ഗെയിംസ്‌ വില്ലേജ്‌ ഉദ്‌ഘാടനം ഇന്ന്

തിരുവനന്തപുരം: കായികതാരങ്ങള്‍ക്കും ടീം ഒഫീഷ്യല്‍സിനും താമസിക്കുന്നതിനായി മേനം കുളത്ത്‌ നിര്‍മ്മിച്ച ഗെയിംസ്‌ വില്ലേജ്‌ താരങ്ങളെ വരവേല്‍ക്കാനൊരുങ്ങി. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന കായികതാരങ്ങളെ ഇന്നുമുതല്‍ വില്ലേജില്‍ പ്രവേശിപ്പിച്ചു തുടങ്ങും. ദേശീയ ഒളിംമ്പിക്‌ അസോസിയേഷന്റ പ്രതിനിധികളടക്കം പങ്കെടുക്കുന്ന ചടങ്ങിലാണ്‌ വില്ലേജിന്റെ ഉദ്‌ഘാടനം നടക്കുക. തലസ്‌ഥാനത്തെത്തിയ മിസോറാം,മണിപ്പൂര്‍, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലെ താരങ്ങള്‍ കഴക്കൂട്ടത്തെ അന്‍സാജ്‌ ഹോട്ടലിലാണ്‌ തങ്ങുന്നത്‌. ഇവരുടെ താമസം ഇന്ന്‌ രാവിലെയോടെ ഗെയിംസ്‌ വില്ലേജിലേക്ക്‌ മാറ്റും.

5110 പേര്‍ക്ക്‌ താമസിക്കാനാകുന്ന വില്ലേജാണ്‌ മേനംകുളത്ത്‌ സജ്‌ജീകരിച്ചിട്ടുള്ളത്‌ വില്ലേജിനുള്ളില്‍ 365 വീടുകളാണ്‌ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇതില്‍ 190 വീടുകള്‍ പുരുഷന്‍മാര്‍ക്കും 175വീടുകള്‍ സ്‌ത്രീകള്‍ക്കുമായാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. എഴുപത്തിയഞ്ചിലധികം കാറുകളും ഇരുപത്തിയഞ്ചോളം വലിയ ബസുകളടക്കം വില്ലേജിനുള്ളില്‍ പാര്‍ക്ക്‌ ചെയ്യാനാകും. വില്ലേജിനുള്ളില്‍ സന്ദര്‍ശകരുടെ കണ്ണിന്‌ കുളിര്‍മയായി വലിയ കുളവും ചുറ്റും ഔഷധസസ്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌.

ഒരു വീട്ടില്‍ പതിനാലുപേര്‍ക്ക്‌ താമസിക്കാനാകും. മൂന്ന്‌ മുറിയും ആറു ടോയിലറ്റുകളും ഒരു സിറ്റൗട്ടും എന്ന നിലയിലാണ്‌ ഓരോ വീടും. ഒരേസമയം 1600 പേര്‍ക്ക്‌ ആഹാരം കഴിക്കാവുന്ന ഭക്ഷണശാല, ഭക്ഷണം പാചകം ചെയ്യുന്നതിന്‌ പ്രത്യേകസംവിധാനം, 500പേര്‍ക്ക്‌ വ്യായാമത്തിന്‌ സൗകര്യമുള്ള മള്‍ട്ടി ജിംനേഷ്യം, താല്‍ക്കാലിക ആശുപത്രി സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്രീകരിക്കുന്ന കണ്‍ട്രോള്‍ റും, നിരീക്ഷണകാമറ സംവിധാനം എന്നിങ്ങനെ ദേശീയ ഗെയിംസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്ലേജാണ്‌ തലസ്‌ഥാനത്ത്‌ തയാറാക്കിയിട്ടുള്ളത്‌. വില്ലേജിലെത്താന്‍ രണ്ടുലക്ഷം സ്‌ക്വയര്‍ ഫീറ്റ്‌ അത്യന്താധുനിക റോഡും നിര്‍മ്മിച്ചിട്ടുണ്ട്‌. വില്ലേജില്‍ ദിനവും വൈകുന്നേരം വ്യത്യസ്‌തമായ കലാപരിപാടികള്‍ നടക്കും. വില്ലേജിനകത്ത്‌ പ്ലാസ്‌റ്റിക്‌ നിരോധിരമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്‌

Add a Comment

Your email address will not be published. Required fields are marked *