നിരോധിക്കപ്പെട്ട ലഹരിമരുന്നുമായി യുവനടനടക്കം അഞ്ചുപേര്‍ പിടിയില്‍

കൊച്ചി* നിരോധിക്കപ്പെട്ട ലഹരിമരുന്നായ കൊക്കെയ്‌നുമായി യുവനടനടക്കം അഞ്ചുപേര്‍ പിടിയില്‍. നാലു മോഡലുകളും ഒരു അസിസ്റ്റന്റ് ഡയറക്ടറും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഷൈന്‍ ടോം ചാക്കോയാണ് പിടിയിലായത്. പത്ത് ഗ്രാം കൊക്കെയ്ന്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇതിന് പത്തുലക്ഷം രൂപയോളം വിലവരുമെന്നാണ് റിപ്പോര്‍ട്ട്. സഹസംവിധയികയായ ബ്ലെസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിലെ ട്രാവല്‍മാര്‍ട്ട് ഉടമ സ്‌നേഹ എന്നിവരാണ് പിടിയിലായ മറ്റുളളവര്‍.

കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിന്റെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇതിഹാസയിലെ നായകനാണ് പിടിയിലായ ഷൈന്‍ ടോം ചാക്കോ. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു പൊലീസ് റെയ്ഡ്. പിടിയിലായവര്‍ ഉപയോഗിച്ചു കഴിഞ്ഞിരുന്നതിന്റെ ബാക്കി ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. പിടിയിലായ അഞ്ചു പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് കൊക്കൈയ്ന്‍ ലഭിച്ചതെന്ന് വ്യക്തമല്ല. കൊച്ചിയില്‍ നടക്കുന്ന നിശാപാര്‍ട്ടികളില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. സിനിമാ രംഗത്തുള്ളവര്‍ ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *