ചന്ദനക്കുറിയിട്ട് സ്കൂളിൽ ചെന്ന പെണ്കുട്ടിക്ക് ശിക്ഷ

സെക്കന്ദരാബാദ്: പിറന്നാൾ ദിവസം ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചന്ദനക്കുറിയിട്ട് ചെന്ന ബാലികയ്ക്ക് സ്കൂൾ അധികൃതർ ശിക്ഷ നൽകി. തെലുങ്കാന സ്വദേശിനിയായ പതിനൊന്നുകാരിക്കാണ് തന്റെ ജന്മദിനത്തിൽ ശിക്ഷകിട്ടിയത് .

സെക്കന്ദരാബാദിലെ താർനക്കയിലുള്ള സെന്റ് ആൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി തന്റെ പിറന്നാൾ ദിനം മാതാപിതാക്കളോടൊപ്പം ക്ഷേത്രദർശനം നടത്തിയ ശേഷമാണ് സ്കൂലിലെത്തിയത്. എന്നാൽ കുറിയിട്ട് ചെന്നതിൽ കുപിതരായ അധികൃതർ കുട്ടിയെ വഴക്ക് പറയുകയും,​ ചെയ്ത തെറ്റിനുള്ള ശിക്ഷയായി സ്കൂൾ പ്രിൻസിപ്പൽ സാലി ജോസഫിന്റെ മുറിയുടെ മുന്നിൽ രണ്ട് മണിക്കൂറോളം നിർത്തുകയുമായിരുന്നു.

വിവരം അന്വേഷിക്കാനായി കുട്ടിയുടെ അമ്മ സ്കൂളിലെത്തിയപ്പോൾ കുട്ടി സ്കൂളിൽ ചന്ദനം തൊട്ടു വന്നെന്നും അതിനാലാണ് ശിക്ഷ നൽകിയതെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞത്. പിറന്നാൾ ദിനം ക്ഷേത്രത്തിൽ പോയപ്പോൾ ലഭിച്ച പ്രസാദമാണ് കുട്ടി അണിഞ്ഞിരുന്നതെന്ന മാതാവിന്റെ വാക്കുകൾ അവർ കേൾക്കാൻ തയ്യാറായില്ല. എല്ലാ പിറന്നാളിനും അവൾ ഈ ശിക്ഷയെപ്പറ്റി ഓർക്കണമെന്നാണ് പ്രിൻസിപ്പൽ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.

തന്റെ മകളും ഭാര്യയും പറഞ്ഞ വിവരങ്ങളൊന്നും കേൾക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ലെന്നും അവർ കുട്ടിക്ക് ടി.സി നൽകാൻ ശ്രമിച്ചെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് മനുഷ്യാവകാശ സംഘടനയിൽ പരാതി നൽകി. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് ഏപ്രിൽ ഒന്പതിന് മുന്പ് റിപ്പോർട്ട് നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *