വിഎസ് വോട്ടുചെയ്യുന്നത് എത്തിനോക്കി; ജി.സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍ വോട്ടുചെയ്യുന്നത് എത്തിനോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി.സുധാകരനെതിരെ കേസെടുത്തു. ആലപ്പുഴ എസ്പിയുടെ നിര്‍ദേശത്തില്‍ പുന്നപ്ര പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വോട്ടു ചെയ്യുന്നതിനിടെ ക്രമരഹിതമായി ഇടപെട്ടു. ബാലറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല. വോട്ടുചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. പോളിങ് ബൂത്തിലെ തെറ്റായ പ്രവൃത്തിയുടെ പേരിലാണ് കേസ്. സംഭവത്തില്‍ അടിയന്തരമായി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ആലപ്പുഴ എസ്പിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ.മാജി നിര്‍ദേശം നല്‍കിയിരുന്നു.

വി.എസ്.അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്നു പോളിങ് ബൂത്തിനുള്ളില്‍ കയറി നിരീക്ഷിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി.സുധാകരനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. പ്രിസൈഡിങ് ഓഫിസറുടെ അനുമതിയില്ലാതെ പോളിങ് ബൂത്തിനുള്ളില്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടരുതെന്ന ചട്ടം സുധാകരന്‍ ലംഘിച്ചെന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

16ന് വൈകിട്ടു 4.15ന് ആണു വി.എസ്.അച്യുതാനന്ദും ഭാര്യ വസുമതിയും അമ്പലപ്പുഴ മണ്ഡലത്തില്‍പ്പെട്ട പറവൂര്‍ ഗവ. സ്‌കൂളിലെ ബൂത്തില്‍ എത്തിയത്. മകന്‍ അരുണ്‍ കുമാറാണു വിഎസിനെ വോട്ടുചെയ്യാന്‍ സഹായിച്ചത്. ഇവര്‍ക്കൊപ്പം ബൂത്തില്‍ കടന്ന ജി. സുധാകരന്‍ വിഎസ് വോട്ടുചെയ്യുന്നതു നോക്കിയെന്നാണു പരാതി. തുടര്‍ന്നു വസുമതി വോട്ടുചെയ്യാന്‍ ഒരുങ്ങുമ്പോള്‍ എത്തിനോക്കുകയും രണ്ട് എന്നു പറയുകയും ചെയ്തുവെന്നും പരാതിയുണ്ട്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും സംഭവം കണ്ടില്ലെന്നാണു പ്രിസൈഡിങ് ഓഫിസറുടെ വിശദീകരണം. എന്നാല്‍ വി.എസ്.അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജി.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *