ത്രിപുരയില്‍ മോദി തരംഗം

അഗര്‍ത്തല: ത്രിപുര ഗ്രാമീണ്‍ പ്രഗതിശീല്‍ കോണ്‍ഗ്രസ്‌ ബിജെപിയില്‍ ലയിച്ചു. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്‌ ഒരു പോലെ പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്‌. ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ജിയുടെ അധ്യക്ഷതയില്‍ റിട്ടയേര്‍ഡ്‌്‌ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ അടക്കം നിരവധി രാഷ്ട്രീയ നേതാക്കളാണ്‌ ബിജെപിയില്‍ അംഗങ്ങളായത്‌. സംസ്ഥാനത്ത്‌ ബിജെപി തരംഗം ആരംഭിച്ചു കഴിഞ്ഞുവെന്നും നിരവധി രാഷ്ട്രീയ നേതാക്കള്‍ ബിജെപിയിലേക്ക്‌ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ലാല്‍ജി പറഞ്ഞു. സബ്‌ കാ സാത്ത്‌, സബ്‌ കാ വികാസ്‌ ക്യാമ്പെയിനിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സര്‍ക്കാര്‍ രൂപികരിക്കുമെന്നാണ്‌ ജനങ്ങളുടെ പ്രതീക്ഷ. ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന്‌ യാഥാസ്ഥിതികമായ കാഴ്‌ചപ്പാടാണെന്നും സാധാരണക്കാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ഇതുവരെ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ നയങ്ങളെല്ലാം സാധാരണക്കാര്‍ക്കെതിരെയുള്ളതാണ്‌. ത്രിപുരയില്‍ നിന്നുള്ള സി പി എം എം പിമാര്‍ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ചില രഹസ്യ ധാരണകള്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ സിപിഎമ്മിന്റെ ദുര്‍ഭരണങ്ങള്‍ക്കെതിരെ ശക്തമായ ഒരു പ്രതിഷേധവും കോണ്‍ഗ്രസ്‌ സംഘടിപ്പിക്കാത്തത്‌. സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധം കൊണ്ടുവരണമെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ കയ്യില്‍ നിന്നും അധികാരം പിടിച്ചുവാങ്ങാന്‍ ബിജെപിക്കുകഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അഴിമതി നിറഞ്ഞതും അക്രമം നിറഞ്ഞതുമായ ഭരണവുമായി സിപിഎം മുന്നോട്ടു പോവുകയാണെങ്കില്‍ അതിനെതിരെ ബിജെപി പോരാടും. പോലീസ്‌ വകുപ്പുപോലും സര്‍ക്കാരിന്‌ അനുകൂലമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സ്‌ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്നവരെയും കുട്ടികളെ ഉപദ്രവിക്കുന്നവരെയും കുറ്റവാളികളെയും ഒന്നും പോലീസ്‌ അറസ്‌റ്റു ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *