നിസാമിനെതിരെ ശക്തമായ നടപടി ; കാപ്പ ചുമത്തും: തൃശൂര്‍ പോലീസ് കമ്മിഷണര്‍ നിശാന്തിനി

മനോജ്‌ എട്ടുവീട്ടില്‍ തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗെയിറ്റ് തുറക്കാന്‍ വൈകിയതിനു സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി കാറിടിപ്പിച്ചും, മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാം അത്ര പെട്ടെന്ന് കേസില്‍ നിന്നും ഊരിപ്പോരില്ലെന്നു ഉറപ്പായി. നിസാമിനെതിരെ ഗുണ്ടാ നിയമമായ കാപ്പ ചുമത്തുമെന്നും, ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് കമ്മിഷണര്‍ ആര്‍,നിശാന്തിനി ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. ശക്തമായ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുക. കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കും.

പക്ഷെ അതിനു സമയമെടുക്കും. ഒരു പാട് നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട് . അതുകൊണ്ട് തന്നെ തിരക്കിട്ട നീക്കങ്ങള്‍ ഈ കേസില്‍ അസാധ്യമാണ്. ശാസ്ത്രീയമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ രീതിയിലുള്ള ഒരു തെളിവെടുപ്പിനാണ് ഞങ്ങള്‍ മുതിരുന്നത്. എല്ലാ ലൂപ്പ് ഹോളുകളും അടച്ചുള്ള ഒരു കുറ്റപത്രമാകും ഞങ്ങള്‍ സമര്‍പ്പിക്കുക. അതിനു സമയമെടുക്കും. അല്ലെങ്കില്‍ പ്രതി രക്ഷപ്പെടും.

നിശാന്തിനി ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. നിസാം കേസില്‍ രണ്ടാഴ്ച്ചയ്‌ക്കകം കുറ്റപത്രം സമര്‍പ്പിക്കാന്നാണ് തൃശൂര്‍ പോലീസ് ഒരുങ്ങുന്നത്. അത് ശക്തമായ കുറ്റപത്രവുമാകും എന്ന് കമ്മിഷണര്‍ നിശാന്തിനിയുടെ വാക്കുകളില്‍ നിന്ന് തന്നെ തെളിയുന്നു. രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ പ്രതി നിസാമിനു വിചാരണ കഴിഞ്ഞു വിധി വരുന്നത് വരെ ജയിലില്‍ തന്നെ കഴിയേണ്ടി വരും. അതിശക്തമായ ഫോറന്‍സിക് തെളിവുകളാണ് ഈ കേസില്‍ നിലനില്‍ക്കുന്നത്.

അത് പരമാവധി ഉപയോഗിച്ച് കുറ്റപത്രത്തിലെ പഴുതുകള്‍ അടച്ചാല്‍ നിസാം ഈ കേസില്‍ അകത്താകുകതന്നെ ചെയ്യും. ത്രിശൂര്‍ സൌമ്യ വധക്കേസ്, നിലമ്പൂര്‍ രാധാ വധക്കേസ് എന്നിവ പോലെ ഈ കേസും ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വന്നാല്‍ വിധിയും വൈകില്ല. പക്ഷെ അതിനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുകയും വേണ്ടി വരും. പുഷ്പം പോലെ താന്‍ കേസില്‍ നിന്നും ഊരിപ്പോരുമെന്നു നിസാം ജയിലില്‍ വച്ച് വീരവാദം മുഴക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. നിസാം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തൃശ്ശൂരിലെ പോലീസ് കമ്മിഷണര്‍ എന്ന നിലയില്‍ നിശാന്തിനി സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയാതതുകൊണ്ടാണന്നെ മനസിലാക്കാന്‍ കഴിയൂ. നിസാമിനെ ഒരു ഭരണകക്ഷി എം.എൽ.എയും കോൺഗ്രസ് നേതാവും ജയിലിൽ സന്ദർശിച്ചതായി ബാബു. എം. പാലിശേരി എം.എൽ.എ ഇന്നലെ ആരോപിച്ചിരുന്നു. ഇതും ഈ കേസില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം നിലനില്‍ക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *