തൊഴിലെടുക്കാനോ?ഇന്ത്യക്കാർ വളരെ മോശം!
ന്യൂഡൽഹി: തൊഴിൽ ക്ഷമതയുടെ കാര്യത്തിൽ ഇന്ത്യക്കാർ ഏറെ പിന്നിലാണെന്ന് വേൾഡ് എക്കണോമിക് ഫോറം സംഘടിപ്പിച്ച പഠനത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞവർഷം ഇന്ത്യയുടെ റാങ്ക് ഇക്കാര്യത്തിൽ 78 ആയിരുന്നു. ഇപ്പോഴത് 89ലേക്ക് ഇടിഞ്ഞു. യുവാക്കളെ കഴിവുകൾ മെച്ചപ്പെടുത്താനായി കേന്ദ്ര സർക്കാർ 'സ്കിൽ ഇന്ത്യ’ പോലുള്ള പദ്ധതികൾ നടപ്പാക്കവേ, തൊഴിൽ ക്ഷമതയിൽ ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞെന്ന പഠനം രാജ്യത്തിന് ഏറെ ക്ഷീണവുമായി.
പട്ടികയിൽ സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂർ, ലക്സംബർഗ്, അമേരിക്ക, ഡെൻമാർക്ക് എന്നിവയാണ് യഥാക്രമം രണ്ടു മുതൽ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിൽ തൊഴിൽ വൈദഗ്ദ്ധ്യമുള്ള ചെറുപ്പക്കാർ കുറവാണെന്നും ഇന്ത്യയിൽ ബിസിനസ് സാഹചര്യം ഏറെ കഠിനമാണെന്നും പഠനം വ്യക്തമാക്കുന്നു. ബ്രിക്സ് രാജ്യങ്ങൾക്കിടെയിൽപ്പോലും ഇന്ത്യയുടെ റാങ്ക് ഏറ്റവും പിന്നിലാണ്. ഇക്കൂട്ടത്തിൽ 48-ാം റാങ്ക് നേടിയ ചൈനയാണ് മുന്നിൽ.
ഇന്ത്യയ്ക്ക് പുറമേ സൗത്ത് ആഫ്രിക്കയിലും ചൈനയിലും വിദ്യാഭ്യാസ നിലവാരം മികച്ചതല്ലെന്നതാണ് തൊഴിൽ ക്ഷമതയിൽ ചെറുപ്പക്കാർ പിന്നോട്ടു പോകാൻ കാരണം. തൊഴിൽ സാദ്ധ്യതയുമായി അകന്നു നിൽക്കുന്നതാണ് ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം. ബ്രസീലിലും ഇതിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ജീവിത നിലവാരം ഇന്ത്യയേക്കാൾ ഏറെ മെച്ചപ്പെട്ട സ്പെയിൻ, അയർലൻഡ്, ബെൽജിയം എന്നിവിടങ്ങളിലും തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം വർഷന്തോറും കുറയുകയാണ്. പഠന നിലവാരം മെച്ചപ്പെടുന്നതിനൊപ്പം തൊഴിൽ നൈപുണ്യവും ഉയർന്നാലേ ഇന്ത്യയ്ക്ക് മുന്നേറാനാകൂ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.