തട്ടിപ്പിന്റെയും അഴിമതിയുടെയും ഗെയിംസിൽ നിന്ന് രാജിവച്ചിരിക്കുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം : ദേശീയ ഗെയിംസ് അല്ല തട്ടിപ്പിന്റെയും അഴിമതിയുടെയും ഗെയിംസ് ആണ് ഇവിടെ നടക്കുന്നതെന്ന് സിപിഐ നേതാവ് ബിനോയ്‌ വിശ്വം. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ കമ്മറ്റികളിൽ നിന്നും താൻ രാജിവച്ചിരിക്കുന്നതായും ബിനോയ്‌ വിശ്വം
വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗെയിംസിനായി രൂപവത്ക്കരിച്ച എല്ലാ കമ്മറ്റികളും
നോക്കുകുത്തികളാക്കി മാറ്റി നഗ്നമായ അഴിമതിയാണ് ഗെയിംസിന്റെ പേരിൽ  നടക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, സ്പോർട്സ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നതായും ബിനോയ്‌ വിശ്വം ആരോപിച്ചു. ദേശീയ ഗെയിംസിന്അനുവദിച്ച കോടികൾ പല പേരുകളിൽ കൊള്ളയടിക്കപ്പെടുന്നു. നടത്തിപ്പിന്റെ ചുമതലയുള്ള നീതി ബോധമുള്ളവർ പാർശ്വവത്ക്കരിക്കപ്പെട്ടതായും ബിനോ വിശ്വം പറഞ്ഞു. ഗെയിംസ് റിലേഷൻ കമ്മറ്റീയിലാണ് എന്നെ ഉൾപ്പെടുത്തിയത്. ഉൾപ്പെടുത്തുമ്പോൾ പറഞ്ഞത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി ആവശ്യമെങ്കിൽ കൊമ്പ് കോർക്കേണ്ടിവരുമെന്നും ഇതു മുൻകൂട്ടി കണ്ടാണ്‌ ഉൾപ്പെടുതിയതെന്നാണ്. അത് തട്ടിപ്പാണെന്ന് താമസം വിനാ മനസ്സിലായി. പിന്നെ ഓരോ കമ്മറ്റികളുടെ പേരിൽ പണം കൊള്ളയടിക്കുന്നതാണ് കണ്ടത്.

ഒരു കമ്മറ്റിയും ഗെയിംസുമായി ബന്ധപ്പെട്ട് ചേരാറില്ല. പക്ഷെ ഈ കമ്മറ്റികളെല്ലാം ചേർന്നതായി രേഖയുണ്ടാക്കിയാണ് കൊള്ളയടി. ഏതൊക്കെ കമ്മറ്റികൾ ചെർന്നെന്നു രേഖയുണ്ടാവുമല്ലോ. ഈ മിനുട്സ് എല്ലാം എടുത്തുവച്ചു സർക്കാർ അടിയന്തിരമായി ഒരു യോഗം വിളിച്ചു ചേർക്കണമെന്നും ബിനോയ്‌ ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു. ഇതു പൊതുപണമാണ്. ഇതു കൊള്ളയടിക്കപ്പെടരുത്. പണം ചിലവഴിക്കുന്ന കാര്യത്തിൽ സുതാര്യത വേണം.

കോമണ്‍വെൽത്ത് ഗെയിംസ് മാതിരിയാണ് ദേശീയ ഗെയിംസ് ഒരുക്കങ്ങളും പോകുന്നത്. കോമണ്‍വെൽത്ത് ഗെയിംസ് കഴിഞ്ഞു സുരേഷ് കൽമാഡി നേരെ തിഹാർ ജയിലിലെക്കാണ് പോയതെന്ന കാര്യം ഉമ്മൻചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്ണനും മറക്കരുത്. ഗെയിംസിന്റെ പേരിൽ എന്തൊക്കെ അഴിമതികൾ നടന്നാലും ഉമ്മൻ ചാണ്ടിയും, തിരുവഞ്ചൂരും കുലുങ്ങില്ലെന്നാണ്. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നു പറയും. കേളൻ കുലുങ്ങുന്ന മട്ടിലുള്ള അഴിമതികൾ ഇവിടെ നടന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കേളൻ കുലുങ്ങുക തന്നെ വേണം. അല്ലെങ്കിൽ താൻ അഴിമതി നടത്തിയിട്ടില്ലെന്ന് ഇരുവർക്കും തെളിയിക്കേണ്ടി വരും. അത് ബുദ്ധിമുട്ടുള്ള കാര്യവുമാകും. അതുകൊണ്ടാണ് ഗെയിംസിന് ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കി ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി വാസ്തവ സ്ഥിതി വിശദീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കുറ്റമറ്റ രീതിയിൽ നടത്തേണ്ട ഗെയിംസ് ഇവിടെ അഴിമതിയുടെ പേരിലാണ് നടത്തുന്നത്. നിരന്തര അഴിമതികൾ ഗെയിംസിനെ ഒരു ദുരന്തമാക്കി മാറ്റിയതായും ബിനോയ്‌ വിശ്വം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നു. പരാതിഉണ്ടെങ്കിൽ എഴുതി തരൂ എന്ന്. പരാതി എഴുതിതന്നു അന്വേഷിക്കേണ്ട ഒരു സംഗതി ആണോ ഇവിടെ നടക്കുന്നത്. ഇതൊരു ദേശീയ ഗെയിംസ് ആണ്. രാജ്യത്തിന്റെ തന്നെ അഭിമാനമായി നടത്തേണ്ടതാണ്. കേരളത്തിന്റെയും അഭിമാനം തന്നെ ആയി മാറേണ്ടതായിരുന്നു. പക്ഷെ ഗെയിംസ് ഒരുക്കങ്ങൾ അപമാനമായാണ്‌ മാറിയത്. അഴിമതി ഈ അപമാനത്തിനു മാറ്റുകൂട്ടുകയും ചെയ്തിരിക്കുന്നു. തെറ്റായ ട്രാക്കിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഗെയിംസ് ഒരുക്കങ്ങളെ അവസാന ദിനങ്ങളിലെങ്കിലും ശരിയായ ട്രാക്കിൽ ആക്കി മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അഴിമതിക്കറ പുരണ്ട ഈ ഗെയിംസിൽ നിന്ന് താൻ എന്തായാലും പിൻവാങ്ങിയതായും ബിനോയ്‌ വിശ്വം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *