തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി

കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പഞ്ചായത്ത്, നഗരസഭ തലത്തില്‍ മാര്‍ച്ച്10നകം രാഷ്ട്രീയകക്ഷികളുടെ യോഗം ചേരുമെന്ന് ജില്ലാ വരണാധികാരി കൂടിയായി ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ ഇന്നലെ ചേര്‍ന്ന ജില്ലാതല യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമടങ്ങിയതാണ് ഈ യന്ത്രം. അതേസമയം നഗരസഭകളിലെ തിരഞ്ഞെടുപ്പിന് നിലവിലുള്ള സിംഗിള്‍ പോസ്റ്റ് വോട്ടിംഗ് യന്ത്രം തന്നെയാണ് ഉപയോഗിക്കുക.

പഞ്ചായത്തുകളില്‍ ഒരു വാര്‍ഡിലെ 1100 വോട്ടര്‍മാര്‍ക്കും നഗരസഭകളില്‍ 1500വോട്ടര്‍മാര്‍ക്കും ഒരു പോളിംഗ് സ്റ്റേഷന്‍ വീതം സജ്ജീകരിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നിലവില്‍ വാര്‍ഡിലെ 500 മീറ്റര്‍ ചുറ്റളവിലോ ഒരേ കെട്ടിടത്തിലെ ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിലോ വോട്ടര്‍മാരുടെ ആകെ എണ്ണം ആയിരത്തില്‍ താഴെയാണെങ്കില്‍ ഈ പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിക്കും.2014 നിയമസഭ വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് 1100വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍ പഞ്ചായത്തുകളില്‍ ബൂത്തുകള്‍ ക്രമീകരിക്കുന്നത്. 200 – 400 വോട്ടര്‍മാര്‍ക്കായി ഒരേ കെട്ടിടത്തിലോ 500മീറ്റര്‍ ചുറ്റളവിലോ ഉണ്ടായിരുന്ന പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിക്കും. എന്നാല്‍ ദ്വീപുകളിലും വോട്ടര്‍മാര്‍ 500 മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്ന സ്ഥലങ്ങളിലും പോളിംഗ് സ്റ്റേഷനുകള്‍ നിലനിര്‍ത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ജില്ലയിലെ 65 പഞ്ചായത്തുകളില്‍ ഇപ്രകാരം പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ 42 പോളിംഗ് സ്റ്റേഷനുകളും മറ്റ് പോളിംഗ് സ്റ്റേഷനുകളുമായി ചേര്‍ത്തിട്ടുണ്ട്. കോര്‍പ്പറേഷനില്‍ നിലവില്‍ 307പോളിംഗ് സ്റ്റേഷനുകളാണുള്ളത്. അതേസമയം മുനിസിപ്പാലിറ്റികളില്‍ പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിച്ചിട്ടില്ല. പുതിയ പോളിംഗ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ ശുപാര്‍ശയും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള പോളിംഗ് സ്റ്റേഷനിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെങ്കില്‍ കൂടുതല്‍ സൗകര്യപ്രദമായ കെട്ടിടം സമീപത്ത് ലഭ്യമാണെങ്കില്‍ അത് തിരഞ്ഞെടുക്കും. പൊളിച്ചു കളഞ്ഞതും പോളിംഗ് നടത്തുന്നതിന് സൗകര്യമില്ലാത്ത വിധം മാറ്റം വരുത്തിയതുമായ കെട്ടിടങ്ങള്‍ക്ക് പകരം പുതിയ കെട്ടിടം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ പരമാവധി അതത് വാര്‍ഡുകളില്‍ തന്നെയായിരിക്കും. വാര്‍ഡില്‍ കെട്ടിടം ലഭിക്കാത്ത പക്ഷം തൊട്ടടുത്ത വാര്‍ഡില്‍ ക്രമീകരിക്കും. മതസ്ഥാപനങ്ങളുടെയും സ്വകാര്യവ്യക്തികളുടെയും കെട്ടിടങ്ങള്‍ പരമാവധി ഒഴിവാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പഞ്ചായത്ത്, നഗരസഭ തലത്തില്‍ രാഷ്ട്രീകകക്ഷികളുടെ യോഗം മാര്‍ച്ച് പത്തിനകം ചേര്‍ന്ന് പോളിംഗ് സ്റ്റേഷനുകള്‍ സംബന്ധിച്ച് വിശദീകരിക്കും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കക്ഷിപ്രതിനിധികള്‍ക്ക് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ മുമ്പാകെ അവതരിപ്പിക്കാം. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണെങ്കില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ലഭ്യതയ്ക്കും തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രയോജനപ്പെടുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എം. സലിം, എം.ആര്‍. അഭിലാഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അഡ്വ എന്‍.സി. മോഹനന്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ (സി.പി.ഐ -എം),എം.എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി (ബി.ജെ.പി), കെ.കെ. ജയപ്രകാശ് (എന്‍.സി.പി),കെ.എ. അബ്ദുള്‍സലാം (എസ്.ഡി.പി.ഐ), കുരുവിള മാത്യൂസ് (കേരള കോണ്‍ഗ്രസ് സെക്യുലര്‍), പി.എം. ഷിബു, എന്‍. ബാലകൃഷ്ണന്‍ (ബി.എസ്.പി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Add a Comment

Your email address will not be published. Required fields are marked *