ചെറുകിട വ്യവസായരംഗത്ത് വളര്‍ച്ചാനിരക്കില്‍കേരളം മുന്നില്‍: മുഖ്യമന്ത്രി

കൊച്ചി: ചെറുകിട, ഇടത്തരം വ്യവസായ രംഗത്തെ വളര്‍ച്ചാനിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 12 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനം നേടിയിരിക്കുന്നത്. നയങ്ങളിലും നിലപാടുകളിലും വ്യവസായ സൗഹൃദപരമായി സര്‍ക്കാരും വ്യവസായ വകുപ്പും കൈക്കൊണ്ട സമീപനമാണ് ഈ നേട്ടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി കൊച്ചിയിയില്‍ സംഘടിപ്പിച്ച ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 80 ശതമാനം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ്. ഈ മേഖലയ്ക്ക് പൂര്‍ണപിന്തുണ നല്‍കും. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ വിദ്യാര്‍ത്ഥി സംരംഭക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിന് മുന്നോടിയായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനം തുക യുവസംരംഭകരെ പിന്തുണയ്ക്കാനായി മാറ്റിവച്ച ആദ്യ സംസ്ഥാനമാണ് കേരളം. പട്ടികജാതി, വര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതിയ്ക്കും സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ തടസമാകില്ല. ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണി കേന്ദ്രീകൃതമാകണം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തണം. ഉല്‍പ്പാദനപ്രക്രിയയിലെ ചെലവ് കുറയ്ക്കണം. കൂടുതല്‍ തൊഴിലവസരങ്ങളും ദേശീയ, രാജ്യാന്തര തലത്തില്‍ വിപണനശൃംഖലയും ലക്ഷ്യമിട്ടാണ് ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്. തെറ്റുകള്‍ ഒഴിവാക്കിയും അറിവും പരിചയസമ്പത്തും പങ്കിട്ടും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ബഹുദൂരം മുന്നേറാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള അവസരമാണ് ബിസിനസ് ടു ബിസിനസ് മീറ്റെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ വ്യവസായങ്ങള്‍ ചെറുകിട, ഇടത്തരം മേഖലകളിലാണ് നടപ്പാക്കാനാകുക. ഈ മേഖലയും വിവരസാങ്കേതികരംഗവുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമെന്ന പദവിയിലേക്ക് കുതിക്കുകയാണ് കേരളം. വ്യവസായ ക്ലസ്റ്റര്‍ പദ്ധതി നടപ്പാക്കുന്നതിനും കേന്ദ്രം മാതൃകയാക്കുന്നത് കേരളത്തെയാണ്. ബിസിനസ് ടു ബിസിനസ് മീറ്റ് ഇനി മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എക്‌സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ. ബാബു, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ദേശീയ വൈസ് പ്രസിഡന്റ് പങ്കജ്.ആര്‍.പട്ടേല്‍, സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ്, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബയര്‍ – സെല്ലര്‍ ഡയറക്ടറി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ കേരളത്തിലെ വ്യവസായങ്ങളെ കുറിച്ച് രചിച്ച ഗ്രന്ഥം എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിക്കി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, സിഡ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നു ദിവസത്തെ ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 352 ബയര്‍മാരും 17 വിദേശരാജ്യങ്ങളില്‍ നിന്നും 116 ബയര്‍മാരും അടക്കം 468 ഇടപാടുകാരാണ് മീറ്റില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏഴ് വിഭാഗങ്ങളിലായി നടക്കുന്ന ബിസിനസ് സംഗമത്തില്‍ ഭക്ഷ്യസംസ്‌കരണം, കൈത്തറി, റബര്‍, മര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ്, കരകൗശലം, ബാംബു തുടങ്ങിയവ ഉള്‍പ്പെടുന്നു. 150 സ്റ്റാളുകളിലായാണ് ഇവയുടെ പ്രദര്‍ശനം.

Add a Comment

Your email address will not be published. Required fields are marked *