ദേശീയ ഗെയിംസില്‍ ചരിത്രം കുറിച്ച് കേരളം

തിരുവനന്തപുരം : മുപ്പത്തിയഞ്ചമാത് ദേശീയ ഗെയിംസിനെ കേരളം അടയാളപ്പെടുത്തുക അഭിമാനത്തിന്റെ ചരിത്രനേട്ടങ്ങളിലൂടെയായിരിക്കും. കാരണം ഇതുവരെ മെഡല്‍ നേടാത്ത പല ഇനങ്ങളിലുമാണ് കേരളത്തിന്റെ കായിക പ്രതിഭകള്‍ അഭിമാന സ്വര്‍ണ്ണം കൊയ്യ്തത്. കേരളത്തിന്റെ ആദ്യ മെഡല്‍ നേട്ടങ്ങളില്‍ പ്രധാനം ഷൂട്ടിങ്ങില്‍ നേടിയ സ്വര്‍ണ്ണമാണ്. ദേശീയ ഗെയിംസില്‍ ആദ്യമായാണ് കേരളം ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടുന്നത്.

ഇതുവരെ ഉത്തരേന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം മേല്‍ക്കൈ ഉണ്ടായിരുന്ന മത്സര ഇനത്തിലാണ് പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശി സ്വര്‍ണ്ണം വെടിവെ്ച്ചിട്ടത്. വനിതകളുടെ 500 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തിലായിരുന്നു ഈ തൊടുപുഴക്കാരിയുടെ സുവര്‍ണ്ണ നേട്ടം. മുംബൈ മലയാളിയായ ഫാദിന്‍ ബാവയിലൂടെ ടെന്നീസിലാണ് കേരളം മറ്റൊരു സുവര്‍ണ്ണ ചരിത്രം കുറിച്ചത്. പുരുഷ വിഭാഗം ടീം ഇനത്തില്‍ വെങ്കലം നേടാനായതും മറ്റൊരു നേട്ടമായി. ഉത്തരേന്ത്യന്‍ താരങ്ങളുടെ കുത്തകയായ ജിംനാസ്റ്റിക്കിലും കേരളം ആദ്യ മെഡല്‍ നേടി

. വ്യക്തിഗത ഓള്‍റൗണ്ടില്‍ എം. ഷിനോജാണ് കേരളത്തിന് വേണ്ടി വെങ്കലം നേടിയത്. കഴിഞ്ഞ 15 വര്‍ഷമായി സര്‍വ്വീസസിന്റെ സുവര്‍ണ്ണതാരമായിരുന്നു തലശ്ശേരി സ്വദേശിയായ ഷിനോജ്. ടേബിള്‍ ടെന്നീസിലും കേരളം നേടിയത് പത്തരമാറ്റിന്റെ തിളക്കമാണ്. വനിതകളുടെ ടീം ഇനത്തില്‍ മരിയാ റോണിസേറാ ജേക്കബ് സഖ്യം വെങ്കലം നേടിയാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്. കൂടാതെ നെറ്റ്‌ബോള്‍, ബീച്ച് ഹാന്‍ഡ് ബോള്‍ തുടങ്ങിയ പല ഇനങ്ങളിലും കേരള താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ആതിഥേയ സംസ്ഥാനം എന്ന നിലയ്ക്ക് കേരളം ഗെയിംസിലെ 31 ഇനങ്ങളിലും മത്സരത്തിന് ടീമുകളെ ഇറക്കുന്നുണ്ട്. അതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും സര്‍വ്വീസസിന് വേണ്ടിയും മത്സരിച്ചിരുന്ന മലയാളി താരങ്ങളെ കേരളത്തിന് വേണ്ടി മത്സരിപ്പിക്കാന്‍ കഴിഞ്ഞതും സംസ്ഥാനത്തിന് നേട്ടമായിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *