നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി. യാത്രാനിരക്ക് കൂടും

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : കെഎസ്ആര്‍ടിസിയുടെ പിറന്നാള്‍ ദിനം കെഎസ്ആര്‍ടിസിക്ക് മധുരിക്കുമെങ്കിലും യാത്രക്കാര്‍ക്ക് കയ്ക്കും. കെ.എസ്.ആര്‍.ടി.സി.യുടെ പിറന്നാള്‍ദിനമായ നാളെമുതല്‍ ഇന്‍ഷുറന്‍സ് സെസിന്റെ ഭാഗമായി കെഎസ്ആര്‍ടിസി യാത്രാനിരക്ക് ഉയരും. 15 രൂപയ്ക്ക് മേലുള്ള ടിക്കറ്റുകളിലാണ് വര്‍ധനയുണ്ടാകുക. യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന അധിക ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുവേണ്ടിയാണ് നിരക്ക് ഉയര്‍ത്തുന്നത്. 24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ അധികം നല്‍കണം. 25 മുതല്‍ 49 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും 50 മുതല്‍ 74 വരെ മൂന്ന് രൂപയും 75 മുതല്‍ 99 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് നാല് രൂപയും, നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്ത് രൂപയും അധികമായി ഈടാക്കും. ഇതിന്നായി സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുന്നതിനായിട്ടാണ് വീണ്ടും ഇന്‍ഷുറന്‍സ് സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ധന വില കുറഞ്ഞിട്ടും ഇന്‍ഷുറന്‍സ് സെസ് ഏര്‍പ്പെടുത്തുന്നതിന്നെതിരെ എതിര്‍പ്പ് വ്യാപകമായിരുന്നു. പക്ഷെ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീടത്‌ താല്‍ക്കാലികമായി മരവിപ്പിച്ചു. പക്ഷെ വീണ്ടും ഡീസല്‍ വില ഉയര്‍ന്നതോടെ ഏപ്രില്‍ ഒന്നുമുതല്‍ അത് നടപ്പാക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വിഹിതമാണ് സെസ് എന്ന പേരില്‍ യാത്രക്കാരില്‍നിന്ന് പിഴിയുന്നത്. . (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *