ട്രെയിന്‍തട്ടി വയോധിക മരിച്ചു; മൃതദേഹം അരഭാഗവും കാലുകളും തല്ലിയൊടിച്ചു കമ്പില്‍ കെട്ടിക്കൊണ്ടുപോയി
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ തട്ടിമരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചത് പ്രാകൃത രീതിയില്‍. മൃതദേഹം കമ്പില്‍ കെട്ടിക്കൊണ്ടുപോയെന്നു മാത്രമല്ല, ഇതിനു സൗകര്യത്തിനായി അരഭാഗവും കാലുകളും തല്ലിയൊടിച്ചെന്നുമാണ് ആക്ഷേപം. മൃതദേഹം ഒടിച്ചുമടക്കി ചുരുട്ടിപ്പൊതിഞ്ഞ് മുളങ്കമ്പില്‍ രണ്ടുപേര്‍ ചേര്‍ന്നു തൂക്കിക്കൊണ്ടുപോയതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും പത്ര, ദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു.
ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ 10 കിലോമീറ്റര്‍ ചുമന്ന ആദിവാസിയുവാവിന്റെ ദുര്യോഗം പുറത്തുവന്നതിനു പിന്നാലെയാണ് ഒഡീഷയ്ക്കു നാണക്കേടായി മനുഷ്യത്വരഹിതമായ പുതിയ സംഭവം. ബാലസോര്‍ ജില്ലയിലെ സോറോ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു ട്രെയിന്‍ തട്ടി മരിച്ച താരാമണി ബാരിക് എന്ന എണ്‍പത്തഞ്ചുകാരിയുടെ മൃതദേഹത്തിനാണ് ദുര്‍ഗതി.
പാളം കടക്കാനുള്ള ശ്രമത്തിനിടെ തീവണ്ടിയിടിച്ചുവീണ വയോധികയുടെ മരണം സോറോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിവാദസംഭവങ്ങള്‍ക്കു തുടക്കം. പോസ്റ്റ്മോര്‍ട്ടത്തിനായി 30 കി.മി. അകലെയുള്ള ബാലസോര്‍ ജില്ലാ ആശുപത്രിയിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ റെയില്‍വേ അധികൃതര്‍ക്കു ആംബുലന്‍സോ വാഹനമോ കിട്ടിയില്ല.
തുടര്‍ന്ന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തൂപ്പുകാരോട് മൃതദേഹം മാറ്റാന്‍ ജൂനിയര്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന് സഹായം ചോദിച്ചു. ഇവര്‍ വയോധികയുടെ ശരീരം കമ്പില്‍ കെട്ടികൊണ്ടുപോകാനുള്ള സൗകര്യത്തിനായി അരഭാഗവും കാലുകളും തല്ലിയൊടിച്ചു ഷീറ്റിനുള്ളില്‍ പൊതിഞ്ഞുകെട്ടുകയായിരുന്നു. മരണശേഷം തന്റെ അമ്മയോട് മനുഷ്യത്വ രഹിതമായാണ് റെയില്‍വേ പോലീസ് പെരുമാറിയതെന്ന് താരാമണിയുടെ മകന് രബീന്ദ്ര ബാരിക് പറഞ്ഞു. അസ്ഥികള്‍ അടിച്ചുനുറുക്കിയ തൂപ്പുകാര്‍ അടക്കമുള്ളവരെ ശിക്ഷിക്കണമെന്നും ബാരിക് ആവശ്യപ്പെട്ടു.