നാണംകെട്ട തോല്‍വി
സിഡ്നി: ലോകകപ്പ് സെമിയില്‍ ഓസീസിനോട് ഇന്ത്യക്ക് പരാജയം. തോല്‍ക്കുമെന്ന് സൂചന നല്കിയ കളിയില്‍ ചെറുത്തുനില്‍പ്പിനു പോലും ഇടം നല്‍കാതെയാണ് 95 റണ്‍സിനു ഇന്ത്യ കീഴടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസിസ് പിന്തുടരാന് പ്രയാസമായ 329 റണ്‍സ് എന്ന വലിയ ടോട്ടല്‍ നല്‍കിയാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. മറുപടിയായി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 46 .5 ഓവറില്‍ 233 റണ്‍സിനു പുറത്തായി. ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി (65), ശിഖർ ധവാൻ (45), അജിങ്ക രഹാനെ (44)), രോഹിത് ശർമ (34) എന്നിവർക്കൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയുടെ തുടക്കം കരുതലോടെയായിരുന്നു.
ആദ്യ വിക്കറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. 12.5 ഓവറില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 76 റണ്‍സെടുത്തു. 41 പന്തില്‍ 45 റണ്‍സെടുത്ത ശിഖര്‍ ധവാന് പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തന്നെ മങ്ങിത്തുടങ്ങി. ഒരു റണ്‍സെടുത്തു വിരാട് കൊഹ് ലി കൂടി മടങ്ങിയതോടെ ഇന്ത്യ മത്സരത്തില്‍ നിന്ന് തന്നെ പുറത്തായി തുടങ്ങി. പ്രതീക്ഷയുണർത്തുന്ന രീതിയിൽ ബാറ്റു വീശിയ രോഹിത് ശർമ പതിനേഴാം ഓവറിൽ മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്ന് വന്ന സുരേഷ് റെയ്ന (7)യും കാര്യമായ സംഭാവനയില്ലാതെ മടങ്ങി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ധോണിയും അജിങ്ക രഹാനെയും ചേർന്ന് 70 റൺസെടുത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് തോന്നിച്ചതാണ്.
എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ രഹാനെ ഹാഡിന്റെ കൈകളിൽ ഒതുങ്ങിയതോടെ ഇന്ത്യ അഞ്ചിന് 178 എന്ന നിലയിലേക്ക് വീണു. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ആസ്ട്രേലിയൻ ബൗളർമാർ ഇന്ത്യയെ വരിഞ്ഞുകെട്ടി. ഒടുവില്‍ ഇന്ത്യ 46.5 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്തായി. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 328 റൺസെടുത്തു. സ്റ്റീവൻ സ്മിത്ത് (105), ആരോൺ ഫിഞ്ച് (81) എന്നിവരുടെ ബാറ്റിംഗാണ് കംഗാരുക്കൾക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 93 പന്തിൽ 11 ഫോറും രണ്ട് സിക്സറും പറത്തിയാണ് സ്മിത്ത് ലോകകപ്പിലെ ആദ്യത്തേതും കരിയറിലെ നാലാമത്തേയും ഏകദിന സെഞ്ച്വറി നേടിയത്. സ്കോര്‍ ഓസ്ട്രേലിയ: 328/7 50 ഓവര്‍ -ഇന്ത്യ 233(46.5ഓവര്‍)മനോജ്)