ജനസമ്പര്‍ക്കം

കൊച്ചി:ഏപ്രില്‍ 23ന് കളക്‌ട്രേറ്റില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015ലേക്ക് ഇക്കുറി ലഭിച്ചത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി പരാതി. കഴിഞ്ഞവര്‍ഷം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 3500 പരാതികള്‍ ലഭിച്ച സ്ഥാനത്ത് ഇക്കുറി കിട്ടിയത് 7500 പരാതിയാണ്. രോഗികള്‍ക്കും മറ്റും പ്രത്യേകമായി ഇനിയും പരാതി നല്‍കാന്‍ അവസരമൊരുക്കുമെന്ന ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ പ്രഖ്യാപനത്തോടെ പരാതികളുടെ എണ്ണം ഇനിയും ഉയരും. കരുതല്‍ 2015 ദിനത്തിലും പരാതികള്‍ നല്‍കാമെന്നതിനാല്‍ പരാതി പ്രളയം തന്നെയാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ല ഭരണകൂടം.

മുഖ്യമന്ത്രിയുടെ സഹായത്തിനായി രോഗികളെ നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി നിയമിച്ചിട്ടുള്ള ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി സബ്. കളക്ടര്‍ എസ്.സുഹാസും സംഘവും നാളെ മുതല്‍ (ഏപ്രില്‍ 06) ജില്ലയിലെ വിവിധ താലൂക്കുകളില്‍ സന്ദര്‍ശനം നടത്തും. തഹസില്‍ദാര്‍മാരും ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഡോക്ടര്‍മാരും അടങ്ങിയതാണ് സംഘം. ഈമാസം എട്ടുവരെ രോഗികളെ നേരില്‍കാണും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നേരിട്ടുതന്നെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം അനുവദിക്കുംവിധമാണ് ഇത്തവണത്തെ ക്രമീകരണം.

മുന്‍വര്‍ഷത്തെ ജനസമ്പര്‍ക്കപരിപാടിയില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി തിരഞ്ഞെടുക്കപ്പെടുന്ന 100 പരാതിക്കാര്‍ ഒഴികെയുള്ള ബാക്കിയെല്ലാ പരാതിക്കാരെയും മുഖ്യമന്ത്രി അവരവരുടെ ഇരിപ്പടങ്ങള്‍ക്കരികിലെത്തിയാകും കാണുക. സ്റ്റേജിലേക്കുള്ള അനിയന്ത്രിതമായ ജനപ്രവാഹം തടയുകയും യഥാര്‍ഥ പരാതിക്കാരനെ നേരില്‍ കാണാനുമുള്ള അവസരമായി ഇതിനെ മാറ്റുകയുമാണ്. മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതനുസരിച്ചാണ് ഇത്തരമൊരു മാറ്റം സംസ്ഥാനതല സമതി കൈകൊണ്ടത്.

കളക്‌ട്രേറ്റിലെ പന്തല്‍ നിര്‍മാണം വിഷു കഴിഞ്ഞാലുടന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും കരുതല്‍ 2015 വേദി സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കാണ് പന്തല്‍ ഉള്‍പ്പടെയുള്ളവയുടെ ചുമതല. പന്തലിനോട് ചേര്‍ന്ന് മുഖ്യമന്ത്രിക്കു വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം എല്ലാ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ഇരിപ്പടമൊരുക്കും. കരുതല്‍ 2015 സമാപിക്കുംവരെ അതത് സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.കരുതല്‍ 2015ല്‍ പരിഗണിക്കേണ്ട പരാതികളുടെ അന്തിമ പരിശോധന ഈമാസം 10ന് കളക്‌ട്രേറ്റില്‍ നടത്തും. ജില്ലയുടെ ചമുതലയുള്ള മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ മുഴുവന്‍ പങ്കെടുക്കണമെന്ന് ജില്ല കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനകം ഓരോ വകുപ്പുകള്‍ക്കും ലഭിച്ച പരാതിയിലുള്ള നടപടി കളക്‌ട്രേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന 100 പേരെയായിരിക്കും മുഖ്യമന്ത്രി ജനസമ്പര്‍ക്കത്തില്‍ ആദ്യം നേരില്‍ കാണുക. 12ന് മുഖ്യമന്ത്രി തന്നെ നേരിട്ടു വീഡിയോ കോണ്‍ഫ്രന്‍സ് വഴി വീണ്ടും ജില്ലകളിലെ പുരോഗതി വിലയിരുത്തും.

ജിബി സദാശിവൻ
കൊച്ചി

Add a Comment

Your email address will not be published. Required fields are marked *