നിയമസഭയിലെ അതിക്രമം

തിരുവനന്തപുരം ഹിന്ദുസ്ഥാൻ സമാചാർ: ബജറ്റ് ദിവസം സഭയിൽ അപമാനിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ജമീലാ പ്രകാശം സ്പീക്കർക്ക് നേരിട്ട് നല്കിയ പരാതിയിൽ സ്പീക്കർ നടപടി വൈകിക്കെ ഇക്കാര്യത്തിൽ വനിതാകമ്മിഷനെയും പോലീസിനെയും സമീപിക്കാൻ എൽഡിഎഫ് വനിതാ എംഎൽഎമാർ തീരുമാനിച്ചു. അഞ്ച് പേരും വെവ്വേറെയായാണ് പരാതി നല്‍കുക. ലൈംഗീകാതിക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടും. സ്പീക്കറില്‍ നിന്ന് നീതി ലഭിക്കില്ലെന്ന ഉറപ്പായ സാഹചര്യത്തിലാണ് പോലീസിന് പരാതി നല്‍കുന്നതെന്ന് എം.എല്‍.എ മാര്‍ പറഞ്ഞു.ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇന്ന് സംസ്ഥാന വനിതാ കമ്മീഷനേയും സമീപിക്കും. അതേസമയം നിയമസഭയ്ക്കുള്ളില്‍ അഞ്ച് പ്രതിപക്ഷ വനിതാ എം.എല്‍.എ.മാരെ കയ്യേറ്റം ചെയ്തുവെന്ന ഒരു പരാതി പോലീസ് സ്പീക്കര്‍ക്ക് കൈമാറി. സഭയ്ക്കുള്ളില്‍ നടന്ന സംഭവമായതിനാലാണ് പരാതി സ്പീക്കര്‍ക്ക് കൈമാറിയത്. ഡി.ജി.പി വഴിയാണ് പോലീസ് പരാതി സ്പീക്കര്‍ക്ക് അയച്ചത്. വനിതാ എം.എല്‍.എ മാരെ ആക്രമിച്ച ഷിബു ബേബി ജോണ്‍, കെ.ശിവദാസന്‍നായര്‍ എന്നിവര്‍ക്കെതിരെയും സംഭവം കണ്ടുനിന്നിട്ടും നടപടിയെടുക്കാത്ത സ്പീക്കര്‍ എന്‍.ശക്തനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.എച്ച് ഹഫീസാണ് പരാതി നല്‍കിയത്. എന്നാല്‍ സഭയ്ക്കുള്ളില്‍ നടന്ന സംഭവമായതിനാല്‍ കേസില്‍ തുടര്‍നടപടികള്‍ വേണമെങ്കില്‍ സ്പീക്കറുടെ അനുമതി ആവശ്യമായതിനാലാണ് പോലീസ് പരാതി സ്പീക്കര്‍ക്ക് കൈമാറിയത്.വനിതാ എം.എല്‍.എ.മാര്‍ മാര്‍ച്ച് 13ന് നല്‍കിയ പരാതികള്‍ അടിയന്തരമായി പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന് കത്തുനല്‍കിയിരുന്നു. നിയമസഭയുടെ വീഡിയോ-ഫോട്ടോ ദൃശ്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഈ ആക്രമണം സംബന്ധിച്ച പരാതി, സംഭവം നടന്ന മാര്‍ച്ച് 13നുതന്നെ ജമീലാ പ്രകാശം സ്പീക്കര്‍ക്ക് രേഖാമൂലം നല്‍കിയിരുന്നു. എന്നാല്‍, വൈശാഖ് കേസിലും ലളിതകുമാരി കേസിലുമുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയമപരമായി അന്നുതന്നെ പോലീസിന് കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കര്‍ ഇതുവരെ പോലീസിന് അയച്ചുകൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടാണെന്നുമാണ് വി.എസ്. ആരോപിച്ചത്. നിയമസഭയില്‍ ബജറ്റ് അവതരണത്തിനെതിരെ പ്രതിഷേധിച്ച വനിതാ എം.എല്‍.എ.മാരോട് ഭരണകക്ഷിയിലെ പുരുഷ എം.എല്‍.എ.മാര്‍ അപമര്യാദയായി പെരുമാറിയെന്ന് ദേശീയ വനിതാകമ്മീഷനുമുമ്പാകെ സി.പി.എം. വനിതാഎം.പി.മാരായ പി.കെ. ശ്രീമതി, ടി.എന്‍. സീമ എന്നിവർ പരാതി നല്കിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *