ജയന്തിയുടെ രാജി : കേരളത്തിലെ പ്രതികരണങ്ങള്‍

മനോജ്‌ എട്ടുവീട്ടില്‍

ജയന്തി നടരാജന്റെ രൂക്ഷമായ രാഹുൽ ഗാന്ധി-സോണിയാ വിമർശനങ്ങളും, കോണ്‍ഗ്രസിൽനിന്നുള്ള രാജിയും കേരളത്തിലും ചൂടേറിയ ചർച്ചയ്ക്കു കാരണമാകുന്നു.  ഒരു രക്തസാക്ഷിയുടെ ഇമേജ് ജയന്തി നടരാജന് നല്കുന്ന വിധത്തിൽ ജയന്തിയുടെ തന്നെ 2013-ലെ സോണിയാ ഗാന്ധിക്കുള്ള കത്ത് ഹിന്ദു പത്രം പുറത്തുവിട്ടതോടെ  അത് കോണ്‍ഗ്രസിനകത്തു തന്നെ ഉരുൾപൊട്ടൽ സൃഷ്ടിച്ചിരിക്കുന്നു. പുറത്തു വിട്ട കത്ത് കോണ്‍ഗ്രെസ്സിനകത്തെ സോണിയാഗാന്ധി-രാഹുൽ മേധാവിത്തത്തിനു വെല്ലുവിളികൾ സൃഷ്ടിക്കുമ്പോൾ .
അത്  കേരളത്തിലും സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിക്കാൻ കാരണമായിരിക്കുന്നു . ഭരണം ഇല്ലാതാകുമ്പോൾ നേതാക്കൾ മറുകണ്ടം ചാടുന്നത് അപകടകരമായ പ്രവണതയാണെന്ന് കോണ്‍ഗ്രസ്‌ , സിപിഎം നേതാക്കൾ പറയുമ്പോൾ കാത്തിരുന്നു പ്രതികരിക്കാമെന്നാണ് ബിജെപി നിലപാട്. കോണ്‍ഗ്രസ്‌ സീനിയർ നേതാവായ ജയന്തി നടരാജന്റെ വെളിപ്പെടുത്തലും രാജിയും  കടുത്ത അസ്വസ്ഥകളാണ് കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. വരാനിരിക്കുന്ന തുടർ പരമ്പര പോലുള്ള സംഭവവികാസങ്ങളോട് പ്രതികരിക്കാൻ തങ്ങളില്ലെന്ന മനോഭാവമാണ്  കേരളത്തിൽ കോണ്‍ഗ്രെസിനെ നയിക്കുന്ന തമ്പാനൂർ രവിയെപ്പോലുള്ളവർക്കുള്ളത്. രാഹുൽഗാന്ധിക്കെതിരെ ജയന്തി നടരാജൻ ചൊരിഞ്ഞ രൂക്ഷ വിമർശനത്തിന്നെതിരെ കോപക്രാന്തനായാണ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഹിന്ദുസ്ഥാൻ സമാചാറി നോട് പ്രതികരിച്ചത്. ജയന്തി നടരാജൻ രാജി വച്ചത് അങ്ങ് ദില്ലിയിലാണ്. അതിനു കേരളവുമായി നെരിട്ട് ബന്ധമൊന്നുമില്ല. എന്തായാലും കേന്ദ്രത്തിൽ ഭരണം നഷ്ടമായി എന്ന് കരുതി കേരളത്തിൽ നിന്ന് ഒരു കൂറുമാറ്റവും സംഭവിക്കില്ല. പക്ഷെ കേന്ദ്രത്തിലെ വനിതാ കോണ്‍ഗ്രസ്‌ നേതാക്കൾ മറുകണ്ടം ചാടുന്നതിന്നെതിരെ പ്രതികരിക്കാൻ തമ്പാനൂർ രവി തയ്യാറായില്ല.

പക്ഷെ തമ്പാനൂർ രവിയുടെ നിലപാടല്ല കോണ്‍ഗ്രസ്‌ വക്താവായ രാജ്മോഹൻ ഉണ്ണിത്താൻ സ്വീകരിച്ചത്. “നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ കോണ്‍ഗ്രസ്‌ ഹൈക്കമാണ്ടിനു  തെറ്റുപറ്റുന്നുണ്ട്. അത്തരം ഒരു തെറ്റാണ് ജയന്തി നടരാജൻ. ജയന്തി നടരാജനെ മനസ്സിലാക്കാൻ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ നേതാക്കൾക്ക് ഇതേ വരെ കഴിഞ്ഞില്ല. കോണ്‍ഗ്രസിന് സംഭവിച്ച  വലിയ തെറ്റാണിത്.” രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് സകല സൌഭാഗ്യങ്ങളും അനുഭവിച്ചതും, ആസ്വദിച്ചതുമായ നേതാക്കളിൽപ്പെട്ട ഒരു വനിതാ നേതാവാണ്‌ ജയന്തി നടരാജൻ. കോണ്‍ഗ്രസിന്‌ മോശം വന്നപ്പോൾ അവർ പിന്നിൽ നിന്ന് കുത്തി. സോണിയാഗാന്ധിയെക്കൊണ്ടും, രാഹുൽ ഗാന്ധിയെക്കൊണ്ടും ഏറ്റവും കൂടുതൽ നേട്ടങ്ങളു ണ്ടാക്കിയ നേതാക്കളാണ് ഇപ്പോൾ അവരെ തള്ളിപ്പറയുന്നത്.

രാഹുലിനെയും, സോണിയയെയും തള്ളിപ്പറഞ്ഞാൽ മാത്രമേ ബിജെപിയിൽ അവസരം ലഭിക്കൂ എന്ന് മനസീലാക്കിയാണ് ജയന്തി ഇരുവരെയും നെരിട്ട് ആക്രമിക്കുന്നത്. പറയുന്നകാര്യങ്ങൾക്ക് അലപമെങ്കിലും വിശ്വാസ്യത ലഭിക്കാനാണ് ഇപ്പോൾ ഒരു പാർടിയിലും ചേരുന്നില്ലെന്ന് ജയന്തി നടരാജൻ പറയുന്നത്. അവര് ബിജെപിയിൽ തന്നെ ചേക്കേറും. തമിഴ്നാട്ടിലെ നേതാവാണ്‌ ജയന്തി. തമിഴ്നാട്ടിൽ ഒരു കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി ഉണ്ടാക്കാൻ ജയന്തി നടരാജൻ അടക്കമുള്ള നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര കോണ്‍ഗ്രസ്‌ നേതൃത്വം എഐഎഡിഎംകെയുടെയും, ഡിഎംകെയുടെയും കാലുപിടിച്ചുണ്ടാക്കുന്ന ഐക്യങ്ങളുടെ ഗുണഭോക്താവാണ് ജയന്തി നടരാജനെപ്പോലുള്ള ആളുകൾ. ജയന്തി നടരാജനൊന്നും സ്വന്തം സംസ്ഥാനത്ത് കോണ്‍ഗ്രസ്‌ ഉണ്ടാക്കാൻ കഷ്ടപ്പെടാത്ത നേതാക്കളാണ്. സംസ്ഥാന തലത്തിൽ കോണ്‍ഗ്രസിനെ നോക്കാൻ കെൽപില്ലാത്ത നേതാക്കളാണ് മറ്റു സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ്‌ ഉണ്ടാക്കാൻ നടക്കുന്നത്. അവരാദ്യം സ്വന്തം സംസ്ഥാനങ്ങളിൽ  കോണ്‍ഗ്രസിനെ ഉണ്ടാക്കട്ടെ. ഹൈക്കമാന്റ് ഈ യാഥാർത്യം മനസ്സിലാക്കണം. സ്വന്തം സംസ്ഥാനത്ത് അസ്തിത്വമുള്ളവരെയും, കോണ്‍ഗ്രസ്‌ പാരമ്പര്യമുള്ളവരെയും മാത്രം നേതൃത്വത്തിൽ കൊണ്ടുവന്നാൽ മതി. പക്ഷെ ഇന്നു കോണ്‍ഗ്രെസ്സിലുള്ള നേതാക്കൾ സ്വന്തം നേതാക്കൾക്ക് മാത്രമല്ല ശത്രുക്കൾക്ക് കൂടി സ്തുതിപാടുന്നവരാണ്. ജയന്തി നടരാജനിൽ നിന്നും ഹൈക്കമാന്റ്റ് പാഠമുൾക്കൊള്ളണം. രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. ” ജയന്തി നടരാജനെപ്പോലുള്ളവർ കാണിക്കുന്നത് അപകടകരമായ പ്രവണതയാണ്.” മുൻ നിയമമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ എം.വിജയകുമാർ പറയുന്നു. പാർടി നയിക്കുന്ന നേതാക്കൾ പാർടി മാറുന്നത് കോണ്‍ഗ്രസിന്റെ അസ്തിത്വത്തെത്തന്നെ ബാധിക്കുന്നതാണ്. കോണ്‍ഗ്രസ്‌ ഇത്രയെ ഉള്ളൂ  എന്നാണു നയിക്കുന്ന നേതാക്കൾ തന്നെ മനസിലാക്കുന്നത്‌. കോണ്‍ഗ്രസ്‌ കാര്യങ്ങളിൽ നേതാക്കൾക്ക്കൂടി വ്യക്തതയില്ലാത്ത അവസ്ഥയാണ്. ബിജെപിക്ക് ദേശീയ തലത്തിൽ ബദൽ കോണ്‍ഗ്രസാണ്. അത് നേതാക്കൾ തന്നെ മനസ്സിലാക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ സ്വന്തം സംസ്ഥാനമായിരുന്നു. ഗുജറാത്ത്‌. പക്ഷെ അവിടെ ബിജെപി ഇന്നു മൂന്നാമൂഴമാണ്. പ്രതിപക്ഷത്തിന്റെ റോൾ എടുക്കാൻ കൂടി അവിടെ കൊണ്ഗ്രെസ്സിനു കഴിയുന്നില്ല.ദേശീയ അംഗീകാരമുള്ള ഒരു ലീഡർഷിപ്പ് കോണ്‍ഗ്രെസ്സിനില്ലാത്തതിന്റെ പ്രശ്നമാണ് കോണ്‍ഗ്രസ്‌ നേരിടുന്നത്. ജയന്തി നടരാജൻ തെളിയിക്കുന്നതും ഈ കാര്യം തന്നെയാണ്. എം.വിജയകുമാർ പറയുന്നു.

