ഗെയിംസ്‌വില്ലേജ്‌ പൊളിച്ചാല്‍ നഷ്‌ടം അറുപതുകോടി

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): ദേശീയ ഗെയിംസിനെത്തുന്ന അതിഥികള്‍ക്കു താമസിക്കാന്‍ നക്ഷത്ര സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഗെയിംസ്‌ വില്ലേജ്‌ ഉപയോഗത്തിനുശേഷം പൊളിച്ചുമാറ്റിയാല്‍ സര്‍ക്കാരിന്‌ നഷ്ടം 60 കോടി രൂപ.

ആധുനിക സൗകര്യത്തോടെ നിര്‍മ്മിച്ച വില്ലേജ്‌ ഗെയിംസിനുശേഷവും പാര്‍പ്പിട സമുച്ചയമായി നിലനിര്‍ത്തണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്ന്‌ ഉയര്‍ന്നു കഴിഞ്ഞു. വിദേശരാജ്യങ്ങളിലടക്കം നിര്‍മ്മിച്ചിട്ടുള്ള ഇത്തരം വില്ലേജുകള്‍ സര്‍ക്കാര്‍ പിന്നീട്‌ വലിയ വരുമാനമാര്‍ഗമായി നിലനിര്‍ത്തിയിട്ടുള്ള ചരിത്രമ്‌ുണ്ടെന്ന്‌ വിദഗ്‌ദരും അഭിപ്രായപ്പെടുന്നു.

ടെക്‌നോപാര്‍ക്കടക്കം വമ്പന്‍ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥര്‍ക്ക്‌ താമസത്തിനായി വില്ലകള്‍ നല്‍കുന്നത്‌ സര്‍ക്കാരിന്‌ വലിയ വരുമാനമാകുമെന്ന അഭിപ്രായവും ഉണ്ട്‌. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക്‌ ഈ വില്ലകള്‍ വാടകക്ക്‌ നല്‍കാനുമാകും. കൂടാതെ തലസ്‌ഥാന നഗരത്തെ കാത്തിരിക്കുന്ന അന്തര്‍ദേശീയ സമ്മേളനങ്ങള്‍ക്കെത്തുന്ന അതിഥികള്‍ക്ക്‌ താമസമെരുക്കാനും ഗെയിംസ്‌വില്ല ഉപയോഗിക്കാം.

നെയ്യാര്‍ഡാം മുതല്‍ വര്‍ക്കലവരെയുള്ള തലസ്‌ഥാനത്തിന്റെ വിനോദസഞ്ചാര വികസനത്തിനും വില്ലയുടെ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നും നിര്‍ദ്ദേശമുണ്ട്‌.ഇത്രയും ലാഭകരമാക്കാവുന്ന വില്ലേജ്‌ പൊളിച്ചു നീക്കണമെന്ന ആവശ്യം ഫ്‌ളാറ്റ്‌ മാഫിയയുടേതാണെന്നാണ്‌ ആക്ഷേപം.കഴക്കൂട്ടത്തെ ഐ.ടി ഉദ്യോഗ്‌ഥരെ ലക്ഷ്യം വെച്ചുള്ള ഫ്‌ളാറ്റ്‌ മാഫിയക്കാര്‍ക്ക്‌ ഗെയിംസ്‌വില്ല വെല്ലുവിളിയാകുമെന്ന ഭയമാണ്‌ വില്ലേജ്‌ പൊളിക്കണമെന്ന ആവശ്യത്തിന്‌ പിന്നലെന്നും ആരോപണം ഉണ്ട്‌.

ദേശീയ ഗെയിംസിനെത്തുന്ന കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസിക്കാനാണ്‌ കഴക്കൂട്ടത്തെ മേനംകുളത്ത്‌ വില്ലേജ്‌ ഒരുക്കിയിരിക്കുന്നത്‌. ആസ്‌പിരിന്‍ പ്ലാന്റിരുന്ന 32 ഏക്കര്‍ ഭൂമിലാണ്‌ വില്ലേജ്‌ പണികഴിപ്പിച്ചിരിക്കുന്നത്‌. 5110 പേര്‍ക്ക്‌ താമസിക്കാനാകുന്നതാണ്‌ വില്ലേജ്‌ . 365 വീടുകളാണ്‌ ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്‌. ഇതില്‍ 190 വീടുകള്‍ പുരുഷന്‍മാര്‍ക്കും 175വീടുകള്‍ സ്‌ത്രീകള്‍ക്കുമായാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. എഴുപത്തിയഞ്ചിലധികം കാറുകളും ഇരുപത്തിയഞ്ചോളം വലിയ ബസുകളടക്കം വില്ലേജിനുള്ളില്‍ പാര്‍ക്ക്‌ ചെയ്യാനാകും.

വില്ലേജിനുള്ളില്‍ വലിയ കുളവും ചുറ്റും ഔഷധസസ്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌. ഒരു വീട്ടില്‍ പതിനാലുപേര്‍ക്ക്‌ താമസിക്കാനാകും. മൂന്ന്‌ മുറിയും ആറു ടോയിലറ്റുകളും ഒരു സിറ്റൗട്ടും എന്ന നിലയിലാണ്‌ ഓരോ വീടും. ഒരേസമയം 1600 പേര്‍ക്ക്‌ ആഹാരം കഴിക്കാവുന്ന ഭക്ഷണശാല, ഭക്ഷണം പാചകം ചെയ്യുന്നതിന്‌ പ്രത്യേകസംവിധാനം, 500പേര്‍ക്ക്‌ വ്യായാമത്തിന്‌ സൗകര്യമുള്ള മള്‍ട്ടി ജിംനേഷ്യം, താല്‍ക്കാലിക ആശുപത്രി സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്രീകരിക്കുന്ന കണ്‍ട്രോള്‍ റും, നിരീക്ഷണകാമറ സംവിധാനം എന്നിങ്ങനെ ദേശീയ ഗെയിംസുകളുടെ ചിരത്രത്തിലെ ഏറ്റവും വലിയ വില്ലേജാണ്‌ തലസ്‌ഥാനത്ത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

കാടു പിടിച്ചുകിടന്ന സ്‌ഥലം ഒരുവര്‍ഷം കൊണ്ടാണ്‌ പണിപൂര്‍ത്തിയാക്കിയതെന്ന്‌ അധികൃതര്‍ പറയുന്നു. വില്ലേജിലെത്താന്‍ രണ്ടുലക്ഷം സ്‌ക്വയര്‍ ഫീറ്റ്‌ അത്യന്താധുനിക റോഡും നിര്‍മ്മിച്ചിട്ടുണ്ട്‌. മണ്ണിട്ട്‌ നികത്തി ഉറപ്പുള്ള അടിത്തറയാണ്‌ വില്ലകളുടെ നിര്‍മ്മാണത്തിന്‌ ഒരുക്കിയിട്ടുള്ളത്‌. വില്ലേജുകള്‍ നിര്‍മ്മിക്കാനുപയോഗിച്ച ഫ്രീ ഫാബ്രിക്കേറ്റഡ്‌ പാനലുകള്‍ ഗെയിംസിനുശേഷം പൊളിച്ചുമാറ്റാനാണ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം. സാന്‍ഡ്‌വിച്ച്‌ പഫ്‌ പാനലുകള്‍ ഇളക്കിമാറ്റി അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. കോടികള്‍ ചെലവഴിച്ച്‌ വാങ്ങിക്കൂട്ടിയ എയര്‍കണ്ടീന്‍ സംവിധാനങ്ങളും ഉപയോഗത്തിനുശേഷം സര്‍ക്കാര്‍ പൊളിച്ചടുക്കും. ഇവ വീണ്ടും മറ്റു ഓഫീസുകള്‍ക്ക്‌ ഉപയോഗിക്കാനാകുമെന്നാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. വില്ലേജിനാവശ്യമായ താല്‍ക്കാലിക വൈദ്യുത കണക്ഷനാണ്‌ കെ.എസ്‌.ഇ.ബി നല്‍കിയിരിക്കുന്നത്‌. ഗെയിംസ്‌ കഴിയുന്നതോടെ കെ.എസ്‌.ഇ.ബി കണക്ഷന്‍ വിച്‌ഛേദിക്കും.

Add a Comment

Your email address will not be published. Required fields are marked *