നീതികിട്ടാന്‍ പണച്ചെലവ്; നീതി നിര്‍വഹണത്തിലെ ദുരന്തം: വി.എസ്.
കൊച്ചി : സംസ്ഥാനത്തെ കോടതികളില്‍നിന്നു ജനങ്ങള്‍ക്കു നീതി കിട്ടാന്‍ കനത്ത ചെലവു വരുന്നുവെന്നു പ്രതിപക്ഷ നേതാവ്. അഭിഭാഷകര്‍ ലക്ഷങ്ങളാണ് ഫീസ് വാങ്ങുന്നതെന്നും ഇതു സാധാരണക്കാര്‍ക്കു താങ്ങാനാകുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫീസിന്റെ കാര്യത്തില്‍ വി.എസിന്റെ അഭിപ്രായത്തെ പിന്തുണച്ചെങ്കിലും സുപ്രീംകോടതിയില്‍ പാവപ്പെട്ടവരുടെ കേസുകള്‍ വാദിക്കാന്‍ നയാപൈസ വാങ്ങാത്ത അഭിഭാഷകരുണ്ടെന്നു ചടങ്ങില്‍ സംബന്ധിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ മറുപടി.
കനത്ത ഫീസ് വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകര്‍ക്കാണു കൂടുതല്‍ പരിഗണനയെന്നും ജൂനിയര്‍ അഭിഭാഷകര്‍ എത്ര കഷ്ടപ്പെട്ട് പഠിച്ച് വാദിച്ചാലും മുതിര്‍ന്ന അഭിഭാഷകന് വാദിക്കുന്ന പരിഗണന കോടതികളില്‍ അവര്‍ക്കു ലഭിക്കുന്നില്ലെന്നും വി.എസ്. പറഞ്ഞു. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള, എം.കെ. നമ്പ്യാര്‍ അക്കാദമി ഫോര്‍ കണ്ടിന്യൂയിങ് ലീഗല്‍ എഡ്യൂക്കേഷന്‍ ശിലാസ്ഥാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു വി.എസ്.
പൊതുതാല്പര്യമുള്ള ഒരു കേസിന്റെ നടത്തിപ്പിനായി പ്രഗത്ഭനായ ഒരു സുപ്രീംകോടതി അഭിഭാഷകനെ ബന്ധപ്പെട്ടപ്പോള്‍ 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ നമ്മുടെ രാജ്യത്തെ എത്ര പൗരന്മാര്ക്കു കഴിയുമെന്നും വി.എസ്. ചോദിച്ചു. ഇത് നീതി നിര്‍വഹണത്തിലെ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. പറയുന്നത് ശരിയാണെന്നും 60 ലക്ഷമല്ല, കോടികള്‍ തന്നെ പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ ഉണ്ടെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ പറഞ്ഞു. എം.കെ. നമ്പ്യാര്‍ നിയമ അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പാവപ്പെട്ടവരുടെ കേസ് വാദിക്കാനായി ഒരു രൂപ പോലും വാങ്ങാത്ത അഭിഭാഷകരും സുപ്രീം കോടതിയിലുണ്ട്.
വാദിക്കാന്‍ വക്കീല്‍ ഇല്ലെങ്കില്‍ കോടതിതന്നെ അഭിഭാഷകനെ നല്കുന്ന പതിവുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.