ദേശീയ ഗയിംസ്

തിരുവനന്തപുരം ; 35-ാമത് ദേശീയ ഗയിംസില്‍ സംസ്ഥാന ടീമിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് വ്യക്തിഗത ഇനങ്ങളില്‍ മെഡലുകള്‍ നേടിയവരിലും ടീമിനത്തില്‍ സ്വര്‍ണമെഡല്‍ നേടിയവരിലും നിലവില്‍ ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ടീമിനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയവരില്‍ ജോലിയില്ലാത്തവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.

സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഒളിംപിക്‌സ് നിലവാരം പുലര്‍ത്തുകയും ചെയ്ത സജ്ജന്‍ പ്രകാശ് (നീന്തല്‍), എലിസബത്ത് സൂസന്‍ കോശി (ഷൂട്ടിംഗ്), അനില്‍ഡ തോമസ് (അത്‌ലറ്റിക്‌സ്), അനു രാഘവന്‍ (അത്‌ലറ്റിക്‌സ്) എന്നീ കായികതാരങ്ങളുടെ വിദേശ പരിശീലനം അടക്കമുള്ള വിദഗ്ധ പരിശീലനത്തിന് ആവശ്യമായ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡല്‍ നേടിയവരുടെ ബയോഡാറ്റ, നിലവിലെ ഉദ്യോഗത്തിന്റെ അവസ്ഥ എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ പ്രൊപ്പോസല്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണസില്‍ സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് (സ.ഉ.(കൈ)നം.10/15/കാ.യു.വ. തീയതി, തിരുവനന്തപുരം 24/02/2015) സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടുന്ന കായികതാരങ്ങള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വ്യക്തിഗത സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്കും ടീമിനങ്ങളില്‍ സ്വര്‍ണം നേടുന്ന ടീമിലെ അംഗങ്ങള്‍ക്കും ഈ വര്‍ഷം തന്നെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനും തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

ദേശീയ ഗയിംസ് വേദികളുടെ പലിപാലനം : ഉത്തരവ് പുറപ്പെടുവിച്ചു

ദേശീയ ഗയിംസിനായി ഏറ്റെടുത്തിട്ടുള്ള വേദികളുടെ പരിപാലനത്തിനായി ചുവടെപറയുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സിയാല്‍ ഗോള്‍ഫ് കോഴ്‌സ്, കാര്യവട്ടം ഗ്രിന്‍ഫീല്‍ഡ് സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, തൃശൂര്‍ കേരള പോലീസ് അക്കാഡമി, തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ. വെലോഡ്രോം, എല്‍.എന്‍.സി.പി.ഇ. ഇന്‍ഡോര്‍ കോര്‍ട്ട്, കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നീ വേദികളില്‍ ദേശീയ ഗയിംസിനായി വരുത്തിയ മാറ്റങ്ങള്‍ നിലനിര്‍ത്തി മെച്ചപ്പെട്ട രീതിയില്‍ തുടര്‍ന്നും പരിപാലിക്കുമെന്ന ഉറപ്പില്‍ അതത് ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കും.

എറണാകുളം ചെറായി ബീച്ച്, കോവളം ബൈപാസ്, കോഴിക്കോട് ബീച്ച്, ശംഖുമുഖം ബീച്ച്, ആലപ്പുഴ വേമ്പനാട്ട് കായല്‍ വരെയുള്ള സ്ഥലങ്ങളില്‍ ഗയിംസിനായി നിര്‍മിച്ച താത്കാലിക വേദികള്‍ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ നാഷണല്‍ ഗയിംസ് സെക്രട്ടേറിയറ്റ് സ്വീകരിക്കും. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം സ്‌ക്വാഷ് കോര്‍ട്ട്, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതല സംസ്ഥാന പോലീസ് മേധാവിയില്‍ താത്ക്കാലികമായി നിക്ഷിപ്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ നടക്കുന്ന ഷൂട്ടിംഗ് മത്സരങ്ങള്‍ക്ക് ഈ ഷൂട്ടിംഗ് റേഞ്ചില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഏര്‍പ്പെടുത്തും.

തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതല കായിക യുവജനകാര്യ ഡയറക്ടര്‍ നിര്‍വഹിക്കും. കൂടാതെ ഈ സ്റ്റേഡിയം വരുമാനസ്രോതസായി ഉപയോഗിക്കാനുതകുന്ന രീതിയില്‍ ഒരു ചട്ടക്കൂട് സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് നടപ്പാക്കാനും ഡയറക്ടറെ ചുമതലപ്പെടുത്തി. കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവനന്തപുരം പിരപ്പന്‍കോട് ഡോ.അംബേദ്കര്‍ നീന്തല്‍ക്കുളം, ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയം, കോഴിക്കോട് വി.കെ.കെ.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, തൃശൂര്‍ വി.കെ.എന്‍.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ ഏറ്റെടുത്ത് അടുത്ത രണ്ട് മാസത്തേയ്ക്ക് (മാര്‍ച്ച് 31 വരെ) പരിപാലിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.

സിന്തറ്റിക് പ്രതലങ്ങളും പുല്‍ത്തകിടിയും പരിപാലിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശവും ആവശ്യമായ ധനസഹായവും സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കോര്‍പ്പറേഷനുകളുടെ അധീനതയിലുള്ള കോഴിക്കോട്, തൃശൂര്‍, കൊല്ലം സ്റ്റേഡിയങ്ങളുടെ സമയബന്ധിത അറ്റകുറ്റപ്പണികളും ആവര്‍ത്തനച്ചെലവുകളും പരിപാലനച്ചെലവുകളും നിര്‍വഹിക്കുന്നതിനും വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് വിശദമായ ഒരു പദ്ധതി നിര്‍ദ്ദേശം സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സമര്‍പ്പിക്കണം.

കൊല്ലം ഹോക്കി സ്റ്റേഡിയം, കുമാരപുരം ടെന്നിസ് സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതലയ്ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശവും മേല്‍നോട്ടവും കായികയുവജനകാര്യ ഡയറക്ടര്‍ നല്‍കും. ഗയിംസ് വില്ലേജിലെ സാധന സാമഗ്രികള്‍ പുനരുപയോഗിക്കുന്ന രീതിയില്‍ പരസ്യലേലം നടത്തി നാഷണല്‍ ഗയിംസ് സെക്രട്ടേറിയറ്റിന്റെ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഗയിംസ് വില്ലേജിന്റെ സുരക്ഷാചുമതല സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കും. ഗയിംസ് വില്ലേജിലെ സുരക്ഷാസംവിധാനം മാര്‍ച്ച് 31 വരെ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *