ദേശീയ ഗെയിംസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി വരാന്‍ വിസമ്മതിച്ചത് മനപ്പൂർവമോ?

മനോജ്‌ എട്ടുവീട്ടില്‍

തിരുവനന്തപുരം(ഹിന്ദുസ്ഥാന്‍ സമാചാര്‍): ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്താത്തത് മനപ്പൂർവ്വമോ? മനപ്പൂർവം തന്നെ എന്ന് കരുതുന്നു കേരളത്തിന്റെ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദേശീയ ഗെയിംസ് ഒരുക്കങ്ങൾ അഴിമതിയിൽ മുങ്ങിക്കുളിച്ചതും, ബിജെപി നേതാക്കളുടെ ഗെയിംസ് നടത്തിപ്പിനോടുള്ള വിപ്രതിപത്തിയും കാരണങ്ങളാകാമെന്നുള്ള അനുമാനത്തിൽ എത്തിനില്ക്കുന്നു ബഹുമാന്യ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ബിജെപി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ടാകുമെന്നു ഊഹിക്കുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബിജെപി നേതാക്കളെ ഗെയിംസുമായി ബന്ധപ്പെട്ട് അവർ പറഞ്ഞ സമിതികളിൽ നോമിനേറ്റു ചെയ്തിട്ടുണ്ട്. അവർ പക്ഷെ ഗെയിംസുമായി സഹകരിച്ചില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണ ങ്ങളാണോ പ്രധാനമന്ത്രിയെയും, രാഷ്ട്രപതിയേയും പിന്തിരിപ്പിച്ചിട്ടുണ്ടാകുക എന്ന ഹിന്ദുസ്ഥാൻ സമാചാറിന്റെ ചോദ്യത്തിനു ഈ വൈകിയ വേളയിൽ നാം അതെക്കുറിച്ചെന്തിനു പറയുന്നു എന്നാണ് നിരാശ കലര്‍ന്ന സ്വരത്തില്‍ തിരുവഞ്ചൂർ മറുപടി പറഞ്ഞത്. ദേശീയ ഗെയിംസ് പോലുള്ള ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഒരു കായിക മാമാങ്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരേണ്ടതുണ്ടായിരുന്നു എന്നാണു ഹിന്ദുസ്ഥാൻ സമാചാറിനോട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. എല്ലാം അറിയിക്കേണ്ട പോലെ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും പ്രധാനമന്ത്രി വരാതിരുന്നു. തിരുവഞ്ചൂർ പറയുന്നു. എന്തുകൊണ്ട് വരാതിരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് പറയേണ്ടത് . അവർ വരുന്നില്ല. അത്രമാത്രമേ പറയാൻ കഴിയൂ. തിരുവഞ്ചൂർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമല്ല തിരുവഞ്ചൂരിന്റെ സ്വന്തം പാർടിയുടെ മുന്‍ നേതാവുകൂടി ആയ രാഷ്ട്രപതി പ്രണബ് മുഖർജികൂടി സംസ്ഥാനത്തിന്റെ ക്ഷണം തള്ളി. രാഷ്ട്രീയ കാരണങ്ങളാൽ പ്രധാനമന്ത്രി നരേന്ദ്രമോഡി വരാതിരുന്നു. പക്ഷെ പ്രസിഡന്റോ? നരേന്ദ്രമോഡി വരാതിരുന്ന രാഷ്ട്രീയ കാരണം രാഷ്‌ട്രപതി പ്രണാബ് മുഖർജിക്ക് ബാധകമല്ലല്ലോ. രാഷ്‌ട്രപതി ഭവൻ കേരളത്തിന്റെ ക്ഷണം തള്ളിയത് കേരളത്തിന്‌, പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, കായികമന്ത്രി തിരുവഞ്ചൂരിനും ക്ഷീണമായി. പ്രധാനമന്ത്രിയും, പ്രസിഡന്റും വരേണ്ടതായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നിട്ടും വന്നില്ല. എന്തുകൊണ്ടെന്ന് സംസ്ഥാനത്തിന്നറിയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ വാക്കുകൾ ചുരുക്കുന്നു. വാക്കുകൾ ചുരുക്കുന്നു എന്നത് ഈ പാപഭാരം ഞാൻ പെറെണ്ടതുണ്ട് എന്നതുകൊണ്ട്‌ കൂടിയാണ്. കായിക മന്ത്രിയെന്ന നിലയിൽ തിരുവഞ്ചൂരിനും, ഗെയിംസ് സെക്രട്ടറി ജനറൽ എന്ന പോസ്റ്റിലിരിക്കുന്ന ജേക്കബ് പുന്നൂസുമാണ് പല കാര്യങ്ങളിലും ഉത്തരം പറയേണ്ടി വരിക. ഗെയിംസ് സംഘാടക സമിതിയിൽ ഇരുന്ന് ഒച്ചപ്പാടുകൾ നിരന്തരം ഉണ്ടാക്കിയ വി.ശിവൻകുട്ടി എംഎൽഎ ഓരോ അഴിമതിയുടെയും കണക്കു പറഞ്ഞു കോമണ്‍വെൽത്തു ഗെയിംസ് കഴിഞ്ഞു സുരേഷ് കൽമാഡി നേരെ തീഹാർ ജയിലിലേക്ക് നടന്നു കയറിയ കഥ പറഞ്ഞു തിരുവഞ്ചൂരും, മുഖ്യമന്ത്രിയടക്കമുള്ളവരെയും ബോധവത്ക്കരിച്ചിട്ടുണ്ട്. കോടികളുടെ അഴിമതി ആരോപണം ഉയർത്തിക്കൊണ്ട് എല്ലാ വിധ ടെണ്ടർ നടപടികളെയും ഇടതുപക്ഷം തള്ളിക്കളഞ്ഞിട്ടുണ്ട്. ഗെയിംസ് കഴിഞ്ഞാൽ ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കും എന്നതുറപ്പാണ്. ആരൊക്കെ കുടുങ്ങും എന്നോർത് ഗെയിംസ് സംഘാടക സമിതിക്കു ഇപ്പോഴേ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയുണ്ട്. ഗെയിംസ് സംഘാടക സമിതിയോഗം ഈയ്യിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നപ്പോൾ 15 കോടി രൂപ ഉത്ഘാടന-സമാരോഹ് പരിപാടിക്ക് പൊടിക്കാനുള്ള നീക്കത്തെ വി.ശിവൻകുട്ടി ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി അത് ജേക്കബ്‌ പുന്നൂസിനു വിട്ടു. ജേക്കബ്‌ പുന്നൂസ് പറഞ്ഞത് കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ അത്ര തുക വേണ്ടെന്നാണ്. പക്ഷെ മറ്റൊരു കോണ്‍ഗ്രസ്‌ എംഎൽഎ വാശി പിടിച്ചു. അത്ര തുക തന്നെ പൊടിക്കണം. ഒടുവിൽ തീരുമാനിച്ചു. അത്ര തുക തന്നെ പൊടിക്കാം. വി.ശിവൻ കുട്ടിയാണ് പുറത്തുവന്നു കോടികളുടെ പൊടിക്കലിന്റെ കഥ മാധ്യമങ്ങൾക്ക് നല്കിയത്. ഉദ്ഘാടന-സമാപന ചടങ്ങുകളിൽ മാത്രമല്ല ഗെയിംസുമായി ബന്ധപ്പെട്ട സർവ നിർമ്മാണ പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അന്വേഷണം വന്നാൽ എല്ലാവരും പെടും. പ്രധാനമന്ത്രി വരെ വരെ വരാതിരുന്നത് മനപ്പൂർവമാണെന്ന് കായികമന്ത്രികൂടി സംശയിക്കുന്ന സാഹചര്യത്തിൽ ദേശീയ ഗെയിംസ് ആരെയൊക്കെ വെള്ളം കുടിപ്പിക്കുമെന്ന് കാത്തിരുന്നു കാണേണ്ട അവസ്ഥയാണ്.

Add a Comment

Your email address will not be published. Required fields are marked *