ചിലിയില്‍ വെള്ളപ്പൊക്കം: രണ്ടുപേര്‍ മരിച്ചു, ഇരുപത്തിനാലു പേരെ കാണാതായി

കൊപിയാപോ: വടക്കൻ ചിലിയിലെ വരണ്ട മേഖലകളിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരുപത്തിനാലു പേരെ കാണാതായതായി അധികൃതർ സ്ഥിരീകരിച്ചു. മുപ്പത്തിനാലുകാരനും നാൽപ്പത്തിയഞ്ചുകാരിയുമാണ് മരിച്ചതെന്ന് ആഭ്യന്തര സഹമന്ത്രി മഹ്‌മൂദ് അലേയ് അറിയിച്ചു. പ്രകൃതി ദുരന്തത്തെ നേരിടാൻ അറ്റക്കാമ പ്രദേശത്ത് ഗവൺമെന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സൈന്യത്തിന് ചുമതല നൽകി.

 

ചിലി കേന്ദ്രമായി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കോപ്പർ നിർമ്മാതാക്കളായ ‘കൊഡെൽകോ’ അറ്റക്കാമ,അന്റോഫാഗസ്റ്റ പരിസരങ്ങളിലെ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു. സുരക്ഷാപ്രവൃത്തികൾ ആരംഭിച്ച സൈന്യം നഗരങ്ങൾ വെള്ളത്തിനടിയിലായതോടെ പ്രദേശം വിട്ടു സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാൻ ജനങ്ങളോട് അഹ്വാനം ചെയ്തു. ചൊവ്വാഴ്ച തുടങ്ങിയ അസ്വാഭാവികമായ മഴയും കൊടുങ്കാറ്റും കാരണം പ്രദേശത്തെ ഊർജവിതരണം പൂർണമായും നിലച്ചു. വാർത്താവിനിമയസംവിധാനങ്ങൾ തടസപ്പെട്ടു. ഏഴുനൂറോളം പേർക്ക് വീടു നഷ്ടമായി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പ്രസിഡന്റ് മൈക്കൽ ബച്ചെലറ്റ് മേഖല സന്ദർശിച്ചു. നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടതായും40,000ഓളം ജനങ്ങൾ കുടിവെള്ളവും വൈദ്യുതിയുമില്ലാതെ ഗുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചതായും അധികൃതർ അറിയിച്ചു. വിവിധ നഗരസഭകളിൽ മുന്നറിയിപ്പ് നൽകി. കഠിന വരൾച്ചയ്ക്കും കാട്ടുതീ ആക്രമണങ്ങൾക്കും തുടർച്ചയായാണ് ചിലിയിലെ ഇപ്പോഴത്തെ വെള്ളപ്പൊക്കം.

Add a Comment

Your email address will not be published. Required fields are marked *