നൈജീരിയക്കാരന്‍, കൊക്കെയ്ന്‍ കൈമാറിയത് കൊച്ചിയില്‍ വെച്ച്

കൊച്ചി- കൊച്ചിയില്‍ സ്‌മോക്കേഴ്‌സ് പാര്‍ട്ടിക്കിടെ പിടിയിലായവര്‍ക്ക് കൊക്കെയ്ന്‍ നല്‍കിയ നൈജീരിയക്കാരന്‍ അറസ്റ്റിലായി. ഒക്കോവ ചിഗോസി കോളിന്‍സ്(29) ആണ് പിടിയിലായത്. ബുധനാഴ്ച ദക്ഷിണ ഗോവയിലെ തീരപ്രദേശമായ ചോപ്‌ഡെമിലെ ഒരു റെസ്റ്റോറന്റിന് മുന്നില്‍ നിന്നാണ് എറണാകുളം സെന്‍ട്രല്‍ സി ഐ ഫ്രാന്‍സിസ് ഷെല്‍ബിയും സംഘവും ഗോവ പോലീസിലെ ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ഇയാള്‍ അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയാണെന്നാണ് സൂചന. കൊച്ചിയില്‍ കൊണ്ടുവന്ന കോളിന്‍സിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

ജനുവരി 30ന് ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയാണ് ഇയാള്‍ രേഷ്മക്കും ബ്ലെസി സില്‍വസ്റ്ററിനും കൊക്കെയ്ന്‍ കൈമാറിയത്. മംഗള എക്‌സ്പ്രസില്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിയ ഇയാളെ സ്വീകരിക്കാന്‍ രേഷ്മ സ്റ്റേഷനില്‍ ചെന്നിരുന്നു. കാറില്‍ വെച്ചായിരുന്നു കൊക്കെയ്ന്‍ കൈമാറ്റം. 42000 രൂപക്കാണ് പത്തു ഗ്രാം കൊക്കെയ്ന്‍ കൈമാറിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ എത്തിയ ഇയാള്‍ അന്ന് വൈകീട്ട് തന്നെ ഗോവയിലേക്ക് മടങ്ങുകയും ചെയ്തു. ഗോവയില്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്കു പോയപ്പോള്‍ ഫ്രാങ്കോ എന്നയാളില്‍ നിന്നാണ് കൊക്കെയ്ന്‍ വാങ്ങിയതെന്നാണ് ബ്ലെസിയും രേഷ്മയും പോലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പ്രതികളുമായി ഗോവയില്‍ പോയ പോലീസ് നിരാശരായി മടങ്ങിയിരുന്നു. എന്നാല്‍ കൊക്കെയ്ന്‍ കൊച്ചിയില്‍ എത്തിച്ചു കൊടുക്കുകയായിരുന്നുവെന്ന് പിന്നീടാണ് പോലീസിന് വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെ സി സി ടി വിയില്‍ നി്ന്നും ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ച പോലീസ് ഇതുമായാണ് പ്രതിയെ പടികൂടാനായി തിങ്കളാഴ്ച വീണ്ടും ഗോവയിലേക്ക് പോയത്. ഫോട്ടോ ഉപയോഗിച്ച് പ്രതിയെ നേരിട്ട് കണ്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നതോടെ ഗോവയിലെ ആന്റി നാര്‍ക്കോട്ടിക് സെല്ലിനെ സമീപിച്ചു. സെല്ലിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷിതാകാന്ത് നായിക്കും ദിനേഷ് ഗാഡേക്കറുമാണ് കൊച്ചി പോലീസിന്റെ സഹായത്തിനെത്തിയത്. ഇവര്‍ നടത്തിയ പരിശോധനയില്‍ ഫോട്ടോയില്‍ കാണുന്നയാള്‍  ഒക്കോവ ചിഗോസി കോളിന്‍സ് ആണെന്ന് വ്യക്തമായി. വിസാ കാലവധിക്കു ശേഷവും ഗോവയില്‍ താമസിച്ചതിന് നേരത്തെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതിനാലാണ് പോലീസിന് ഇയാളെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞത്. എന്നാല്‍ മയക്കുമരുന്നു കേസുകളിലൊന്നും ഇയാള്‍ ഇതുവരെയും പിടികൂടപ്പെട്ടിട്ടില്ല.

പ്രതിയെ തിരിച്ചറിഞ്ഞതോടെ പോലീസ് ഇയാളെ പിടികൂടാന്‍ കെണിയൊരുക്കി. പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ റസ്റ്റോറന്റിന് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്ന കോളിന്‍സിനെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോവയിലെ പേര്‍ണേം ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് കേരള പോലീസ് നല്‍കിയ അപേക്ഷയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി കസ്റ്റഡിയില്‍ വിട്ടു.

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കിംഗ്‌സ് ഗ്രൂപ്പ് ഉടമ നിഷാമിന്റെ കടവന്തറയിലെ ഫ്‌ലാറ്റില്‍നിന്നാണ് സഹസംവിധായിക ബ്ലെസി,ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോ, മോഡലുകളായ ടിന്‍സി, രേഷ്മ എന്നിവരെ പോലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ രക്തസാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന കോടതിയില്‍ തിരിച്ചടി നേരിട്ട കൊച്ചി പോലീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തിക്കൊണ്ടാണ് അന്വേഷണ സംഘം നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തത്.

Add a Comment

Your email address will not be published. Required fields are marked *