ദില്ലിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തില്‍

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ദില്ലി യില്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ കൂടുതല്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും ഇന്നു പ്രചാരണ റാലികളില്‍ പങ്കെടുക്കും. സിനിമാതാരം ഗുല്‍പനാഗ്, എം.പി. ഭഗവന്ത് മന്‍ തുടങ്ങിയവര്‍ ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമാകും.

ശക്തമായ ത്രികോണമല്‍സരത്തിന്‍റെ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണം അന്തിമ ഘട്ടത്തിലേക്കു കടക്കുന്പോള്‍ പ്രമുഖരെ രംഗത്തിറക്കുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. പരസ്യ പ്രചാരണം അവസാനിപ്പിക്കാന്‍ അഞ്ചു ദിവസമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ സംഘടനാ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് മൂന്നു പാര്‍ട്ടികളുടേയും പ്രവര്‍ത്തനം. ഗ്രാമീണ മേഖലകളിലെ പ്രചാരണത്തില്‍ ആം ആദ്മി പാര്‍ട്ടി നേടിയ മുന്‍തൂക്കം മറികടക്കാന്‍ 22കേന്ദ്രമന്ത്രിമാരേയും 120 എം.പിമാരേയുമാണ് ബി.ജെ.പി കളത്തിലിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു റാലികളില്‍ കൂടി പങ്കെടുക്കും.എല്ലാ സംഘടനാ സംവിധാനങ്ങളും ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഷ്ടപ്പെടുകയാണ് ആം ആദ്മി പാര്‍ട്ടി.

ഗുല്‍പനാഗും ഭഗവന്ത് മന്നുമെല്ലാം പാര്‍ട്ടിക്കായി പ്രചാരണം നടത്തുന്നുണ്ടെങ്കിലും കേജ്്രിവാളിനു മാത്രമാണ് ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമായിരിക്കും തിരഞ്ഞെടുപ്പെന്നു വിലയിരുത്തപ്പെടുന്പോഴും പ്രചാരണ രംഗത്ത് കോണ്‍ഗ്രസും സജീവമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഇന്നത്തെ റാലിക്കു പുറമേ രാഹുല്‍ ഗാന്ധിയും വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി ചോര്‍ത്തിക്കൊണ്ടുപോയ പിന്നാക്ക വോട്ടുകള്‍ തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. ത്രിശങ്കുസഭ വന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയായി മാറാനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *