ധര്‍മടത്തെ കള്ളവോട്ട് കേരളത്തെ ഞെട്ടിച്ചു: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം ന്മ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ അടക്കം കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദൃശ്യങ്ങള്‍ വന്നതോടെ കള്ളവോട്ട് നിഷേധിക്കാനാവാത്ത സ്ഥിതിയിലാണ് സിപിഎം. അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സിപിഎം പാര്‍ട്ടിഗ്രാമങ്ങള്‍ നിലനിര്‍ത്തുന്നത്. വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് സിപിഎം തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ധര്‍മടം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി യുഡിഎഫാണ് ആരോപിച്ചത്. ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിഡിയോ റെക്കോര്‍ഡിങ് ദൃശ്യങ്ങള്‍ പരാതിയുണ്ടായതിനെ തുടര്‍ന്നു പരിശോധിച്ചപ്പോഴാണു കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, ആരോപണം സിപിഎം നിഷേധിക്കുകയായിരുന്നു.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ വോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് യുഡിഎഫ് പരാതി നല്‍കിയത്. ധര്‍മടത്തെ അഞ്ചു ബൂത്തുകളില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് ശേഷം വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നുവെന്നാണ് ആരോപണം.

Add a Comment

Your email address will not be published. Required fields are marked *