ചെന്നൈയ്ക്ക് ഒരു റണ്‍ ജയം

ചെന്നൈ: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സ്വന്തം തട്ടകത്തില്‍ വിജയത്തുടക്കം. ഐ.പി.എല്‍ എട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ ഒരു റണ്ണിനാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അവര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 150 റണ്‍സാണ്. 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് ഡല്‍ഹിക്ക് നേടാനായത്.
മോര്‍ക്കല്‍ ഒഴികെ ഡല്‍ഹി നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. എട്ട് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മോര്‍ക്കലിന്‍റെ ഇന്നിങ്‌സ്. 20 റണ്‍സെടുത്ത കേദാര്‍ ജാദവിനും 15 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനും മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. സി.എം. ഗൗതമിന് നാലും വലിയ പ്രതീക്ഷയായിരുന്ന ശ്രേയസ് അയ്യര്‍ക്ക് ഏഴും കോടീശ്വരന്‍ യുവരാജ് സിങ്ങിന് ഒന്‍പതും ക്യാപ്റ്റന്‍ ജെ.പി. ഡൂമിനിക്ക് അഞ്ചും റണ്‍സ് മാത്രമാണ് നേടാനായത്.
ചെന്നൈയ്ക്കുവേണ്ടി ആശിഷ് നെഹ്‌റ മൂന്നും ഡ്വെയ്ന്‍ ബ്രാവോ രണ്ടും മോഹിത് ശര്‍മയും ഈശ്വര്‍ പാണ്‌ഡെ, ആര്‍. അശ്വിനും ഓരോ വിക്കറ്റ് വീതവും നേടി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഡ്വെയ്ന്‍ സ്മിത്തിന്റെയും (34) ഡു പ്ലെസ്സിസിന്റെയും (32) ക്യാപ്റ്റന്‍ ധോനിയുടെയും (30) ഇന്നിങ്‌സിന്റെ ബലത്തിലാണ് 150 റണ്‍സെടുത്തത്. ബ്രന്‍ഡന്‍ മക്കല്ലത്തിനും സുരേഷ് റെയ്‌നയ്ക്കും നാലു റണ്‍ വീതമാണ് നേടാനായത്.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *