന്‍മയും ശ്രദ്ധിക്കേതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷണശാലകളില്‍ ഫുഡ്‌ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തണം. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം, രജിസ്‌ട്രേഷന്‍, ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം എന്നിവ ഉറപ്പാക്കി അവരുടെ താമസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും രോഗനിരീക്ഷണം, കൊതുകുനശീകരണം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ലേബര്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പിലാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.
ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ഓടകളുടെ സീവേജ്‌ പൈപ്പുകള്‍ കുടിവെള്ളവുമായി കലരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന്‌ അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ്‌ മജിസ്‌ട്രേറ്റ്‌ ബി രാമചന്ദ്രന്‍ പറഞ്ഞു. വെള്ളം ശേഖരിക്കുന്ന വീടുകളില്‍ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണം.

സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി പ്രവര്‍ത്തകരുടെയും ഹെല്‍പ്പര്‍മാരുടേയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക്‌ പ്രതിരോധ കുത്തിവെയ്‌പ്പ്‌, അമ്മമാര്‍ക്ക്‌ ബോധവല്‍ക്കരണവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹൗസ്‌ സര്‍ജന്‍മാരുടെയും പിജി വിദ്യാര്‍ത്ഥികളുടെയും സേവനം നിലനിര്‍ത്തണമെന്ന്‌ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ്‌ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന്‌ പേപ്പട്ടികളുടെ നിയന്ത്രണം ഉറപ്പാക്കുക, മൃഗങ്ങള്‍ക്ക്‌ വാക്‌സിനേഷന്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു. രോഗപ്രതിരോധ നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തിലും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ആരോഗ്യബോധവല്‍ക്കരണവും പരിശീലനവും നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ വകുപ്പ്‌ മേധാവികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹോമിയോ ഡിഎംഒ ഡോ.എസ്‌ അമൃതകുമാരി, ആയുര്‍വേദ ഡിഎംഒ ഡോ.എം.എസ്‌ റസിയ, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *