ദേശീയ ഗെയിംസിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം : കേരളം കാത്തിരുന്ന ദേശീയ ഗെയിംസിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം കേന്ദ്രമന്ത്രി വെങ്കയ്യനായുഡുവാണ് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നത്. ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അബാസിഡര്‍ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ ദീപശിഖ പി.ടി.ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജ്ജിനും കൈമാറും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗത പ്രസംഗം നടത്തും. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ചടങ്ങില്‍ പങ്കെടുക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നയിക്കുന്ന സംഗീത വിരുന്നാണ് ആദ്യ പരിപാടി. അതിനു ശേഷം ഔദ്യോഗിക പരിപാടികള്‍ നടക്കും. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 5600 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ പങ്കെടുക്കും. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസം എന്ന പരിപാടിയും ഉദ്ഘാടനത്തിന് അവതരിപ്പിക്കും. ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്ക് ആദരവര്‍പ്പിക്കുന്ന സംഗീത- നൃത്ത പരിപാടികളും അരങ്ങേറും. സംവിധായകന്‍ ടി.കെ.രാജീവ് കുമാറാണ് ഷോയുടെ സംവിധായകന്‍. ഏഴു ജില്ലകളില്‍ 29 വേദികളിലായാണ് 14 ദിവസം നീണ്ടു നി്ല്‍ക്കുന്ന കായിക മാമാങ്കം നടക്കുന്നത്.

Add a Comment

Your email address will not be published. Required fields are marked *