ദളിത് ഗവേഷണ വിദ്യാര്‍ഥി ജീവനൊടുക്കി : കേന്ദ്രമന്ത്രിക്കെതിരേ പ്രേരണക്കുറ്റത്തിനു കേസ്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ (എച്ച്.സി.യു) ഹോസ്റ്റലില്‍ നിന്നു പുറത്താക്കപ്പെട്ട ഗവേഷണ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരേ പോലീസ് കേസെടുത്തു. മരിച്ച രോഹിത് വേമുല ദളിത് സമുദായാംഗമായതിനാല്‍ എസ്.സി/എസ്.ടി. പീഡനവിരുദ്ധ നിയമവും ദത്താത്രേയയ്‌ക്കെതിരേ ചുമത്തി.
എ.ബി.വി.പി. നേതാവ് സുശീല്‍ കുമാറിനെ ആക്രമിച്ചതിന്റെ പേരില്‍ ദത്താത്രേയ കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിത് അടക്കം അഞ്ച് ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്നു പുറത്താക്കിയത്. മുസഫര്‍നഗര്‍ ബാകീ ഹൈ എന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിസ്ഥാന പ്രശ്‌നം. സര്‍വകലാശാലാ വി.സി. അപ്പാറാവു, സുശീല്‍ കുമാര്‍, എ.ബി.വി.പി. നേതാവായ വിഷ്ണു എന്നിവര്‍ക്കെതിരേയും ഗച്ചിബൗളി പോലീസ് കേസെടുത്തു. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ് ഇരുപത്തെട്ടുകാരനായ രാഹുല്‍.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് അഞ്ചു പേരും. കാമ്പസില്‍ പഠന ആവശ്യങ്ങളൊഴികെയുള്ള എല്ലാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടതോടെ ഇവര്‍ കാമ്പസില്‍ കൂടാരം കെട്ടിയായിരുന്നു താമസം. മാസങ്ങളായി ഫെലോഷിപ്പ് തുകയും നിഷേധിക്കപ്പെട്ടു. ബന്ദാരു ദത്താത്രേയയുടെ കത്തില്‍ ഇവരെ രാജ്യവിരുദ്ധരായാണു ചിത്രീകരിച്ചിരുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച്, യു.ജി.സി. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി പഠിക്കാനെത്തിയ മകനെ പുറത്താക്കിയതിനു വിശദീകരണം ആവശ്യപ്പെട്ട് അമ്മ രാധിക നിരവധി വിദ്യാര്‍ഥികളുടെ പിന്തുണയോടെ കാമ്പസില്‍ ധര്‍ണയിരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഞായറാഴ്ച രാത്രി ഏഴരയോടെ രാഹുലിനെ സുഹൃത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശാസ്ത്രജ്ഞനും എഴുത്തുകാരനുമാകാന്‍ മോഹിച്ചിരുന്ന രോഹിതിന്റെ മരണവാര്‍ത്ത വന്നതോടെ കാമ്പസ് പ്രതിഷേധത്തില്‍ മുങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ രോഷം ഒഴുകിപ്പരന്നു. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും എതിരായി അമര്‍ഷം അലയടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയൊരുക്കാനായി സര്‍വകലാശാലാ കാമ്പസില്‍ പോലീസിനെ വിന്യസിച്ചു. ഇവിടെ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.

Add a Comment

Your email address will not be published. Required fields are marked *