നിയമസഭാ അക്രമം റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക്

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ബജറ്റ് ദിവസം നിയമസഭയിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മറ്റൊരു ദിശയിലേക്കു തിരിയുന്നു. സഭയിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പി.സദാശിവം രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമസഭയിലെ വീഡിയോ ദൃശ്യങ്ങളും, മാധ്യമവാര്‍ത്തകളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് നല്‍കുക. ബജറ്റ് ദിവസം സഭ തല്ലിതകര്‍ത്ത എംഎല്‍എ മാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സഭയില്‍ നടന്നത്. ഇത് ഗൌരവമായി കാണുന്നു. ഭരണഘടനയുടെ 356-ആം വകുപ്പ് പ്രകാരം നടപടിക്കു ശുപാര്‍ശ ചെയ്യാന്‍ തക്കവണ്ണം ഗൌരവമുള്ള കാര്യങ്ങളാണ് സഭയില്‍ നടന്നത്. ഗവര്‍ണ്ണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്താണ് കേരളാ നിയമസഭയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ടിവി ദൃശ്യങ്ങളിലൂടെ കണ്ടു സുപ്രീംകോടതി ജഡ്ജിമാര്‍ ആരാഞ്ഞതിനു പിന്നാലെയാണ് നടപടികളുമായി ഗവര്‍ണര്‍ കൂടി മുന്നോട്ടു വരുന്നത്. അതേസമയം ബജറ്റിന്റെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും ബജറ്റിനു അനുമതി നല്‍കിയതായി സ്പീക്കര്‍ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മാര്‍ച്ച് 31-നകം ധനാഭ്യര്‍ഥനകള്‍ പാസ്സക്കണമെന്നും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതിപക്ഷവും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണറെ കണ്ടിരുന്നു. സ്പീക്കറും ഗവര്‍ണര്‍ക്ക്‌ കത്ത് നല്‍കിയിരുന്നു. ഈ കത്തിനുശേഷമാണ് ബജറ്റ് അവതരണം ഗവര്‍ണര്‍ അംഗീകരിച്ചത്. ബജറ്റ് നിയമാനുസൃത രീതിയിലുള്ളതല്ലെന്നു പ്രതിപക്ഷം ഗവര്‍ണറെ കണ്ടു പരാതിപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ബജറ്റ് ചട്ടപ്രകാരം തന്നെയെന്നു മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഗവര്‍ണറെ കണ്ടു അറിയിച്ചത്. ഈ വിശദീകരണം തന്നെയാണ് ഗവര്‍ണര്‍ അംഗീകരിച്ചതും. എന്നാല്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ക്കെതിരെ നടപടി എടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്നും, അത്തരമൊരു തീരുമാനം സ്പീക്കറുടെ ഭാഗത്തുനിന്നു ഇതുവരെ വന്നില്ലെന്നും നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ങധരന്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. (മനോജ്‌

Add a Comment

Your email address will not be published. Required fields are marked *