പക്ഷെ സംസ്ഥാന ബിജെപി നേതൃത്വം കാത്തിരുന്നു  കാണാമെന്നാണ് പ്രതികരിക്കുന്നത്. ഈ കാര്യത്തിൽ കരുതലോടെ മാത്രമേ ഇടപെടുകയുള്ളൂ. ജയന്തി നടരാജൻ ബിജെപിയിൽ ചേരുമെന്ന് പറഞ്ഞിട്ടില്ല. വന്നാൽ ബിജെപി സ്വാഗതം ചെയ്യും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് പറയുന്നു.

പക്ഷെ  ഇതവസരവാദ രാഷ്ട്രീയത്തിന്റെ പച്ചയായ മുഖമാണെന്ന് പറയുന്നു സിപിഎം സംസ്ഥാന നേതാവായ ആനത്തലവട്ടം ആനന്ദൻ. ഏതു തരത്തിലുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ ദേശീയ നേത്രുത്വത്തിലുള്ളതെന്നു ജയന്തി നടരാജനെപ്പോലുള്ള നേതാക്കൾ വ്യക്തമാക്കുന്നു. കാരണം ഗാന്ധിജിയുടെ ആശയസംഹിതകൾ പിന്തുടരുന്നവരെന്നു അഭിമാനിക്കുന്നവരാണ് ജയന്തി നടരാജനെപ്പോലുള്ള നേതാക്കൾ. ഇത്രയും കാലം ഇവർ ഗാന്ധിജിയെപൊക്കിപ്പിടിച്ച് നടന്നത് എന്തിന്റെ  പേരിലായിരുന്നു. കോണ്‍ഗ്രെസിനെ ജനങ്ങൾക്ക്‌ മനസീലാക്കാൻ കഴിയുന്ന സന്ദർഭമാണ് ജയന്തി നടരാജൻ ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. ഗാന്ധിയൻ ആദർശമെന്നു കോണ്‍ഗ്രസ്‌ പറയുന്നത് വെറുതെയെന്നു ജനങ്ങൾക്ക്‌ മനസിലാകുന്നു. ഇതൊക്കെ കാണുന്ന, ദേശീയതയും, ജനാധിപത്യവും പ്രസംഗിക്കുന്ന എ.കെ.ആന്റണിയെപ്പോലുള്ളവർ ഏതു മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു. അവരെയൊന്നും തന്നെ കാണാനെയില്ല. കോണ്‍ഗ്രസ്സിന്റെ ജനാധിപത്യവും, മതേതരത്വവും വെള്ളത്തിൽ വരച്ച വരപോലെയാണെന്ന് ജയന്തി നടരാജൻ തെളിയിച്ചിരിക്കുന്നു. ആനത്തലവട്ടം ആനന്ദൻ പറയുന്നു. എന്തായാലും ജയന്തി നടരാജനെപ്പോലുള്ള ഒരു നേതാവിന്റെ കൂറുമാറ്റം കേരളത്തിലും ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ജയന്തിയെപ്പോലുള്ള നേതാക്കൾ ഇനിയും ഈ പാത പിന്തുടരുമോ എന്ന സംശയവും നേതാക്കൾക്കിടയിൽ പരന്നിരിക്കുന്നു.

മനോജ്‌ എട്ടുവീട്ടില്‍

Add a Comment

Your email address will not be published. Required fields are marked *