ഗെയിംസിലെ താരങ്ങളായി കുടുംബശ്രീയും

തിരുവനന്തപുരം : ദേശീയ ഗെയിംസില്‍ വിവാദങ്ങളില്ലാത്ത താരങ്ങളായി കുടുംബശ്രീ പ്രവര്‍ത്തകര്‍. ഗെയിംസ് വില്ലേജ് ഒഴികെയുള്ള വേദികളില്‍ രുചിയുടെ മേളം തീര്‍ത്താണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗെയിംസിലെ മിന്നും താരങ്ങളായത്. കൂടാതെ കഴക്കൂട്ടം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തുന്ന താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും വളന്റിയര്‍മാര്‍ക്കുമുള്ള ഭക്ഷണം എത്തിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തകരാണ്.

പ്രഭാതഭക്ഷണവും ഉച്ചയ്ക്കും വൈകിട്ടുമുള്ള ഊണും കേരളത്തിന്റെ തനത് രുചിയോടെ നല്‍കിയും, ദിവസത്തില്‍ രണ്ട് തവണ ചായ വിതരണം ചെയ്തുമാണ് കുടുംബശ്രീ ഗെയിംസിന് എത്തിയവരുടെ മനം കവര്‍ന്നത്. ഒരാള്‍ക്ക് രണ്ടു നേരം ചായ അടക്കം അഞ്ച് നേരം ഭക്ഷണം നല്‍കുന്നതിന് 325 രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. നാല് സെന്‍ട്രലൈസ്ഡ് അടുക്കളകളാണ് കുടുംബശ്രീയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അമ്പലമുക്കിലുള്ള പ്രധാന അടുക്കളയില്‍ നിന്നാണ് നഗരത്തിലെ വേദികളിലേക്ക് ഭക്ഷണം എത്തിക്കുന്നത്. കാര്യവട്ടത്തെ സ്‌റ്റേഡിയത്തിലേക്കും കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനിലേക്കും ഭക്ഷണം എത്തിക്കുന്നത് പിരപ്പന്‍കോട് നിന്നും. ഭക്ഷണ വിതരണം കൂടാതെ മാലിന്യ സംസ്‌കരണത്തിലും യാതൊരു വിവാദത്തിനും ഇടനല്‍കാതെയാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം. വിതരണം ചെയ്യുന്ന ഭക്ഷണത്തിലെ മാലിന്യം തിരിച്ചെടുത്ത് കൊണ്ടു പോയി സംസ്‌കരിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ്.

Add a Comment

Your email address will not be published. Required fields are marked *