നഗരസഭ പൂട്ടി സീൽ ചെയ്ത ഹോട്ടൽ ഉടമകൾ അനധികൃതമായി തുറന്നു

കൊച്ചി: അനധികൃതമായി പ്രവർത്തിച്ച് വന്നതിന്റെ പേരിൽ കൊച്ചി നഗരസഭ പൂട്ടി സീൽ ചെയ്ത വൈറ്റില ജനതക്ക് സമീപമുള്ള എമറാൾ ഡ് ഹോട്ടൽ നഗരസഭ അറിയാതെ ഉടമകൾ തുറന്നു. ഹൈക്കോടതി ഉത്തരവിന് പുല്ലു വില കൽപ്പിച്ചാണ് ഉടമകൾ വീണ്ടും ഹോട്ടൽ തുറന്നത്.നഗരസഭയുടെ സീൽ കുത്തിതുറന്നാണ് ഉടമകൾ അകത്ത് കടന്ന് ഹോട്ടൽ പ്രവർത്തിപ്പിക്കാൻ ശ്രമം നടത്തിയത്. ഹോട്ടലിന് മുൻവശത്തുള്ള രണ്ട് വാതിലുകളും നഗരസഭാ സീൽ ചെയ്തിരുന്നു. ഇതിൽ പ്രധാന വാതിലിലെ സീൽ കുത്തിതുറന്നാണ് ഉടമകൾ ഹോട്ടലിനുള്ളിൽ കയറിയത്.

എന്നാൽ മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയതോടെ ഹോട്ടലിനുള്ളിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഉടമകൾ കാറിൽ കയറി രക്ഷപെടുകയായിരുന്നു. നഗരസഭ സീൽ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഹോട്ടലിൽ താമസക്കാർ എത്തിയിരുന്നതായും ഹോട്ടൽ പ്രവർത്തനം ആരംഭിച്ചതായും സമീപവാസികൾ പറഞ്ഞു.
ഫ്ലാറ്റിനായി അനുമതി വാങ്ങിയ ശേഷം ഹോട്ടൽ പ്രവർത്തിപ്പിച്ച് വരികയായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പോലുമില്ലാതെയാണ് പ്രവർത്തിപ്പിച്ച് വന്നത്. സമീപമുള്ള കെട്ടിടങ്ങൾക്കും ജനങ്ങൾക്കും ഭീഷണി ഉയർത്തി നിർമാണ പ്രവർത്തനങ്ങളും പുരോഗമിച്ചതോടെ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. പിന്നീട് ഹോട്ടൽ അടച്ച് പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ നഗരസഭ ഹോട്ടൽ സീൽ ചെയ്യുകയായിരുന്നു. കക്കൂസ് മാലിന്യം പോലും പൊതു നിരത്തിലേക്ക് ഒഴുകിയതോടെയാണ് ഹോട്ടൽ അടച്ച് പൂട്ടാൻ കോടതി ഉത്തരവിട്ടത്.
സീൽ ചെയ്ത ഹോട്ടൽ നഗരസഭയുടെ അനുമതി ഇല്ലാതെ അനധികൃതമായി തുറന്നതിന് ഉടമകൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മേയർ ടോണി ചമ്മിണി പറഞ്ഞു. നഗരസഭയുടെ ആരോഗ്യ വിഭാഗമാണ്‌ ഹോട്ടൽ പൂട്ടിയത്. അവരോടു വീണ്ടും പൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോർപ്പരേഷൻ സെക്രട്ടറിയോട് സംബന്ധിച്ച് അന്വേഷണം നടത്താനും പോലിസിൽ പരാതി നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ അറിയിച്ചു.
ജിബി സദാശിവൻകൊച്ചി

Add a Comment

Your email address will not be published. Required fields are marked *