നൈജീരിയന്‍ സ്വദേശി വിശാല മയക്കുമരുന്നു ശൃംഖലയിലെ പ്രമുഖന്‍

ജിബി സദാശിവന്‍

കൊച്ചി (ഹിന്ദുസ്ഥാന്‍ സമാചാര്‍): കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ  ഒക്കോവ ചിഗോസി കോളിന്‍സ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെന്ന് സൂചന. പൂനെയില്‍ മയക്കുമരുന്നു വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മഹാരാഷ്ട്രയിലെ ആന്റി നാര്‍ക്കോട്ടിക് സെല്‍ കേസെടുത്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇയാളുള്‍പ്പെട്ട മയക്കുമരുന്നു ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഒക്കോവയെ വിശദമായ ചോദ്യം ചെയ്യലിനായി പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ഫ്രാങ്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒക്കോവ ചിഗോസിയെ രേഷ്മ രംഗസ്വാമിയും ബ്ലെസി സില്‍വസ്റ്ററും പരിചയപ്പെടുന്നത് ഡിസംബര്‍ അവസാനം ഗോവയിലെ ആരംബോള്‍ ബീച്ചില്‍ വെച്ചാണ്. അന്ന് ഇയാളില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയ ഇരുവരും ഫോണ്‍ നമ്പര്‍ വാങ്ങിയാണ് പിരിഞ്ഞത്. പിന്നീട് ഒരു മാസത്തിന് ശേഷം ഇയാളെ ഫോണില്‍ ബന്ധപ്പെട്ടാണ് കൊക്കെയ്ന്‍ ഇവിടേക്ക് എത്തിച്ചത്. ജനുവരി 30ന് സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിയ ഒക്കോവ ചിഗോസി രേഷ്മക്കും ബ്ലെസിക്കുമൊപ്പം കടവന്ത്രയിലെ നിസാമിന്റെ ഫ്ഌറ്റില്‍ എത്തി ഭക്ഷണം കഴിഞ്ഞാണ് മടങ്ങിയത്.

കാറില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഫഌറ്റിലേക്ക് ഇവരെ എത്തിച്ച ആളുടെ മൊഴിയില്‍ നിന്നാണ് പോലീസിന് പ്രതിയെക്കുറിച്ച് ആദ്യ സൂചന ലഭിക്കുന്നത്. റെയില്‍വെ സ്‌റ്റേഷനില്‍ നി്ന്ന് സ്വീകരിച്ചു കൊണ്ടുവന്ന ആളെക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ ഹൈദ്രബാദ് സ്വദേശി അലി എന്നയാളാണെന്നാണ് രേഷ്മയും ബ്ലെസിയും പറഞ്ഞത്. എന്നാല്‍ റെയില്‍വെ സ്റ്റേഷനിലെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ എത്തിയത് ആഫ്രിക്കന്‍ വംശജനാണെന്ന് പോലീസിന് ബോധ്യമായി. പിന്നീട് പ്രതികളുടെ ഫോണിലേക്കുള്ള വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഫ്രാങ്കോ എന്നയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ തേടി സെന്‍ട്രല്‍ സി ഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള ആറംഗ പോലീസ് സംഘം തിങ്കളാഴ്ച ഗോവയിലേക്ക് തിരിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍,റഫീഖ്, ജോയികുമാര്‍, അനില്‍കുമാര്‍, ഷാജി, മനോജ്കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തുടര്‍ന്ന് ലഹരി ആവശ്യമുണ്ടെന്നു പറഞ്ഞ് കോളിന്‍സുമായി ബന്ധപ്പെട്ടു. ഇതിനായി ലഹരി മാഫിയകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷ അന്വേഷണ സംഘം നേരത്തെ പിടിയിലായ പ്രതികളില്‍ നിന്നും മനസിലാക്കിയിരുന്നു. തുടര്‍ന്ന് ആവശ്യം അറിയിച്ചതനുസരിച്ച് കോളിന്‍സ് സ്‌കൂട്ടറില്‍ എത്തിയെങ്കിലും സംശയം തോന്നിയതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പൊലീസ് നോര്‍ത്ത് ഗോവയിലെ ചേപ്പേടം എന്ന സ്ഥലത്തു നിന്നാണ് കോളിന്‍സിനെ പിടികൂടിയത്. കോളനിയിലെ നൈജീരിയക്കാരെ നേരിടാന്‍ ഗോവ പൊലീസിലെ ആന്റി നാര്‍കോട്ടിക് സെല്ലിന്റെ സഹായവും പൊലീസ് തേടിയിരുന്നു. ഇയാളുടെ താമസ സ്ഥലത്തു നിന്നും75000രൂപയും പാസ്‌പോര്‍ട്ടും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മയക്കു മുരുന്നു കച്ചവടത്തിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് കോളിന്‍സ് ഗോവയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. നൈജീരിയക്കാര്‍ തിങ്ങി പാര്‍ക്കുന്ന നോര്‍ത്ത് ഗോവയില്‍ പ്രതിദിനം25,000രൂപക്കു മേല്‍ വാടക നല്‍കുന്ന വീട്ടിലായിരുന്നു ഇയാളുടെ താമസം. ഗോവയില്‍ മെഡിക്കല്‍ പരിശോധന നടത്തുമ്പോള്‍ താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് ഡോക്ടറോട് പറഞ്ഞെങ്കിലും പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇതേക്കുറിച്ച് വിശദമായ പരിശോധന നടക്കാനിരിക്കുന്നതേയുള്ളൂ.2012ലാണ് ഗോവയില്‍ എത്തുന്നത്. മയക്കുമരുന്നു വില്‍പനക്കു പുറമേ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി സംശയിക്കുന്നു.

 

Add a Comment

Your email address will not be published. Required fields are marked *