നേപ്പാള്‍ ദുരന്തം : മരണം 3,218
കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം3,218 ആയി. ആറായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് ഇന്ത്യാക്കാരാണ് നേപ്പാളിലെ ഭൂകന്പത്തിൽ മരിച്ചത്. ഇതിൽ നേപ്പാളിലെ ഇന്ത്യൻ എംബസി ജീവനക്കാരന്റെ മകളും ഉൾപ്പെടുന്നു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതിയും വാർത്താ വിനിമയ ബന്ധങ്ങളും തകരാറിലയതും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കി. അതിനിടെ ഇന്ന് രാവിലെ നേപ്പാളിൽ വീണ്ടും ഭൂകന്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തി. അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്നോ കാണാതായവർ എത്രയെന്നോ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഭക്ഷണത്തിനും മരുന്നിനും മറ്റും ക്ഷാമം അനുഭവപ്പെടുകയാണെന്ന് നേപ്പാളിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശരാജ്യങ്ങൾ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നു. 43 ടൺ ദുരിതാശ്വാസ സാധനങ്ങളാണ് ഉരാവിലെ ഇന്ത്യൻ വ്യോമസേന എത്തിച്ചു . നിരവധി രാജ്യങ്ങൾ നേപ്പാളിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ പശുപതി നാഥ ക്ഷേത്രത്തിന് സമീപം കൂട്ടത്തോടെ സംസ്കരിച്ചു തുടങ്ങി. നൂറു കണക്കിന് മൃതദേഹങ്ങൾ ഒരുമിച്ച് കൊണ്ടുവന്നതോടെ സംസ്കാരക്രിയകൾ നടത്തുന്നതിലും ആശയക്കുഴപ്പമുണ്ടായി. സംസ്കരിക്കാൻ ഇടം കിട്ടാത്ത ബന്ധുക്കൾ വലയുകയാണ് ക്ഷേത്രത്തിന് സമീപം അനുവദിച്ച വിശാലമായ സ്ഥലവും തികയാതെ വന്നതോടെ ശ്മശാനത്തിന് പുറത്ത് സംസ്കാരം നടന്നു വരികയാണ് .