ജനശതാബ്ദി ട്രെയിന്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്
ഷിംല: ഹിമാചലിലെ അഡീഷണല്‍ ജില്ലാ കോടതി ഉത്തരവ് നടപ്പാവുകയാണെങ്കില്‍ ഉനാ ജില്ലയിലെ രണ്ട് കര്‍ഷകര്‍ ഡല്‍ഹി-ഉനാ ജനശതാബ്ദി ട്രെയിനിന്റെ ഉടമകളാവും റെയില്‍വെ ഇരുവര്‍ക്കും നല്‍കാനുളള 35 ലക്ഷം രൂപ നഷ്ടപരിഹാരം ഏപ്രില്‍ 15 ന് അകം നല്‍കിയില്ലെങ്കില്‍ ട്രെയിന്‍ ജപ്തി ചെയ്യാന്‍ ഉനാ കോടതി ഉത്തരവിട്ടു. മേല റാമിന് 8.91 ലക്ഷം രൂപയും മണ്ഡല് ലാലിന് 26.53 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കാനുളളത്. 1998 ല്‍ ആണ് ഇവരുടെ ഭൂമി ഏറ്റെടുത്തത്. തുടര്‍ന്ന് നഷ്ടപരിഹാരത്തുക കൂട്ടിക്കിട്ടുന്നതിനായി ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഉനാ-അമ്പ ട്രാക്ക് നിര്‍മ്മിക്കുന്നതിനായി മേല റാം, മണ്ഡല് ലാല്‍ എന്നിവരുടെ ഭൂമി റെയില്‍വെ ഏറ്റെടുത്തുവെങ്കിലും നഷ്ടപരിഹാര തുക നല്കുന്നതില് പരാജയപ്പെട്ടു. 2013 ല്‍ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ ആറാഴ്ചയ്ക്കുളളില്‍ കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, റെയില്‍വെ അതിലും വീഴ്ച വരുത്തിയിരുന്നു.
(രാജി രാമന്‍കുട്ടി )