നടപടി എടുക്കാൻ ഭയന്ന് സർക്കാർ
കൊച്ചി: കത്തെഴുതുന്നതും അത് പരസ്യപ്പെടുത്തുന്നതും കത്ത് നിഷേധിക്കുന്നതും പുതിയ കത്ത് പുറത്ത് വിടുന്നതുമെല്ലാം ഒരാൾ. സിനിമ കഥകളെ വെല്ലുന്ന തിരക്കഥയുമായി ഒരു സാമ്പത്തിക കുറ്റവാളി കേരളത്തിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ഒന്ന് പ്രതികരിക്കാൻ പോലും ഭയന്ന് നിൽക്കുന്നു സംസ്ഥാന സർക്കാർ.
സംസ്ഥാന മുഖ്യമന്ത്രിയുമായി പോലും അടുത്ത ബന്ധമുണ്ടായിരുന്ന സരിതാ എസ് നായർ ദിവസേന പുതിയ പേരുകളുമായി വരുമ്പോൾ ഒരു ഭരണകൂടം മുഴുവൻ ലജ്ജിച്ച് തലതാഴ്ത്തി നിൽക്കേണ്ട അവസ്ഥ കേരള രാഷ്ട്രീയത്തിൽ മുൻപ് ഉണ്ടായിട്ടില്ല. സരിതയും ഒരു മലയാളം വാർത്താ ചാനലും ഒരു അഭിഭാഷകനും അടങ്ങുന്ന സംഘം പരസ്യമായ ഒരു രഹസ്യ കത്തിന്റെ മറവിൽ ബ്ലാക്ക് മെയിലിംഗ് നടത്തി കോടികൾ സമ്പാദിക്കുന്നു. ഇവർ ആവശ്യപ്പെടുന്ന പണം നൽകാൻ മന്ത്രിമാരും എം എൽ എ മാരും നെട്ടോട്ടമോടുന്നു. സരിതയുടെ കത്തിന് മാസങ്ങളുടെ പഴക്കം ഉണ്ടെങ്കിലും കേരള രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കനുസരിച്ച് കത്തിലെ പേരുകാരിൽ നിന്ന് പണം തട്ടുന്ന ഒരു ഗൂഡസംഘമാണ് സോളാറിനെക്കാൾ ലാഭകരമാണ് സരിതയുടെ കത്തെന്ന് കണ്ടെത്തിയത്. കാലാകാലങ്ങളിൽ ഈ കത്ത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി രാഷ്ട്രീയക്കാരിൽ നിന്ന് പണം തട്ടുന്ന ബിസിനസ് ലാഭാകരമാണെന്ന് ഇവർ തെളിയിച്ചു കഴിഞ്ഞു.
ജയിലിൽ കഴിഞ്ഞപ്പോഴാണ് സരിത പല പ്രമുഖരുടെയും പേരുകൾ ഉൾപ്പെടുത്തി കത്തെഴുതിയത്. യു ഡി എഫ് മന്ത്രിമാരും ചില കേന്ദ്രമന്ത്രിമാരും എം എൽ എ മാരുമൊക്കെ തന്നെ വിളിച്ച ഫോണ് കോളുകളും സന്ദേശങ്ങള്മൊക്കെ സരിത ഫോണിൽ റെക്കോഡ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. സോളാർ ബിസിനസിന് സഹായം നൽകാം എന്ന് വാഗ്ദാനം നൽകി നിരവധി കോണ്ഗ്രസ് നേതാക്കളും മന്ത്രിമാരുമാണ് കാര്യ സാധ്യത്തിനായി സരിതയെ ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സരിതക്കുള്ള സ്വാധീനം കാര്യങ്ങൾ എളുപ്പമാക്കുമെന്നും ഇവർ കരുതി. പലവിധ മോഹങ്ങൾ നൽകി ഇവർ സരിതയെ ഉപയോഗിക്കുകയായിരുന്നു. ഉന്നത നേതാക്കളുമായുള്ള ബന്ധം സരിതയും ആസ്വദിച്ചു. എന്നാൽ ബിജു രാധാകൃഷ്ണനാണ് സരിതയുടെയും കോണ്ഗ്രസ് നേതാക്കളുടെയും സ്വപ്നങ്ങൾ തകർത്തത്. ജയിലിലായ സരിതയെ ഇഷ്ട തോഴരെല്ലാം കയ്യോഴിഞ്ഞതോടെയാണ് സരിത അവസാനത്തെ അടവ് പുറത്തെടുത്തത്. താനുമായി ബന്ധമുല്ലവരുടെയെല്ലാം പേരുകൾ പല വിധത്തിൽ പരസ്യപ്പെടുത്തിയാണ് സരിത കേസുകളിൽ നിന്ന് രക്ഷപെടാൻ തന്ത്രം ഒരുക്കിയത്. ഒരു ചാനലിന്റെ പിന്തുണയും സരിതക്ക് ലഭിച്ചു. അന്ന് നെട്ടോട്ടമോടിയ നിരവധി മന്ത്രിമാരും യു ഡി എഫ് നേതാക്കളും രെക്ഷപെടാൻ നടത്തിയ തന്ത്രപ്പാടുകൾ സരിതയെ പോലും അദ്ഭുതപ്പെടുത്തി. സരിതക്ക് വേണ്ടി അന്ന് പണം വാങ്ങിയവരാണ് ഇതിലെ ബിസിനസ് സാധ്യതകൾ അവർക്ക് ഉപദേശിച്ച് കൊടുത്തതും സോളാറിനേക്കാൾ ലാഭകരമായ ബിസിനസ് ആണിതെന്നു ബോധ്യപ്പെടുത്തുകയും ചെയ്തത്.
