ദേശീയ ഗെയിംസ് തുടക്കം തന്നെ താളപ്പിഴകള്‍

തിരുവനന്തപുരം. രാജ്യം ഉറ്റു നോക്കിയ 35-ാമത്‌ ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടന ദിനം ഏറെ താളപ്പിഴകള്‍ നിറഞ്ഞതായിരുന്നു. കാര്യവട്ടത്തെ ഉദ്‌ഘാടന ചടങ്ങടക്കം വൈകി തുടങ്ങിയതും ഒരുക്കങ്ങളിലെ വീഴ്‌ചയും ആദ്യ ദിനം കല്ലുകടിയായി. കൃതൃമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കായിക താരങ്ങളും ഏറെ വലഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഉദ്‌ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതും സംസ്ഥാന സര്‍ക്കാറിന്‌ നാണക്കേടായി.ദേശീയ ഗെയിംസിനെ വരവേല്‍ക്കുന്നതിലുള്ള ഒരുക്കങ്ങളില്‍ തുടക്കം മുതല്‍ തന്നെ വീഴ്‌ച വരുത്തിയ സര്‍ക്കാര്‍ നടപടികളാണ്‌ ചരിത്രത്തില്‍ ഇടം നേടേണ്ട ഗെയിംസിന്‌ വിനയാകുന്നത്‌.

ഇന്നലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ നിന്നും വിഎസിനെ ഒഴിവാക്കിയിരുന്നു. പ്രതിപക്ഷനേതാവിനെ സര്‍ക്കാര്‍ അവഗണിച്ചെന്ന്‌ വിശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. മേയറുടെ കാര്യത്തിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി.താളപ്പിഴകള്‍ ചൂണ്ടിക്കാട്ടി കെപിസിസി വക്താവ്‌ പന്തളം സുധാകരന്‍ അടക്കമുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന ചടങ്ങിന്റെ പാസ്‌ വിതരണത്തില്‍ അടക്കം ക്രമക്കേട്‌ നടന്നുവെന്നും ആരോപണം ഉയര്‍ന്നു. നെട്ടോട്ടമോടിയിട്ടും കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും പാസ്‌ ലഭിച്ചിരുന്നില്ല. ഇതിനിടെ പാസ്‌ ചോദിച്ച്‌ ഗെയിംസ്‌ ഓഫീസില്‍ എത്തിയവരോട്‌ അധികൃതര്‍ മോശമായിപ്പെരുമാറിയതായും പരാതിയുണ്ട്‌. പരാതികള്‍ പ്രവഹിച്ചതോടെ ഉദ്യോഗസ്ഥര്‍ പ്രവേശന പാസ്‌ മുക്കിയെന്നാരോപിച്ചാണ്‌ പന്തളം രംഗത്തെത്തിയത്‌.

മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ബാന്റിന്റെ അരങ്ങേറ്റം സര്‍ക്കാര്‍ ചെലവില്‍ നടത്തിയിട്ടും കോടികള്‍ പ്രതിഫലമായി നല്‍കിയത്‌ തെറ്റായ നടപടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പണം നല്‍കി പാസ്‌ വിറ്റുവെന്ന ഗുരുതര ആരോപണവും നിലനില്‍ക്കുന്നുണ്ട്‌.ഒളിമ്പിക്‌ മെഡല്‍ ജേതാക്കളെയും മുതിര്‍ന്ന്‌ കായിക താരങ്ങളെയും ചടങ്ങുകള്‍ക്ക്‌ ക്ഷണിക്കാത്തതും വിവാദത്തിനിടയാക്കിയിട്ടുണ്ട്‌. ഉദ്‌ഘാടനം കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക്‌ ഉള്‍പ്പെടെ നല്‍കേണ്ട പാസുകളുടെ വിതരണവും ഇന്നലെ പൂര്‍ത്തിയായിട്ടില്ല. താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും ആവശ്യമായ വാഹനങ്ങള്‍ ഒരുക്കുന്നതിലും വീഴ്‌ചയുണ്ടായിട്ടുണ്ട്‌. താരങ്ങള്‍ക്ക്‌ താമസിക്കേണ്ട മേനംകുളത്തെ ഗെയിംസ്‌ വില്ലേജ്‌ ഉദ്‌ഘാടനത്തിന്‌ തൊട്ട്‌ മുന്‍പാണ്‌ മാത്രമാണ്‌ തുറന്ന്‌ കൊടുക്കാനായത്‌. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ താരങ്ങളെ താല്‍ക്കാലിക ഹോട്ടലുകളിലാണ്‌ താമസിപ്പിച്ചിരുന്നത്‌. ഇത്‌ പരിശീലനത്തിലടക്കം വലിയ ബുദ്ധുമുട്ടുകള്‍ക്കിടയാക്കി. അസാന നിമിഷം പണിപൂര്‍ത്തിയാക്കിയ ചില സ്‌റ്റേഡിയങ്ങളുടെ നിലവാരം സംബന്ധിച്ചും ആശങ്കയുണ്ട്‌. വാടകയ്‌ക്കെടുത്ത ഉപകരണങ്ങള്‍ മിക്കതിനും നിലവാരം കുറവാണെന്ന്‌ പരിശീലകര്‍ക്കും പരാതിയുണ്ട്‌.

Add a Comment

Your email address will not be published. Required fields are marked *