ജോര്‍ജിനെതിരെ നേതാക്കള്‍ ഒറ്റക്കെട്ട്
ഹിന്ദുസ്ഥാന്‍ സമാചാര്‍: ചീഫ് വിപ്പ് സ്ഥാനം താന്‍ ഒഴിയാന്‍ തയ്യാറാണെന്ന് പി.സി.ജോര്‍ജ് പ്രഖ്യാപിച്ചിരിക്കെ അതൊന്നും ഗൌനിക്കാതെ പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും, ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തിരക്കിട്ട നീക്കങ്ങള്‍. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ജോര്‍ജിനെ നീക്കുന്നതിന്നായി കെ.എം.മാണിയും പി.ജെ.ജോസഫും മുഖ്യമന്ത്രിയെ കണ്ടു. പാര്‍ട്ടിയില്‍ നിന്നും തല്ക്കാലം പുറത്താക്കാതെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാത്രം നീക്കാനാണ് തീരുമാനം. കെ.എം മാണിയെ സ്ഥിരമായി അധിക്ഷേപിക്കുന്ന ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ഇന്നു കെ.എം.മാണിയുടെ വീട്ടില്‍ കൂട്ടിയ യോഗത്തിലെ എം.എല്‍.എമാരുടെ പൊതുവികാരം. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെ.എം മാണി തയ്യാറായില്ല. ജോര്‍ജിനെ ചീഫ് വിപ്പാക്കിയ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തന്നെ ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനിച്ചാല്‍ അത് യുഡിഎഫിന് അംഗീകരിക്കേണ്ടി വരും. ഇതോടെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നതിനും ജോര്‍ജിന് വിലക്ക് വരും. ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ജോര്‍ജിനെ പുറത്താക്കുക എന്ന ആവശ്യവുമാ യാണ് കേരളാ കോണ്‍ഗ്രസ് നേതൃയോഗം തിരുവനന്തപുരത്ത് കൂടിയത് . ജോര്‍ജിനെ ക്ഷണിക്കാതെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് യോഗത്തില്‍ എം.എ.എമാര്‍ ആവശ്യമുന്നയിച്ചു. ജോര്‍ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്ടപ്പെടുമെന്ന് യോഗത്തില്‍ അഭിപ്രായവും ഉയര്‍ന്നിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്നും എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് ജോര്‍ജ് തിരിച്ചറിയുകയും തന്റെ പതിവ് പ്രസ്താവനാ യുദ്ധങ്ങളിലേക്ക് കടക്കുകയുമായിരുന്നു. ബാര്‍ക്കോഴ ആരോപണം നേരിടുന്ന മന്ത്രി കെ.എം. മാണി നേരത്തെ രാജിവെയ്ക്കേണ്ടതായിരുന്നു എന്ന ജോര്‍ജിന്റെ പ്രസ്താവനയോടെയാണ് പാര്‍ട്ടിയില്‍ ജോര്‍ജും മാണിയും തമ്മില്‍ ഇടയുന്നത് . മാണിയെ വെട്ടിലാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ ജോര്‍ജ് ചീഫ് വിപ്പ് എന്ന പദവി ആര്‍ക്കും വേണ്ടാത്ത സ്ഥാനമാണെന്നും പറഞ്ഞിരുന്നു. പാർട്ടി നടുക്കലിൽ അല്ലെന്ന് മാണി പറഞ്ഞിട്ടും അതിനെ മറികടന്ന് അത് മാണിയുടെ മാത്രം അഭിപ്രായമാണെന്ന് ജോർജ് പറഞ്ഞത് മാണിയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നു മാണിയുടെ വീട്ടില്‍ ചേര്‍ന്ന എംഎല്‍എ മാരുടെ നേതൃയോഗം വരെ മാണി കാത്തു നിന്നു. ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍. പാര്‍ട്ടി തന്റെ പിന്നില്‍ ഒറ്റക്കെട്ടാണെന്ന് ഈ യോഗത്തിലൂടെ മാണി ഉറപ്പു വരുത്തുകയും ചെയ്തു. ഇന്ന് മാണിയുടെ വീട്ടില്‍ കൂടിയ യോഗത്തില്‍ മാണിയുടെ മനസ് മനസിലാക്കിയശേഷം പി.ജെ.ജോസെഫും ശക്തമായ നിലപാട് തന്നെയാണ് ജോര്‍ജിനെതിരെ എടുത്തത്. തനിക്കൊപ്പമാണെന്ന് ജോര്‍ജ് കരുതിയ എംഎല്‍എ മാരും യോഗത്തോടെ മാണിക്ക് ഒപ്പമാണെന്ന് ജോര്‍ജിന് വ്യക്തമായി. ഇതെല്ലാം ജോര്‍ജിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ മാണി ഗ്രൂപ്പില്‍ നിന്നും പുറത്തുപോകേണ്ടി വന്നാല്‍ പഴയ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ ജോര്‍ജ് പരിപാടിയിട്ടു തുടങ്ങിയിട്ടുണ്ട്. മാണി ഗ്രൂപ്പില്‍ നിന്നും പുറത്തു പോകേണ്ടിവന്നാല്‍ ഒരു പക്ഷെ യുഡിഎഫ് വിടേണ്ട അവസ്ഥയും വന്നു ചേരാം. അതുകൊണ്ട് തന്നെ ജോര്‍ജിന്റെ നോട്ടം എല്‍ഡിഎഫിലേക്ക് നീങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം തീരുമാനം ജോര്‍ജിന് അനുകൂലമെന്നും സൂചനകളുണ്ട്. പിണറായി വിജയന് പ്രതികരിച്ചത് ജോര്‍ജ് എല്ഡിഎഫിലെക്കാണെങ്കില് ആ തീരുമാനം എല്‍ഡിഎഫാണ് കൈക്കൊള്ളേണ്ടതെന്നാണ്. ഇത് തന്നെ സിപിഎം ജോര്‍ജിന് അനുകൂലമായി ചിന്തിക്കുന്നു എന്നതിന് തെളിവാകുന്നു. (മനോജ്)