ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ കെ ഭരത്ഭൂഷണ്‍ വിരമിച്ച ഒഴിവിലാണു ജിജി തോംസണ്‍ ചുമതലയേറ്റത്. ഇന്നലെ രാവിലെ 11.30 യോടെയാണ് ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ഔദ്യോഗിക രേഖകള്‍ കൈമാറി. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജിജി തോംസണ്‍. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ തലപ്പത്തെത്തിയ ആദ്യ മലയാളിയാണ്. പാലക്കാട് കളക്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വിവാദങ്ങള്‍ തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമല്ലെന്നു ജിജി തോംസണ്‍ പറഞ്ഞു. പാം ഓയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജിജി തോംസനെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്.1980 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറായ ജിജി തോംസണ് 2016 ഫെബ്രുവരി വരെ കാലാവധിയുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനമൊഴിഞ്ഞശേഷം കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ഈ മാസം ആദ്യമാണു സംസ്ഥാന സര്‍വീസില്‍ മടങ്ങിയെത്തിയത്. തിരുവനന്തപുരം ശാസ്തമംഗലത്ത് സൈനിക ഉദ്യോഗസ്ഥനായിരുന്ന ഈശോ തോമസിന്റെയും കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന പരേതയായ അന്നാമ്മ തോമസിന്റെയും മകനാണ്. ഭാര്യ ഷീലു. മക്കള്‍: മിറിയ, അന്ന.

Add a Comment

Your email address will not be published. Required fields are marked *