തുടർന്ന് കേരള രാഷ്ട്രീയത്തിലെ ഓരോ സംഭവവികാസങ്ങളും നടക്കുന്നതിനനുസരിച്ച് പല മാർഗങ്ങളിലൂടെ സരിതയുടെ കത്തിലെ ഉള്ളടക്കം പുറത്ത് വരാൻ തുടങ്ങി. മാധ്യമങ്ങളിൽ വാർത്തയായി സരിത കളം നിറയുന്നതോടെ സംശയനിഴലിൽ ഉള്ളവരെല്ലാം പണം നൽകി ശാന്തയാക്കും. ഒരിക്കലെങ്കിലും സരിതയെ ഫോണ് ചെയ്യുകയോ സന്ദേശം അയക്കുകയോ ചെയ്യാത്തവർ യു ഡി എഫിൽ അപൂർവമാണ്. അത് കൊണ്ട് തന്നെ തങ്ങളുടെ പേര് പുറത്ത് വരുന്നത് നാണക്കേ ആകുമെന്ന് ഭയന്ന പല യുവ എം എൽ എ മാരും സരിതയുടെ ഭീഷണിക്ക് വഴങ്ങുകയാണ് പതിവ്. അബ്ദുള്ളക്കുട്ടി മാത്രമാണ് പണം നൽകാൻ കഴിയില്ല എന്ന് തീർത്ത് പറഞ്ഞത്. സരിതയെ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഒരു സംസ്ഥാന മന്ത്രിയുടെയും ഒരു മുൻമന്ത്രിയെയും ഒരു മുൻ കേന്ദ്ര മന്ത്രിയെയും കുറിച്ച് ഒരു പരാമർശവും സരിതയുടെ കത്തുകളിലോ വാക്കുകളിലോ ഇല്ല എന്നതും ശ്രദ്ധേയമാണ്. പാലക്കാട് ജില്ലയിലെ ഒരു യുവ എം എൽ എ യുടെ ശുപാർശ അനുസരിച്ചാണ് ഏറണാകുളത്തെ ഒരു യുവ എം എൽ എ ഒരു കേസുമായി ബെന്ധപ്പെട്ട് സരിതയുമായി രണ്ടു തവണ സംസാരിച്ചത്. രണ്ടു തവണ തന്നെ വിളിച്ച ഈ എം എൽ എ യോടും സരിത പണം ചോദിച്ചതായി അറിയുന്നു. എന്നാൽ നൽകാൻ കഴിയില്ല എന്ന് തീർത്ത് പറഞ്ഞു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിൽ അറിയാത്ത ഭാവത്തിൽ കത്ത് ഉയർത്തി കാട്ടി ഫോട്ടോയിലും വിഷ്വൽ ക്യാമറയിലും പതിയത്തക്ക വിധത്തിൽ സരിത കത്ത് പുറത്ത് വിട്ടത്. ഇതോടൊപ്പം കോണ്ഗ്രസ് വക്താവ് കൂടിയായ ഒരു യുവ എം എൽ എ യുടെ പേരും ഉണ്ടായിരുന്നു. കത്തിൽ പേരുള്ള ഒരു എം പിയും എം എൽ എ യും ദൂതൻ മുഖേന കഴിഞ്ഞ ദിവസം പണം നൽകിയതായി സൂചനയുണ്ട്.
അതിനിടെ കത്തിനെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി ഡി പിക്ക് നൽകിയ കത്തിൽ തത്ക്കാലം അന്വേഷണം വേണ്ടെന്നു ജോസ് തന്നെ പിന്നീട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പത്രസമ്മേളനത്തിൽ സരിത ഹാജരാക്കിയ കത്തിലും ജോസ് കെ മാണിയുടെ പേര് ഉണ്ടായിരുന്നതും ഒരു മാധ്യമങ്ങൾ ഇത് വാർത്ത ആക്കിയതിനെ തുടർന്നുമാണ് ജോസ് തത്ക്കാലം അന്വേഷിക്കേണ്ട എന്ന കത്ത് നൽകിയത് . എന്നാൽ മാണിയും മകനെയും പൂട്ടാൻ തീരുമാനിച്ചുറച്ച ആഭ്യന്തര വകുപ്പ് ഇതേ കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഇരുവർക്കുമെതിരെ പി സി ജോർജ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തര വകുപ്പ്.ജിബി സദാശിവൻ
കൊച്ചി