ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം
കൊച്ചി: പ്രതിസന്ധി നേരിടുന്ന എല്‍.എന്‍.ജി ടെര്‍മിനലിനും ഫാക്ടിനും പ്രതീക്ഷ പകര്‍ന്ന് ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം. പുതുവൈപ്പിലെ ടെര്‍മിനലിലും ഉദ്യോഗമണ്ഡലിലെ ഫാക്ട് ആസ്ഥാനത്തും ഏറെ സമയം ചെലവിട്ട ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഈ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടല്‍ വാഗ്ദാനം ചെയ്താണ് ചീഫ് സെക്രട്ടറി മടങ്ങിയത്.
എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പ്രകൃതി വാതക പൈപ്പ്ലൈന് പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ജിജി തോംസണ്‍ വ്യക്തമാക്കി. ജ്വലനശേഷി കുറഞ്ഞ ഈ ഇന്ധനം ഏറ്റവും സുരക്ഷിതമായ രീതിയിലാണ് പൈപ്പുകളിലൂടെ കൊണ്ടുപോകുന്നത്. പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കലിന്റെയും ആവശ്യമില്ല. എന്നാല്‍ ഇതു സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തി പദ്ധതി വൈകിപ്പിക്കാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.4600 കോടി രൂപ മുതല്‍മുടക്കില്‍ അമ്പത് ലക്ഷം മെട്രിക്ക് ടണ്‍ പ്രതിവര്‍ഷ ശേഷിയോടെ സ്ഥാപിച്ച ടെര്‍മിനലിന്റെ കേവലം ആറു ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. കായംകുളം എന്‍.ടി.പി.സി താപനിലയം, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പൈപ്പ്ലൈന് പൂര്‍ത്തിയായാല്‍ ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളും ഊര്‍ജനിലയങ്ങളും കേരളത്തില്‍ സ്ഥാപിക്കപ്പെടും. സംസ്ഥാനത്തിന്റെ വികസനത്തില്‍ വന്‍ കുതിപ്പു നല്‍കേണ്ട നിര്‍ണായകമായ പദ്ധതിയാണിതെന്ന് ജിജി തോംസണ്‍ ചൂണ്ടിക്കാട്ടി.കെ.എസ്.ഇ.ബിയും കെ.എസ്.ആര്.ടി.സിയും ഇന്ധനാവശ്യത്തിന് പ്രകൃതി വാതകം ഉപയോഗപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വാതകം ഉപയോഗിച്ച് ബസുകള്‍ ഓടിക്കാനായാല്‍ കെ.എസ്.ആര്.ടി.സിക്ക് ഇന്ധനച്ചെലവില്‍ വന്‍ ലാഭം കൈവരിക്കാന്‍ കഴിയും. പ്രകൃതിവാതകത്തിന്റെ ലഭ്യതയും കുറഞ്ഞ നിരക്കും കെ.എസ്.ഇ.ബി പ്രയോജനപ്പെടുത്തണം. വീടുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും പ്രകൃതിവാതകമെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിയും എത്രയും വേഗം നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.പുതുവൈപ്പ് ടെര്‍മിനലില്‍ നിന്നും ഏലൂര്‍ ഫാക്ട് വരെ പൈപ്പ്ലൈന് സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാക്കിയതായി പെട്രോനെറ്റ് അധികൃതര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ കൂറ്റനാട് മുതല്‍ മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കുമുള്ള പൈപ്പ്ലൈന്റെ നിര്‍മാണമാണ് പ്രധാനമായും മുടങ്ങിക്കിടക്കുന്നത്. കായംകുളത്തേക്ക് കടലിനടിയിലൂടെ പൈപ്പ്ലൈന് സ്ഥാപിക്കുന്ന പദ്ധതിയും മുന്നോട്ടു പോകുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തും ബോധവല്‍ക്കരണം നടത്തിയും ഇതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി.പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് വൈസ് പ്രസിഡന്റ് ടി.എന്‍. നീലകണ്ഠന്, ചീഫ് മാനേജര്‍ പി.ശേഷഗിരി റാവു, സീനിയര്‍ മാനേജര്‍ ടി. ഭുവനചന്ദ്രന് നായര്‍, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. രമേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.പെട്രോനെറ്റില്‍ നിന്നും ഉദ്യോഗമണ്ഡലില്‍ ഫാക്ട് കോര്‍പ്പറേറ്റ് ഓഫീസിലെത്തിയ ചീഫ് സെക്രട്ടറിയെ ചെയര്മാന് ജയ്വീര് ശ്രീവാസ്തവ സ്വീകരിച്ചു. തുടര്‍ന്ന് ഡയറടക്ടര്മാരും ഉന്നതോദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. 1998 വരെ ലാഭത്തിലായിരുന്ന കമ്പനി സബ്സിഡി നയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്നാണ് നഷ്ടത്തിലേക്ക് നീങ്ങിയതെന്ന് ഫാക്ട് അധികൃതര്‍ പറഞ്ഞു. മൂലധനം ലഭ്യമാകാത്തതും കടങ്ങളുടെ പലിശയും മൂലം കടുത്ത പ്രതിസന്ധിയിലാണ് കമ്പനി. പുനരുദ്ധാരണ പാക്കേജ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ തീരുമാനം വൈകുകയാണ്.പ്രകൃതിവാതകത്തിന് മൂല്യവര്‍ധന നികുതി ഒഴിവാക്കിയും അമോണിയ നീക്കത്തിലെ തടസങ്ങള്‍ പരിഹരിച്ചും ഫാക്ടിനെ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചു. അതേസമയം ഫാക്ടിന്റെ കൈവശമുള്ള ഭൂമി സ്വതന്ത്രാവകാശം നല്‍കണമെന്ന അഭ്യര്‍ത്ഥനയില്‍ തീരുമാനം വൈകുകയാണ്. അമ്പലമേട് പെറ്റ്കോക്ക് ഊര്ജോല്പാദന പദ്ധതിക്കായി ഏറ്റെടുക്കുന്ന 150 ഏക്കറിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ചെയര്മാന് ജയ്വീര് ശ്രീവാസ്തവ, ഫിനാന്‍സ് ഡയറക്ടര്‍ പി. മുത്തുസ്വാമി, ടെക്നിക്കല്‍ ഡയറക്ടര്‍ വി.കെ. അനില്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ വി. സുബ്രഹ്മണ്യന് എന്നിവരും വിവിധ ഡിവിഷനുകള്‍ക്ക് നേതൃത്വം നല്കുന്ന മാനേജര്‍മാരും യോഗത്തില്‍ പങ്കെടുത്തു.