നാട്ടുപച്ചയില്‍ നിന്നു വിഷസംഹാരിയുമായി ഗവേഷകര്‍

രാജി രാമന്‍കുട്ടി

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): നാട്ടറിവുകളിലെ പച്ചമരുന്നുകളില്‍ നിന്നും വിഷസംഹാരി കണ്ടെത്താനുള്ള ഗവേഷണത്തില്‍ ഭാഗിക വിജയം കൈവരിച്ച്‌ കേരള സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍.

കീരിപ്പച്ച, അണലിവേങ്ങ, ഗരുഡക്കൊടി, പന്നല്‍ എന്നീ നാട്ടുമരുന്നുകളുടെ സത്തില്‍ നിന്നും പാമ്പിന്‍ വിഷത്തിനുള്ള മറുമരുന്ന്‌ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിലാണ്‌ ഇവര്‍. ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കീരിപ്പച്ചയുടെ വേരിന്റെ സത്തില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ജൈവ തന്മാത്രകള്‍ രക്തഅണലി വിഷത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ ഇവര്‍ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്‌.

മറ്റു മൂന്നു സസ്യവര്‍ഗങ്ങളെ സംബന്ധിക്കുന്ന പഠനം നടന്നു വരികയാണ്‌. അണലിവേങ്ങയുടെ തൊല്‌, ഗരുഡക്കൊടിയുടെ ഇല-വേര്‌, പന്നല്‍ ഇല എന്നിവയുടെ സത്ത്‌ തുടങ്ങിയവയെ കുറിച്ചാണ്‌ പഠനം നടക്കുന്നത്‌. ഗവേഷണം പൂര്‍ണമായി വിജയിച്ചാല്‍ വിഷ ചികിത്സാ രംഗത്ത്‌ വിപ്ലവകരമായ മാറ്റം കൊണ്ടു വരാനാകുമെന്നാണ്‌ ഗവേഷകര്‍ അവകാശപ്പെടുന്നത്‌. കേരള സര്‍വകലാശാല സെന്റര്‍ ഫോര്‍ വെനം ഇന്‍ഫര്‍മാറ്റിക്‌സിലെ ആര്‍. ദിലീപ്‌കുമാര്‍, ജന്തുശാസ്‌ത്ര വിഭാഗത്തിലെ അനശ്വര കൃഷ്‌ണന്‍, കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ വിഭാഗത്തിലെ പി.കെ അനൂപ്‌, കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍ എന്നിവരടങ്ങിയ ഗവേഷക സംഘം ഇതു സംബന്ധിച്ച തങ്ങളുടെ കണ്ടെത്തലുകള്‍ ജേര്‍ണല്‍ ഓഫ്‌ ഇന്റര്‍കള്‍ച്ചറല്‍ എത്തനോഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ചു. പ്രതിവര്‍ഷം ഇന്ത്യയില്‍ ശരാശരി രണ്ടു ലക്ഷം പേര്‍ക്ക്‌ പാമ്പുകടിയേല്‍ക്കുന്നുണ്ടെന്നാണ്‌ കണക്കുകള്‍.

ഇവരില്‍ 35000-50000 പേര്‍ മരണപ്പെടാറുണ്ട്‌. ദക്ഷിണേന്ത്യയില്‍ മൂര്‍ഖന്‍, ചുരുട്ട മണ്ടലി, രക്ത അണലി, ശംഖുവരയന്‍ എന്നീ പാമ്പുകളുടെ കടിയേല്‍ക്കുന്നതു മൂലമാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത്‌. നിലവില്‍ ഇത്തരം പാമ്പുകളുടെ കടിയേല്‍ക്കുന്നവര്‍ക്ക്‌ മറുമരുന്നായി നല്‍കുന്നത്‌ കുതിരയുടെ സിറത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡിയാണ്‌. പോളിവാലന്റ്‌ ആന്റി വെനം എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. മൂര്‍ഖന്‍, ചുരുട്ട മണ്ടലി, രക്തഅണലി, ശംഖുവരയന്‍ തുടങ്ങിയ പാമ്പുകളുടെ വിഷം ചെറിയ അളവില്‍ കുതിരയില്‍ കുത്തിവയ്‌ക്കുമ്പോഴാണ്‌ ഇത്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. അതായത്‌ ഇവയില്‍ ഏതെങ്കിലും ഒരു പാമ്പിന്റെ കടിയേല്‍ക്കുന്നവര്‍ക്ക്‌ മറ്റു മൂന്നു പാമ്പുകളുടെയും വിഷത്തിനെതിരായി നിര്‍മിക്കുന്ന ആന്റിബോഡി കൂടി കുത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌.

ഇത്‌ ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതായി പലപ്പോഴും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെ മറികടക്കാന്‍ സസ്യവര്‍ഗങ്ങളില്‍ നിന്നു വേര്‍തിരിക്കുന്ന ജീവതന്മാത്രകള്‍ വിഷസംഹാരിയായി ഉപയോഗിക്കാനാകുമോ എന്നതാണ്‌ ഗവേഷണം വഴി ലക്ഷ്യമിടുന്നതെന്നും ആര്‍. ദിലീപ്‌കുമാര്‍ പറഞ്ഞു. ഇതിനു പുറമെ നിലവിലെ ആന്റി വെനം നിര്‍മാണം കൂടുതല്‍ സമയമെടുക്കുന്നതും ചിലവേറിയതുമാണ്‌.പശ്ചിമഘട്ട പ്രദേശമായ കല്ലാറില്‍ വളരുന്ന വിഷസംഹാര ഗുണങ്ങളുള്ള 24 സസ്യവര്‍ഗങ്ങളെയാണ്‌ സംഘം ഗവേഷണത്തിനായി സര്‍വേയിലൂടെ കണ്ടെത്തിയത്‌. ഇവയില്‍ ഏറ്റവും ഫലപ്രദമാണ്‌ എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഗവേഷകസംഘം കീരിപ്പച്ച, അണലിവേങ്ങ തുടങ്ങി നാലു ചെടികള്‍ തെരഞ്ഞെടുത്തത്‌. ഇതിനായി വിഷചികിത്സ നടത്തുന്ന നാട്ടുവൈദ്യന്മാരുടെ സഹായവും സംഘം സ്വീകരിച്ചിരുന്നു. കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ സഹകരണത്തോടെയാണ്‌ ഗവേഷണം നടത്തുന്നത്‌.

Add a Comment

Your email address will not be published. Required fields are marked *