ഗെയിലിനു ഇരട്ട സെഞ്ചുറി ;

കാന്‍ബറ: ക്രിസ് ഗെയ്‌ലിന്റെ ഇരട്ട സെഞ്ചുറി അടക്കം കാന്‍ബറയില്‍ സിംബാബ്‌വെയ്‌ക്കെതിരായ ലോകകപ്പ്‌ മത്സരത്തില്‍ പിറന്നത്‌ നിരവധി റിക്കോര്‍ഡുകള്‍. 215 റണ്‍സ്‌ നേടിയ ഗെയ്‌ല്‍ ഇന്നിംഗ്‌സില്‍ അവസാന പന്തില്‍ പുറത്തായി. 133 റണ്‍സോടെ പുറത്താകാതെ നിന്ന മര്‍ലോണ്‍ സാമുവല്‍സ്‌ ഗെയ്‌ലിന്‌ ഉറച്ച പിന്തുണ നല്‌കി. ഇരുവരുടെയും ബാറ്റിംഗ്‌ പ്രകടനത്തിന്റെ മികവില്‍ വിന്‍ഡീസ്‌ 50ഓവറില്‍ രണ്‌ടു വിക്കറ്റിന്‌ 372 റണ്‍സ്‌ അടിച്ചുകൂട്ടി.

147 പന്തില്‍ 16 സിക്‌സും 10 ഫോറും ഉള്‍പ്പട്ടതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്‌. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സറുകള്‍ നേടിയ റിക്കാര്‍ഡിനൊപ്പമെത്താന്‍ ഗെയ്‌ലിന്‌ കഴിഞ്ഞു. രോഹിത്‌ ശര്‍മ, എ.ബി.ഡിവില്ലിയേഴ്‌സ്‌ എന്നിവരുടെ റിക്കാര്‍ഡിന്‌ ഒപ്പമാണ്‌ ഗെയ്‌ല്‍ എത്തിയത്‌.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്‌, രോഹിത്‌ ശര്‍മ എന്നിവര്‍ക്ക്‌ ശേഷം ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയ താരമാണ്‌ ഗെയ്‌ല്‍. ഇതില്‍ രോഹിത്‌ രണ്‌ടു തവണ നേട്ടം സ്വന്തമാക്കി. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും ഗെയ്‌ല്‍ അര്‍ഹനായി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഗാരി കിര്‍സ്റ്റണ്‍ 1996ലോകകപ്പില്‍ യുഎഇയ്‌ക്കെതിരേ റാവല്‍പിണ്‌ടിയില്‍ നേടിയ 188റണ്‍സായിരുന്നു ഇതുവരെയുള്ള റിക്കോര്‍ഡ്‌. ഇതിനിടെ ഗെയ്‌ല്‍ ഏകദിന ക്രിക്കറ്റില്‍ 9,000 റണ്‍സും തികച്ചു. ഇതിഹാസ താരം ബ്രയാന്‍ ലാറയ്‌ക്ക്‌ ശേഷം നേട്ടം കൊയ്യുന്ന ആദ്യ വിന്‍ഡീസ്‌ താരമാണ്‌ ഗെയ്‌ല്‍. ഗെയ്‌ലിന്റെ 22-ാം സെഞ്ചുറിയാണ്‌ കാന്‍ബറയില്‍ പിറന്നത്‌.
ഗെയ്‌ല്‍-സാമുവല്‍സ്‌ സഖ്യം ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടും ഉണ്‌ടാക്കി റിക്കാര്‍ഡ്‌ ബുക്കില്‍ സ്ഥാനം നേടി. രാഹുല്‍ ദ്രാവിഡ്‌-സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സഖ്യം ന്യൂസിലന്‍ഡിനെതിരേ നേടിയ 331 റണ്‍സിന്റെ റിക്കാര്‍ഡാണ്‌ പഴങ്കഥയായത്‌. സാമുവല്‍സ്‌-ഗെയ്‌ല്‍ സഖ്യം 372 റണ്‍സ്‌ സ്‌കോര്‍ ചെയ്‌തു. ആദ്യ ഓവറിലെ രണ്‌ടാം പന്തില്‍ ഓപ്പണര്‍ ഡെയ്‌ന്‍ സ്‌മിത്തിനെ പൂജ്യത്തില്‍ നഷ്‌ടപ്പെട്ടതിന്‌ ശേഷമാണ്‌ ഇരുവരും ഒത്തുചേര്‍ന്നത്‌. സാമുവല്‍സ്‌13 ഫോറും മൂന്ന്‌ സിക്‌സും അടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്നു. സാമുവല്‍സിന്റെ എട്ടാം ഏകദിന സെഞ്ചുറി നേട്ടമാണിത്‌

Add a Comment

Your email address will not be published. Required fields are marked *