ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക ദൗത്യസേനയിലെ ഏഴ് പൊലീസുകാർ കൊല്ലപ്പെട്ടു

സുക്മ : ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക ദൗത്യസേനയിലെ ഏഴ് പൊലീസുകാർ കൊല്ലപ്പെട്ടു. പരിക്കേറ്റ പത്ത് പേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹെലികോപ്‌ടറിൽ റായ്‌പൂരിലെ ആശുപത്രയിലേക്ക് കൊണ്ടുപോയി.
പ്ളാറ്റൂൺ കമാൻഡർ ശങ്കർ റാവു, ഹെഡ് കോൺസ്റ്റബിൾമാരായ രോഹിത് സോധി, മനോജ് ഭഗേൽ, കോൺസ്റ്റബിൾമാരായ വി.കെ.  മോഹൻ, രാജ്കുമാർ മാർകം, കിരൺ ദേഷ്‌മുഖ്, രാജ്മൻ ടിക്കാം എന്നിവരാണ് കൊല്ലപ്പെട്ടത്.

സുക്മ ജില്ലയിലെ ദ്രോണപാൽ- ചിന്തഗൂഫ മേഖലയിൽ പിദ്മേദ് ഗ്രാമത്തിൽ ഇന്നലെ രാവിലെ പത്ത് മണിയോടെ യാണ് ഏറ്റുമുട്ടൽ നടന്നത്. പതിയിരുന്ന മാവോയിസ്റ്റുകൾ 61 അംഗ ദൗത്യ സംഘത്തെ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ദൗത്യസേന തിരിച്ചടിച്ചു.  മാവോയിസ്റ്റ് സംഘത്തിൽ നൂറോളം പേരുണ്ടായിരുന്നു. ഒന്നര മണിക്കൂർ നീണ്ട വെടിവയ്പിൽ മാവോയിസ്റ്റുകൾ ആരും കൊല്ലപ്പെട്ടില്ലെന്നാണ് അറിയുന്നത്.  മരിച്ച പൊലീസുകാരുടെ ആയുധങ്ങൾ മാവോയിസ്റ്റുകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്.
യുവ ഗോത്ര നേതാവായ ഹിദ്‌മ നയിക്കുന്ന മാവോയിസ്റ്റുകളുടെ രണ്ടാം ബറ്റാലിയന്റെ താവളമാണ് ഏറ്റുമുട്ടൽ നടന്ന പ്രദേശം. മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ മേഖലാ കമ്മിറ്റി അംഗവുമാണ് ഹിദ്മ.കഴിഞ്ഞകുറേ മാസങ്ങൾക്കിടെയുണ്ടായ ഏറ്റവും കടുത്ത ആക്രമണമാണിത്. സി.ആർ.പി.എഫിന്റെ രണ്ട് ടീമുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *