ചിലര്‍ എന്നെ കരുതികൂട്ടി ദ്രോഹിക്കുന്നു: ഓ രാജഗോപാല്‍

മനോജ്‌ എട്ടുവീട്ടില്‍ 

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): തിരുവനന്തപുരത്ത് ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് വന്നാൽ താൻ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബി ജെ പിയുടെ മുതിന്ന നേതാവ് ഓ.രാജഗോപാൽ ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാൻ സുരേഷ്ഗോപിയാണ് യോഗ്യൻ എന്നും താൻ പറഞ്ഞിട്ടില്ലെന്നും രാജഗോപാൽ പറഞ്ഞു . മാധ്യമങ്ങൾ താന്‍ പറയാത്തത് പറഞ്ഞുവെന്നു പ്രചരിപ്പിക്കുന്നുവെന്നും, ദ്രോഹിക്കുന്നുവെന്നും രാജഗോപാൽ വേദനയോടെ പറഞ്ഞു. ഇതോടെ തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓ.രാജഗോപാല്‍ നടത്തി എന്ന് ആരോപിക്കുന്ന പ്രസ്താവനയുടെ പേരിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ വേറൊരു രാഷ്ട്രീയ മാനം പ്രാപിക്കുന്നു. ഓ.രാജഗോപാലിനെതിരെ സംഘടിത ലോബിയുണ്ടെന്നും, അവർ രാജഗോപാലിനെതിരെ വാർത്തകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. അറിയാതെ ഇരയാക്കപ്പെട്ടതിന്റെ അസ്വസ്ഥതതകളാണ് ഓ.രാജഗോപാൽ പങ്കുവെച്ചത്.. ഇലക്ഷൻ അടുത്ത് ഉണ്ട് എന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ആരാണ് തിരുവനന്തപുരത്ത് മത്സരിക്കുക എന്ന് ഞാനല്ല തീരുമാനിക്കുക എന്നാണു പറഞ്ഞത്. അത് പാർടിയാണ്. സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർടിക്ക് സ്വന്തം സംവിധാനം ഉണ്ട് എന്നാണു ഞാൻ പറഞ്ഞത്. പാർടിയുടെ ഇലക്ഷൻ കമ്മറ്റിയാണ് സ്ഥാനാർഥിയെ തീരുമാനിക്കുക. ഞാൻ പറഞ്ഞത് സുരേഷ് ഗോപി സ്ഥാനാർഥിയാകാൻ യോഗ്യനാണ്. അതിനൊക്കെയുള്ള കഴിവൊക്കെയുള്ള ആളാണ്‌. അല്ലാതെ തിരുവനന്തപുരത്ത് സുരേഷ്ഗോപി സ്ഥാനാർഥിയാകും. ഞാൻ മത്സരിക്കുന്നില്ല എന്നൊന്നും പറഞ്ഞിട്ടില്ല. അവർ സന്ദർഭത്തിൽ നിന്ന് അടർത്തിഎടുത്തു വ്യാഖ്യാനിച്ചതാണ്. അവർ ചെയ്തത് ശരിയായില്ല.അങ്ങിനെയൊന്നും ചെയ്യാൻ പാടുള്ളതുമല്ല. എല്ലാ മാധ്യമനിയമങ്ങളും തെറ്റിച്ചാണ് ഇത്തരമൊരു പ്രസ്താവം വെളിയിൽ വിട്ടത്. .ഓ.രാജഗോപാൽ പറയുന്നു. രണ്ടാഴ്ച മുൻപ് ഹിന്ദുസ്ഥാൻ സമാചാറുമായി നേരിട്ട് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തിൽ നിന്ന് ഒരു വിരമിക്കലില്ല എന്നാണു ഓ.രാജഗോപാൽ പറഞ്ഞത്. അവസാന നിമിഷം വരെ രാഷ്ട്രീയ ജീവിതം വെടിയില്ലെന്നും രാജഗോപാൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാൻ പാർടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും ഓ.രാജഗോപാൽ പറഞ്ഞിരുന്നു. കേരളം ഒരു ബിജെപി നേതാവിനും കൊടുക്കാത്ത സ്നേഹാദരങ്ങളാണ് തിരുവനന്തപുരത്ത് സ്ഥാനാർഥിയായപ്പോൾ വോട്ടിന്റെ രൂപത്തിൽ നല്കിയത്. അത് സർവ്വസമ്മതനും, ത്യാഗിവര്യനുമായ ബിജെപി നേതാവ് ആയതുകൊണ്ട് മാത്രമല്ല റെയിൽവേ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം കേരളത്തിന്‌ സമ്മാനിച്ച തുടരൻ റെയിൽവേ വികസനങ്ങളുടെ പട്ടിക കൊണ്ടായിരുന്നു അത്. പാളം കുരുക്കിട്ട പാതകളെ മേല്പ്പാലങ്ങൾ വഴി മോചിപ്പിച്ചതിന് കേരളം രാജഗോപാലിനോട് കടപ്പെട്ടിരിക്കുന്നു. റെയിൽപ്പാളങ്ങളുടെ ഇരട്ടിപ്പിക്കൽ, വൈദ്യുതവത്ക്കരണം, പുതിയ ഒട്ടനവധി ട്രെയിനുകൾ, റെയിൽവെ ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തി അനായാസേന വികസനം. രാജഗോപാൽ ഏർപ്പെടുത്തിയ അമൃതാ എക്സ്പ്രസ് ഇന്നും തിരുവനന്തപുരതുനിന്നു പാലക്കാട്‌ രാത്രിയാത്ര നടത്തുന്നവരുടെ ഏകാശ്രയമാണ്. കേന്ദ്രത്തിൽ കേരളത്തിന്‌ ഒരു മന്ത്രിയുണ്ടെന്നു ഇതുവരെ തോന്നിപ്പിച്ചത് ഓ.രാജഗോപാൽ മന്ത്രിയായിരുന്ന വേളയിൽ മാത്രമാണ്. മലയാള മനോരമ പോലുള്ള പത്രങ്ങൾ തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ് രാജഗോപാലിന്റെ വികസന നേട്ടങ്ങൾ .ആഗോള പൌരന്റെ ഗരിമയിൽ രണ്ടാം തവണയും തിരുവനന്തപുരത്ത് രാജഗോപാലിനോട് മത്സരിക്കാനായി എത്തിയ ശശി തരൂരിന്റെത് വെറും ഫോട്ടോഫിനിഷ് ജയമായിരുന്നു. ഭൂരിപക്ഷം വെറും 14000 വോട്ടുകൾ. കേരളത്തിൽ ഒരു ബിജെപി നേതാവിനും അടുത്തുപോലും എത്താനാവാത്ത തിരഞ്ഞെടുപ്പ് നേട്ടമാണ് അദ്ദേഹം തിരുവനന്തപുരത്ത് കരസ്ഥമാക്കിയത്. അതേ രാജഗോപാലിന്റെ പേരാണ് സ്വാർത്ഥ താല്പര്യങ്ങൾക്കായി കേരളത്തിലെ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയത്. അതും അദ്ദേഹം പറയാത്ത കാര്യത്തിന്റെ പേരിൽ. എന്തായാലും തിരുവനന്തപുരത്ത് ഒരു ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ആസന്നമായാൽ ബിജെപി ആദ്യം പരിഗണിക്കുന്ന പേര് രാജഗോപാലിന്റെതാണെന്ന് കേന്ദ്ര നേത്രുത്വത്തിൽ നിന്നും ഹിന്ദുസ്ഥാൻ സമാച്ചാറിനു സൂചനകൾ ലഭിച്ചു..

Add a Comment

Your email address will not be published. Required fields are marked *