ജി.കാര്‍ത്തികേയന്‍: ഒരു സൌമ്യസൂര്യന്റെ അസ്തമനം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : കേരളാ രാഷ്ട്രീയത്തിലെ സൌമ്യസൂര്യന്റെ അസ്തമയമാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തിലൂടെ സംഭവിച്ചത്. കക്ഷിരാഷ്ട്രീയത്തിന്നതീതമായ വ്യക്തി ബന്ധങ്ങളായിരുന്നു ജ.കാര്‍ത്തികേയന്റെ കരുത്ത്. ആരും കാര്‍ത്തികേയനെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ വീക്ഷിച്ചില്ല. രാഷ്ട്രീയത്തില്‍ കാര്‍ത്തികേയന്‍ വേറിട്ട്‌ നിന്നു, എപ്പോഴും. പ്രസംഗങ്ങളിലും, പ്രവര്‍ത്തികളിലും അദ്ദേഹം ഒരു കാര്‍ത്തികേയന്‍ ടച്ച്‌ എപ്പോഴും സ്വീകരിച്ചു. മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തനായി സാഹിത്യത്തിലും, കലയിലും, സിനിമയിലും, വായനയിലും അഭിരമിച്ചു. കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നതിലും അദ്ദേഹം വലിയ താല്പര്യം കാട്ടി. ഇന്ത്യാടുഡേക്കുവേണ്ടി വാര്‍ത്ത ചെയ്യുന്ന ഘട്ടത്തില്‍ ഒരു തിബത്തന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യാടുഡേയില്‍ നിന്നാണെന്നു അറിഞ്ഞപ്പോള്‍ അദ്ദേഹം വലുതായ വിവരങ്ങള്‍ നല്‍കി.

തിബത്തന്‍ സംഘങ്ങള്‍ പങ്കുവെച്ച വിവരങ്ങള്‍. ഇന്ത്യാടുഡേയില്‍ അതച്ചടിച്ചു വന്നപ്പോള്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു. ഇന്ത്യാടുഡേ എന്റെ കയ്യില്‍ എത്തിയതെയുള്ളൂ. ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നു. വിവരങ്ങള്‍ക്ക് വിളിച്ചപ്പോഴൊക്കെ അദ്ദേഹം സൌമ്യമായി പെരുമാറി. നിയമസഭയിലും യുഡിഎഫിനു വലിയ തലവേദനയില്ലാതെ നീങ്ങിയത് കാര്‍ത്തികേയന്‍ സ്പീക്കര്‍ കസേരയിലിരുന്നതിന്നാലാണ്. ലീഡര്‍ കെ.കരുണാകരന്റെ രണ്ട് സന്തത സഹചാരികളായിരുന്നു ജി.കാര്‍ത്തികേയനും, രമേശ്‌ ചെന്നിത്തലയും. കെ.മുരളിധരന്‍ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ സജീവമായതോടെ കാര്‍ത്തികേയനും, ചെന്നിതലയ്ക്കുമെല്ലാം സാധ്യതകള്‍ കുറഞ്ഞു. ആ ഘട്ടത്തിലാണ് കോണ്‍ഗ്രസിനെ തന്നെ അമ്പരിപ്പിച്ചു കൊണ്ട് തിരുത്തല്‍ വാദവുമായി ജി.കാര്‍ത്തികേയനും, രമേശ്‌ ചെന്നിത്തലയും രംഗത്ത്‌ വന്നത്. ജി.കാര്‍ത്തികേയന്‍ കേരളമാകെ പ്രസംഗിച്ചു. ജീവിതത്തിന്റെ വസന്തങ്ങളാണ് ഞാന്‍ ലീഡര്‍ക്കുവേണ്ടി സമര്‍പ്പിച്ചത്.

ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഞങ്ങള്‍ ലീഡര്‍ക്ക് നല്‍കി. എന്നിട്ടും ഞങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. പക്ഷെ പിന്നീട് ഒരു ജി.കാര്‍ത്തികേയന്‍ യുഗം വരിക തന്നെ ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറിയും, വൈസ് പ്രസിഡന്ടുമായി. രണ്ട് തവണ പ്രതിപക്ഷ ഉപനെതാവായി. ആറു തവണ എംഎല്‍എ യായി.രണ്ടു തവണ മന്ത്രിയായി. വലിയ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒന്നും കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണില്‍ കാര്‍ത്തികെയന്‍ വീക്ഷിച്ചുമില്ല. സഹായം തേടി വന്നവരെ കാര്‍ത്തികെയന്‍ നിരാശനാക്കിയില്ല. ആദര്‍ശത്തിന്റെ കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തതുമില്ല. അധികാരത്തിന്റെ പിന്നാലെ പോയതുമില്ല. അദ്ദേഹം എപ്പോഴും സ്വീകാര്യനായി നിന്നു. ഇതായിരുന്നു കാര്‍ത്തികേയന്റെ വിജയവും. സ്പീക്കര്‍ പദവി ത്യജിക്കേണ്ടി വരുമെന്ന ഒരു ഘട്ടം വന്നപ്പോള്‍ കാര്‍ത്തികേയന്‍ പറഞ്ഞു. ആവശ്യപ്പെട്ടാല്‍ ഒരു ഇല കൊഴിയുന്ന നിശബ്ദതതയോടെ സ്ഥാനത്യാഗത്തിനു തയ്യാര്‍. രോഗം പിടി മുറുക്കിയപ്പോള്‍ സ്പീക്കര്‍ പദവി ഒഴിയാന്‍ കാര്‍ത്തികേയന്‍ ആഗ്രഹിച്ചു. മന്ത്രി പദവി മതി എന്നദ്ദേഹം തീരുമാനവും എടുത്തിരുന്നു. പക്ഷെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് താല്പര്യം കാര്‍ത്തികേയന്‍ കെപിസിസി അധ്യക്ഷനാകണമെന്നായിരുന്നു. പക്ഷെ അപ്പോഴേക്കും കാര്‍ത്തികേയനില്‍ രോഗം പിടിമുറുക്കിയിരുന്നു. പിന്നീട് അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയായിരുന്നു.

കുറച്ചു ഭേദമായപ്പോള്‍ പൊതു രംഗത്തേക്ക് ഇറങ്ങിയതുമായിരുന്നു. അപ്പോഴേക്കും അസുഖം അധികരിക്കുകയും ബംഗളൂരുവിലെ എച്ച്സിജിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മരണവും ഈ ആശുപത്രിയില്‍ നിന്നുതന്നെയായി. കേരളം കാണുന്നത് ഒരു സൌമ്യ സൂര്യന്റെ അസ്തമനം തന്നെ.

Add a Comment

Your email address will not be published. Required fields are marked *