ജില്ലാ പഞ്ചായത്തിന്റെ എജ്യുസൈക്കിള് പദ്ധതിക്ക് എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ തുടക്കം
കൊച്ചി: സൈക്കിളില്‍ സ്കൂളിലേക്ക്, ആരോഗ്യത്തിലേക്ക് എന്ന മുദ്രാവാക്യവുമായി എറണാകുളം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച സൈക്കിള്‍ വിതരണ പദ്ധതിയ്ക്ക് എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ തുടക്കമായി. എജ്യുസൈക്കിള് എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതിയില്‍ ജില്ലയിലാകെ ആയിരം സൈക്കിളുകളാണ് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
എറണാകുളം വിദ്യാഭ്യാസജില്ലയിലെ 66 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ഹൈബി ഈഡന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വത്സ കൊച്ചുകുഞ്ഞ്, അഡ്വ. സാജിത സിദ്ധിഖ്, കെ.കെ. സോമന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, ഡിഇഒ സുഭദ്രവല്ലി എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യമുള്ള ജീവിതത്തിലേക്ക് സൈക്കിളോടിച്ച് മുന്നേറുക എന്ന സന്ദേശത്തോടെയാണ് എജ്യുസൈക്കിള് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. ഹൈസ്ക്കൂള് ക്ലാസുകളില്‍ പട്ടികജാതി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ആരോഗ്യ, ഊര്‍ജ പരിപാലനം, പഠനം മെച്ചപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്തുന്നതിനുള്ള സഹായപദ്ധതിക്കും ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നവരുടെ വിമാന ടിക്കറ്റ്, വീസ നിരക്കുകള്‍ ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.