ഗ്രീന്‍പീസിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ദില്ലി : അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഗ്രീന്‍പീസിന്‍റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. സംഘടനയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. രാജ്യത്ത് വികസനവിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഗ്രീന്‍പീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. രാജ്യത്തിന്‍റെ സാമ്പത്തികസുരക്ഷയ്ക്ക് ഗ്രീന്‍പീസ് ഭീഷണിയാണെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുനല്‍കിയിരുന്നു.വ്യാഴാഴ്ച മുതല്‍ 180 ദിവസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വിദേശനാണ്യ വിനിമയ നിയമപ്രകാരം (എഫ്.സി.ആര്‍.എ.) ആണ് നടപടി. രജിസ്‌ട്രേഷന്‍ എന്നന്നേക്കുമായി റദ്ദാക്കാതിരിക്കാന്‍ കാര്യമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ആസ്ഥാനത്തേക്ക് നോട്ടീസും അയച്ചു. 30 ദിവസത്തിനുള്ളില്‍ മറുപടി അയയ്ക്കണമെന്നാണ് നിര്‍ദേശം. ഐ.ഡി.ബി.ഐ., ഐ.സി.ഐ.സി.ഐ. തുടങ്ങി ഏഴ് ബാങ്കുകളിലെ അക്കൗണ്ടാണ് അടിയന്തരപ്രാബല്യത്തോടെ മരവിപ്പിച്ചത്. രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവെന്നാരോപിച്ച് സംഘടനയ്ക്ക് വിദേശത്തുനിന്ന് സാമ്പത്തികസഹായം ലഭിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തടഞ്ഞിരുന്നു. രജിസ്‌ട്രേഷന്‍ അനുവദിച്ചപ്പോള്‍ മുന്നോട്ടുവെച്ച നിബന്ധനകളില്‍നിന്ന് സംഘടന വ്യതിചലിച്ചെന്നും ആഭ്യന്തരമന്ത്രാലയം നല്‍കിയ നോട്ടീസില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടും തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഗ്രീന്‍പീസ് പ്രതിനിധികള്‍ പങ്കെടുത്തു. യു.എസ്. ആസ്ഥാനമായ ക്ലൈമറ്റ് വര്‍ക്‌സ് ഫൗണ്ടേഷന്‍ (സി.ഡബ്ല്യു.സി.) എന്ന പരിസ്ഥിതിസംഘടനയില്‍നിന്ന് 1.4 കോടി രൂപ ഗ്രീന്‍പീസ് സംഭാവനയായി സ്വീകരിച്ചെന്നും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിരീക്ഷിക്കേണ്ട സംഘടനകളുടെ പട്ടികയില്‍ സി.ഡബ്ല്യു.സി.യെ പെടുത്തിയിരുന്നു.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *